ബിഹാറില്‍ മന്ത്രിസഭ രൂപികരണം സംബന്ധിച്ച് ആര്‍ജെഡി-ജെഡിയു ചർച്ചകൾ പുരോഗമിക്കുന്നു. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, ഓഗസ്റ്റ് പതിനെഞ്ചിന് ശേഷമാകും ബിഹാറില്‍ മന്ത്രിസഭ രൂപീകരണം ഉണ്ടാകുക.
കമ്യൂണിസ്റ്റ് കക്ഷികളും നിതീഷും തമ്മിൽ
ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക എന്നാണ് പൊതുവായ ചർച്ച. ഇതിനായുള്ള കരുനീക്കങ്ങൾ തേജസ്വിയാദവിൻ്റെ നേതൃത്വത്തിൽ തുടരുകയാണ്. പതിനെട്ട് മന്ത്രിമാര്‍ ആര്‍ജെഡിയില്‍ നിന്നും പതിമൂന്നോ പതിനാലോ മന്ത്രിമാര്‍ ജെഡിയുവില്‍ നിന്നും എന്നാണ് തീർപ്പ്. കോൺഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരൂ മന്ത്രി സ്ഥാനവും എന്ന വീതവും.
എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഭരണത്തിൽ സ്വാധീനമുണ്ട്. മന്ത്രി സഭയിൽ ചേരുന്നില്ല എന്ന് പ്രഖ്യാപിച്ചിട്ടും അവരെ നിതീഷ് കുമാർ ക്ഷണിച്ചു. മാറി നില്‍ക്കുന്ന സിപിഐ എംഎല്‍ മന്ത്രിസഭയില്‍ ചേരാൻ തീരുമാനിച്ചാല്‍ പാർട്ടികള്‍ ഇപ്പോൾ ഡിമാൻ്റ് ചെയ്യുന്ന സീറ്റ് ക്രമം മാറും. സിപിഐഎംഎല്‍ പ്രതിനിധികളോട് മന്ത്രി സഭയിൽ ചേരാൻ നിതീഷ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ 18 എന്ന കടംപിടിത്തത്തിൽ നിന്നും ആര്‍ജെഡി പിന്നോട്ട് പോകേണ്ടി വന്നേക്കും. ഇത് ആർ ജെ ഡിയുടെ ബലം കുറയ്ക്കും. നീതീഷിൻ്റെ രാഷ്ട്രീയ തന്ത്രങ്ങൾ പലപ്പോഴും അപ്രവചനീയമാണ്.
നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആകും മന്ത്രിസഭയില്‍ ചേരണമോയെന്നതില്‍ സിപിഐഎംഎല്‍ തീരുമാനമെടുക്കുക.
ജാതി -പ്രാദേശിക പ്രാതിനിഥ്യം ഉറപ്പ് വരുത്തിയാകും മന്ത്രിസഭാ രൂപികരണമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. 2024 ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിഹാറില്‍ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് വിശദീകരിക്കുന്നു. ഇന്ന് ദില്ലിയിലുള്ള തേജസ്വി യാദവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ സന്ദർശിക്കും. വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയേയും കാണും.
സ്പീക്കറെ മുൻ നിർത്തി എൻ ഡി എ അവസാന കളിക്ക്
അതേസമയം ബിജെപിക്കാരനായ സ്പീക്കർ വിജയ് കുമാർ സിൻഹ സ്ഥാനം രാജിവെക്കാത്ത സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആണ് മഹാസഖ്യത്തന്‍റെ തീരുമാനം. 24 ന് പ്രത്യേക സമ്മേളനം ചേർന്ന് സർക്കാര്‍ വിശ്വാസവോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കും. അതിന് പിന്നാലെ തന്നെ സ്പീക്കറെ നീക്കാനുള്ള അവിശ്വാസ പ്രമേയവും അവതരിപ്പിക്കും.