ബിഹാറിൽ ബിജെപിയുമായി തുറന്ന പോരിന് നിതീഷ്; ഭരണ സഖ്യം മാറുമോ

ബിഹാറില്‍ ജെഡിയു എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും. ചൊവ്വാഴ്ച  ചേരുന്ന പാര്‍ട്ടി എംപിമാരുടേയും എംഎല്‍എമാരുടേയും യോഗത്തില്‍ നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

എന്താണ് പ്രശ്നം

ഭരണകക്ഷികളായ ഭാരതീയ ജനതാ പാർട്ടി ജനതാദൾ യു ബന്ധം സംശയ തുലാസിലാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ സൂക്ഷ്മ തന്ത്രങ്ങൾ പാളുന്നുവോ എന്നാണ് രാഷ്ട്രീയ ചർച്ച. അദ്ദേഹത്തിൻ്റെ പാര്‍ട്ടിയായ ജനതാദള്‍ (യുണൈറ്റഡ്) നെ പിളര്‍ത്താനുള്ള ബിജെപി ശ്രമം ജയം കാണുമോ എന്ന സംശയം ബലപ്പെടുകയാണ്. കോൺഗ്രസുമായി അടുക്കാനുള്ള നിതീഷ് കുമാറിൻ്റെ നീക്കങ്ങളെ കുറിച്ചുള്ള വാർത്തകൾ ഈ ഘട്ടത്തിൽ സജീവമാണ്.

നിതീഷ് കുമാറും ലാലു പ്രസാദ് യാദവും തമ്മിലുള്ള ബന്ധം തകർത്ത് നിതീഷിനെ എൻ ഡി എ പക്ഷത്തേക്ക് കൊണ്ടു വന്നു എങ്കിലും ബി ജെ പി ആസൂത്രണം ചെയ്തത് പോലെ എളുപ്പമായിരുന്നില്ല ബന്ധം. ലാലു പ്രസാദിനെ കുരുക്കി ദളിത് രാഷ്ട്രീയത്തെ മുളയിലേ നുള്ളാൻ കഴിഞ്ഞിരുന്നു. പക്ഷെ സോഷ്യലിസ്റ്റ് കണ്ണിയിലെ നിതീഷിൻ്റെ രാഷ്ട്രീയ,അധികാര തന്ത്രങ്ങൾ ബി ജെ പിക്ക് ഇതുവരെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല.

ഇപ്പോൾ പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും അടിയന്തര യോഗം വിളിക്കാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചത് തളർച്ചയെ കുറിച്ചുള്ള ആശങ്കയാണെന്ന അഭ്യൂഹങ്ങള്‍ക്ക് പ്രചാരം ഏറിയിരിക്കയാണ്. നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും ഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴാഴ്ച നിതീഷ് ഡല്‍ഹിയിലെത്തി സോണിയയെ കാണുമെന്ന് ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് ബിഹാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിജെപിയുമായി ബന്ധം ഉപേക്ഷിച്ച് വരികയാണെങ്കില്‍ നിതീഷുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് ആര്‍ജെഡി നേതാക്കളും അറിയിച്ചിട്ടുണ്ട്. നരേന്ദ്ര മോഡി ആദ്യമായി പ്രധാനമന്ത്രി പദത്തിൽ എത്തിയപ്പോൾ വ്യക്തിപരമായി തന്നെ എതിർപ്പ് ഉന്നയിച്ച നേതാവാണ് നിതീഷ്. അതിന് തുടർച്ചയായി വന്ന തിരഞ്ഞെടുപ്പിൽ ലാലുവിനെ കൂട്ടു പിടിച്ച് ബി ജെ പിയെ ബിഹാർ ഭരണത്തിൽ നിന്നും പുറത്തു നിർത്തി. പക്ഷെ പിന്നീട് വീണ്ടും ബാന്ധവം തുടർന്നു.

നിതീഷിനെ സംബന്ധിച്ച് ബിഹാറിലെ ഭരണം നിലനിർത്തുക എന്നതായിരുന്നു പ്രധാനം. എങ്കിലും ബി ജെ പിക്ക് അത് ദളത് പിന്നോക്ക രാഷ്ട്രീയ ഐക്യത്തെ തകർത്ത് കൊണ്ട് നിതീഷിനെ കീഴടക്കുക എന്നതുമായിരുന്നു.

