കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളി തീർക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്‍കറൻ്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും ആവശ്യപ്പെട്ടു.
രാഷ്ട്രപതി ഭവനിലെ കള്‍ച്ചറല്‍ സെന്ററില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുത്ത നിതി ആയോഗിന്റെ ഏഴാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതില്‍നിന്ന് കേന്ദ്രം വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ നിയമപരിഹാരം ഉണ്ടാകണം. പാര്‍ശ്വവത്കൃത വിഭാഗത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് ഇത് അനിവാര്യമാണ്.
ഭരണഘടനയുടെ 11- ഉം 12- ഉം പട്ടികകളില്‍ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്പിച്ചുകഴിഞ്ഞ കേരളം വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലാണ്. സംസ്ഥാനത്തിന്റെ കണ്‍സോളിഡേറ്റ് ഫണ്ട് വിതരണം ചെയ്യുമ്പോള്‍ ഇതും പരിഗണിക്കമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പിഎംഎവൈ നഗര-ഗ്രാമ പദ്ധതികള്‍ക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിര്‍മാണസാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്നതും പരിഗണിക്കേണ്ട വിഷയമാണ്.
കേരളത്തിന്റെ ഗതാഗതരംഗം ആധുനികവത്കരിക്കുന്നതിനായി ദേശീയപാത വികസനമടക്കമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. അപകടങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്റെ വ്യോമ-റെയില്‍ പദ്ധതികള്‍ക്ക് ഉടനടി അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കണം.
590 കിലോമീറ്ററോളം നീണ്ട തീരമുള്ള കേരളത്തില്‍ കനത്ത മഴ മണ്ണൊലിപ്പ് വര്‍ധിപ്പിക്കുന്നു. തീരസംരക്ഷണ നടപടികള്‍ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ വേണം. മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് നിര്‍മിക്കുന്നതിനും ടിഷ്യൂകള്‍ച്ചര്‍ തെങ്ങിന് തൈകളുടെ ഉല്പാദനത്തിനും വാണിജ്യവത്കരണത്തിനും അവശ്യമായ ഗവേഷണ, വികസന, സാമ്പത്തിക സഹായങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ഉണ്ടാവണം. പാം ഓയില്‍ ഉല്പാദനത്തില് മുന്‍നിരയിലുള്ള കേരളത്തില്‍ ഒരു സംസ്കരണ യൂണിറ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പാം ഓയില്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് പുതിയ സംസ്കരണശാലകള്‍ തുടങ്ങുന്നതിന് പിന്തുണ നല്‍കണമെന്നും നിലക്കടലയുടെ ഉല്പാദനത്തിനും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


