“അവൻ സാത്താനിക് വേഴ്സസ് വായിച്ചിട്ടുണ്ടാവില്ല” റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിൻ്റെ മാതാവ് പറയുന്നു…

സല്‍മാന്‍ റുഷ്ദിയെ പ്രസംഗ വേദിയിൽ വെച്ച് കുത്തിയ ഹാദി മാതര്‍ സാത്താനിക് വേഴ്സസ് വായിച്ചിട്ടുണ്ടാവില്ലെന്ന് മാതാവ്. 2018ല്‍ ലബനന്‍ സന്ദര്‍ശിച്ച ശേഷമാണ് മകൻ ഇത്തരത്തില്‍ മാറിയതെന്നും അവർ പറഞ്ഞു. ചങ്ങാതിമാരുണ്ടായിരുന്നില്ല. തൊഴിൽ പോലും ചെയ്തിരുന്നില്ല.

“ലബനൻ യാത്ര അവനെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും നല്ലൊരു ജോലി നേടാനുമെല്ലാം പ്രചോദിപ്പിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ തിരിച്ചെത്തിയ അവന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല. അവനില്‍ ഒരുപാട് മാറ്റങ്ങളുണ്ടായതായി ഞാന്‍ മനസ്സിലാക്കി. മാസങ്ങളോളം അവന്‍ എന്നോടോ അവന്റെ സഹോദരിമാരോടോ ഒരു വാക്ക് പോലും സംസാരിച്ചില്ല”- ഹാദിയുടെ മാതാവ് സില്‍വാന ഫര്‍ദൗസ് ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു.

പിതാവിനെ കാണാനാണ് ഹാദി ലബനനിലേക്ക് പോയതെന്നും മാതാവ് പറഞ്ഞു. പക്ഷെ മാറ്റം കുടുംബത്തിനും മനസിലാവാത്തതായിരുന്നു. മുസ്ലീം കുടുംബമാണ്. എങ്കിലും മത ജീവിതം നയിക്കുന്നവർ ആയിരുന്നില്ല.

വീടിന്റെ ബെയ്‌സ്‌മെന്റിലായിരുന്നു ഹാദി കഴിഞ്ഞിരുന്നത്. വീട്ടുകാര്‍ അങ്ങോട്ട് പോകുന്നത് അവന്‍ വിലക്കിയിരുന്നു. അവന്‍ പകല്‍ മുഴുവന്‍ കിടന്നുറങ്ങുകയും രാത്രി ഉണര്‍ന്നിരിക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴും അവന്‍ തന്നോട് വഴക്കിട്ടിരുന്നു. മതപരമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതിന് പകരം ഡിഗ്രീ നേടാന്‍ തന്നെ നിര്‍ബന്ധിക്കുന്നത് എന്തിനാണെന്നാണ് അവനൊരിക്കല്‍ ചോദിച്ചത്.

അവനെ ചെറുപ്രായത്തിലേ ഇസ്ലാം മതവുമായി അടുപ്പിച്ചില്ല എന്ന് പറഞ്ഞ് എന്നോടവന്‍ ദേഷ്യപ്പെട്ടിരുന്നു.

സംഭവം നടക്കുന്നത് വരെ സല്‍മാന്‍ റുഷ്ദി എന്നയാളെക്കുറിച്ച് താന്‍ കേട്ടിട്ട് പോലുമില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. തന്റെ മകനും റുഷ്ദിയുടെ പുസ്തകങ്ങള്‍ വായിച്ചതായി അറിയില്ല. അവന്റെ പ്രവര്‍ത്തികള്‍ക്ക് അവന്‍ തന്നെയാണ് ഉത്തരവാദി.

തനിക്ക് രണ്ട് കുട്ടികളെ കൂടെ വളര്‍ത്തേണ്ടതുണ്ട്. ഒറ്റയ്ക്കാണ്. ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സില്‍വാന പറഞ്ഞു. മകനെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. അവന് ഇങ്ങനെ ഒരു കൃത്യം ചെയ്യാനാവും എന്നു പ്രതീക്ഷിച്ചില്ല. ഇനി അവനോട് സംസാരിക്കേണ്ട. റുഷ്ദി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അവർ പറഞ്ഞു.

ന്യൂജേഴ്‌സിയിലെ ഫെയര്‍വ്യൂവില്‍ താമസിച്ചിരുന്ന ആളാണ് ഹാദി മാതര്‍. ഇയാള്‍ തീവ്ര ഷിയാ ആശയങ്ങളോടും ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡിനോടും അനുഭാവം പുലര്‍ത്തുന്നതായി സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്ന് സൂചനലഭിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ സാഹിത്യപ്രഭാഷണപരിപാടിയില്‍ പങ്കെടുക്കവെ 24കാരനായ ഹാദി മാതര്‍ കത്തിയുമായി വേദിയിലേക്ക് കുതിച്ച് റുഷ്ദിയെ തുരുതുരെ കുത്തുകയായിരുന്നു.

മതനിന്ദ ആരോപിക്കപ്പെടുന്ന ‘സാത്താനിക് വേഴ്‌സസ്’ എന്ന നോവല്‍ 1988ല്‍ പ്രസിദ്ധീകരിച്ചതുമുതല്‍ റുഷ്ദിക്കുനേരെ ഒട്ടേറെ വധഭീഷണികളുണ്ടായിട്ടുണ്ട്. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയുടെ ജീവന് വിലയിടുകയും ചെയ്തിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...