2017-ല്‍ അധികാരമേറ്റത് മുതല്‍ ബിജെപിയും ജെഡിയുവും തമ്മില്‍ പരസ്യമായും രഹസ്യമായും വടംവലികള്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ നിതീഷ് പങ്കെടുത്തിരുന്നില്ല. പരസ്യമായ അഭിപ്രായ വ്യത്യാസ പ്രകടനങ്ങൾ ഒന്നും നിതീഷ് നടത്തിയിരുന്നില്ല.

ബിഹാറിൽ പയറ്റുന്നത് മഹാരാഷ്ടയിലെ ബി പ്ലാൻ

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറയെ അട്ടിമറിച്ചതിന് സമാനമായ നീക്കമാണ് ബിജെപി ബിഹാറിലും നടത്താന്‍ ശ്രമിച്ചതെന്നാണ് ജെഡിയു നേതാക്കള്‍ ആരോപിക്കുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ അതിജീവിക്കില്ലെന്ന് അടുത്തിടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ നടത്തിയ പരാമര്‍ശവും ബിഹാർ രാഷ്ട്രീയത്തിൽ ചർച്ചയായിരുന്നു.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറയുടെ പതനത്തിലേക്ക് നയിച്ച രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപി കൃത്യമായി ആസൂത്രണം ചെയ്‌തെടുത്തതാണ്. അപ്രതീക്ഷിതമായിരുന്നു ബിജെപി നീക്കം. ഉദ്ധവ് താക്കറെ ഞെട്ടിച്ചുകൊണ്ട് ഷിന്ദേയെ കൂറുമാറ്റിച്ചാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്. ഉദ്ധവ് താക്കറെ ഇപ്പോൾ സ്വന്തം പാർട്ടിയിൽ പോലും നിസ്സഹായനായി മാറി. ഇതര നേതാക്കളെ വിവിധ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിയുടെ നിഴലിലാക്കി. അതേ അനുഭവം തനിക്കും ഉണ്ടാകുമെന്ന സൂചനകള്‍ നിതീഷിനും സ്വഭാവികമായും ലഭിക്കേണ്ടതാണ്.

നിതീഷിൻ്റെ മേൽക്കൈ തകർക്കുക ലക്ഷ്യം

ശിവസേനയും നിതീഷും പലപ്പോഴും പ്രതിപക്ഷ സഖ്യത്തിനായി ബിജെപിയെ ഒഴിവാക്കിയിട്ടുണ്ട്. 2017-ല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഉപേക്ഷിച്ച് നിതീഷ് ബിജെപിക്ക് ഒപ്പം കൂടിയപ്പോള്‍ ഉദ്ധവ് താക്കറെ നേരെ തിരിച്ചാണ് മഹാരാഷ്ട്രയില്‍ ചെയ്തത്. ബിജെപി ബന്ധം ഉപേക്ഷിച്ച് എന്‍സിപിക്കും കോണ്‍ഗ്രസിനും ഒപ്പം ചേരുകയായിരുന്നു ഉദ്ധവ്. ലാലു പ്രസാദ് ഇനി ഉയർന്നു വരില്ല എന്ന പ്രതീക്ഷയാണുള്ളത്.

2020-ല്‍ ബിജെപിയെക്കാളും കുറഞ്ഞ സീറ്റാണ് ജെഡിയുവിന് ലഭിച്ചതെങ്കിലും നിതീഷ് തന്നെയാണ് മുഖ്യമന്ത്രിയായത്. എന്നാല്‍ നിതീഷ് പ്രതീക്ഷിച്ചവരെ അല്ല ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അമിത് ഷായ്ക്ക് വ്യക്തമായ സ്വാധീനമുള്ള ചില നേതാക്കളാണ് ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ആയി എത്തിയത്. 2021-ല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നോതാവ് ആര്‍സിപി സിങിനെ നിതീഷ് കേന്ദ്ര മന്ത്രിയാക്കി. മന്ത്രി ആയതിന് പിന്നാലെ ആര്‍സിപി സിങ് അമിത് ഷായുമായും ബിജെപിയുമായി ഏറെ അടുപ്പം പുലര്‍ത്തുകയും നിതീഷുമായി അകലുകയും ചെയ്തു.

എന്നാൽ ഉപയോഗം കഴിഞ്ഞപ്പോൾ പുറത്തു നിർത്തി.

രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ ആര്‍സിപി സിങിന് നിതീഷും അവസരം നിഷേധിച്ചു. അദ്ദേഹത്തിന് കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമാകുകയും ചെയ്തു.

നിതീഷ് പ്രധാനമന്ത്രിയാകാനുള്ള നീക്കങ്ങള്‍ നടത്തുകയാണെന്നും ഏഴ് ജന്മങ്ങളില്‍ പോലും അദ്ദേഹത്തിന് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം ദിവസം ആര്‍സിപി സിങ് പ്രഖ്യാപിക്കുകയും ചെയ്തു. ആര്‍സിപി സിങിനെ ഉപയോഗിച്ച് ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപി ശ്രമം നടത്തിയതായുള്ള ആരോപണങ്ങള്‍ക്കിടയിലായിരുന്നു ഈ തുറന്ന് പറച്ചില്‍. നിതീഷ് നരേന്ദ്ര മോഡിയും തമ്മിലുള്ള മത്സരം കടുത്തതാണ്.

ലാലുവിൻ്റെ മകൻ തിളങ്ങുമോ….

ജൂണില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്നതിനിടെ ബിഹാറില്‍ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന സ്ഥാനം ആര്‍ജെഡി തിരിച്ചുപിടിച്ചത് വാർത്തയായിരുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ (എഐഎംഐഎം) ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ നാല് പേരേയും പാര്‍ട്ടിയിലെത്തിച്ചുകൊണ്ടാണ് തേജസ്വി യാദവ് ഈ നീക്കം നടത്തിയത്.

പിളർത്താനും തളർത്താനും തുടക്കം മുതൽ ശ്രമം

243 ബിഹാര്‍ നിയമസഭയിലേക്ക് 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡി ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെഡിയുവിനും ലഭിച്ചു. ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറി.

ഇതിനിടെ എന്‍ഡിഎ സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എംഎല്‍എമാരേയും ബിജെപിയില്‍ ചേര്‍ത്തി. ഇതോടെ 77 സീറ്റുകളോടെ ബിജെപി ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.

കൈവിട്ടുപോയെ ഈ സ്ഥാനമാണ് ഒവൈസിയുടെ പാര്‍ട്ടിയുടെ നാല് എംഎല്‍എമാരെ അടര്‍ത്തികൊണ്ട് ആര്‍ജെഡി മഹാരാഷ്ട്ര പ്രതിസന്ധിക്ക് ഇടയിൽ രാഷ്ട്രീയ ജനതാ ദൾ തിരികെ പിടിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പിടിച്ചെടുത്തത് അടക്കം ആര്‍ജെഡിക്ക് നിലവില്‍ 80 സീറ്റുകളാണ് ഉള്ളത്. ഒരു രാഷ്ട്രീയ അസ്ഥിരത വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ആദ്യം വിളിക്കുക ഏറ്റവും വലിയ ഒറ്റകക്ഷിയെ ആയിരിക്കുമെന്നത് കൊണ്ട് തന്നെ ആര്‍ജെഡിയുടെ കണക്കിലെ കളികളിലും കാര്യമുണ്ട്.

ലാലുവിൻ്റെ കാലം മാറി, പക്ഷെ….

കേവല ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ ആർജെഡിക്ക് ഇല്ല. ഭരണപക്ഷത്ത് നിലവില്‍ 127 എംഎല്‍എമാരും പ്രതിപക്ഷത്ത് 116 എംഎല്‍എമാരുമാണ് നിലവില്‍ ഉള്ളത്.അംഗബലം ആര്‍ജെഡിക്ക് മാനസിക ഉത്തേജനം നല്‍കുന്നുണ്ട്.

ആർ ജെ ഡി സ്വന്തം രാഷ്ട്രീയം മറന്നപ്പോൾ നിതീഷ് അധികാരം ഉറപ്പിച്ചു

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ജെഡിയു എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്ന് ആര്‍ജെഡിയുമായി സഖ്യംരൂപീകരിച്ചിരുന്നു. തുടര്‍ന്ന് ആര്‍ജെഡിയുമായി ചേര്‍ന്ന് ബിഹാറില്‍ ഭരണം നിലനിര്‍ത്തി. തുടര്‍ന്ന് നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവരെ കൂടെ ചേര്‍ത്ത് മഹാഘട്ട്ബന്ധൻ മഹാസഖ്യം രൂപീകരിച്ച് ഭരണത്തിലേറുകയും ചെയ്തു.

അന്നത്തെ ഉപമുഖ്യമന്ത്രി ആയിരുന്ന തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് ജെഡിയു മഹാസഖ്യത്തില്‍ നിന്ന് പുറത്തുവന്നത്. പിന്നാലെ ബിജെപി പിന്തുണയോടെ വീണ്ടും അധികാരത്തില്‍ എത്തുകയായിരുന്നു. അഴമതി മാത്രമായിരുന്നല്ല നിതീഷിൻ്റെ വിഷയം. മറിച്ച് അധികാര രാഷ്ട്രീയം എങ്ങനെ കളിച്ചു ജയിക്കണം എന്ന വെളിവുമായിരുന്നു.

അഗ്‌നിപഥ്, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി-ജെഡിയു നേതാക്കള്‍ തമ്മില്‍ ഏറെനാളായി പോര് തുടങ്ങിയിട്ട്. ഈ സാഹചര്യം വൈകാതെ മുതലെടുക്കാനാകുമെന്ന പ്രതീക്ഷ ആര്‍ജെഡിക്കുണ്ട്.
നിയമസഭയിലും ഭരണകക്ഷിയിലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് വ്യക്തമാണ്. ബിജെപി മുന്നോട്ട് വെച്ച ‘മികച്ച നിയമസഭാ സമാജികന്‍’ എന്ന വിഷയത്തില്‍ ജെഡിയു പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ജെഡിയു ചര്‍ച്ച ബഹിഷ്‌കരിച്ചത് ബിജെപി വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. സമീപകാലത്തായി നിതീഷ് കുമാര്‍ ലാലു കുടുംബവുമായി അടുത്തതായുള്ള വാർത്തയും ഈ സാഹചര്യത്തെ വെളിവാക്കുന്നുണ്ട്.

നിതീഷ് കുമാറിന് ബി ജെ പിയും ആർജെഡിയും അധികാരം പിടിക്കുന്നതിൽ വ്യത്യസ്തമല്ല എന്നും കാണാം. എല്ലാറ്റിനെയും വിഴുങ്ങുന്ന ഒന്നിനെ ശത്രുത മറന്ന് പ്രതിരോധിക്കുക അല്ലെങ്കിൽ കിട്ടുന്നതും ആസ്വദിച്ച് നിശ്ശബ്ദ കാലം കഴിച്ചു കൂട്ടുക എന്നു വേണ്ടി വരും. മാത്രമല്ല നിതീഷിനെ പുറത്തിറങ്ങിയാൽ കാത്തിരിക്കുന്നത് പലതുമാവും. ഉദ്ധവ് താക്കറെയുടെ അവസ്ഥ വ്യത്യസ്തമല്ല.

കോൺഗ്രസും ഇടത് പാർട്ടികളും

എന്നാല്‍ സോണിയയുമായി നിതീഷ് ചര്‍ച്ച നടത്തിയ വിവരം അറിയില്ലെന്നും കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. പാര്‍ട്ടിയിലെ മുഴുവന്‍ അംഗങ്ങളെയും പട്‌നയില്‍ വിളിച്ചു വരുത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 

പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കക്ഷികളായ ഇടതു പാര്‍ട്ടികളും നിതീഷിനെ സ്വാഗതം ചെയ്തു. പുതിയ സഖ്യത്തിന് തയ്യാറാണെന്ന് സിപിഐയും സിപിഐഎംഎലും സിപിഎമ്മും പ്രതികരിച്ചു. 

ബിഹാര്‍ സീറ്റ് നില

243 ബിഹാര്‍ നിയമസഭയിലേക്ക് 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡി ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെഡിയുവിനും ലഭിച്ചു. ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറി.

ഇതിനിടെ എന്‍ഡിഎ സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എംഎല്‍എമാരേയും ബിജെപിയില്‍ ചേര്‍ത്തു. ഇതോടെ 77 സീറ്റുകളോടെ ബിജെപി ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.

ഒവൈസിയുടെ എഐംഐഎമ്മിന്റെ അഞ്ചില്‍ നാല് എംഎല്‍എമാര്‍ നേരത്തെ ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ആര്‍ജെഡിക്ക് നിലവില്‍ 80 സീറ്റുണ്ട്. 43 സീറ്റാണ് ജെഡിയുവിനുള്ളത്.

1 COMMENT

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...