പാലക്കാട് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പൊലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഇവർ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കൃത്യം നടന്ന് 48 മണിക്കൂർ പിന്നിടും മുൻപാണ് കേസിലെ മുഴുവൻ പ്രതികളും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇതിൽ രണ്ട് പേർ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട് കൈക്കും വെട്ടിയ പ്രതികൾ ഷാജഹാൻ വീണതോടെ കഴുത്തിലും തലയിലും ക്രൂരമായി വെട്ടി.
ഇവരുടെ മൊബൈൽ ഫോണുകളും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് മുമ്പും ശേഷവും ഇവർ വിളിച്ച ആളുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. വാട്സ് അപ്പ് ചാറ്റുകൾ, ഷാജഹാന് സംഘത്തിലുള്ളവർ അയച്ച ഭീഷണി സന്ദേശങ്ങൾ എന്നിവയിലും പരിശോധന നടക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ ആളുകളെ പ്രതി ചേർക്കേണ്ട സാഹചര്യവും പൊലീസ് വിശദമായ പരിശോധിക്കും.
ഇവരുടെ മൊബൈൽ ഫോണുകളും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് മുമ്പും ശേഷവും ഇവർ വിളിച്ച ആളുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. വാട്സ് അപ്പ് ചാറ്റുകൾ, ഷാജഹാന് സംഘത്തിലുള്ളവർ അയച്ച ഭീഷണി സന്ദേശങ്ങൾ എന്നിവയിലും പരിശോധന നടക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ ആളുകളെ പ്രതി ചേർക്കേണ്ട സാഹചര്യവും പൊലീസ് വിശദമായ പരിശോധിക്കും.
പ്രതികൾ അയൽക്കാർ
പാലക്കാട് ഡിവൈഎസ്‍പി കെ വി രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചു. രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. കുന്നങ്കാട് സ്വദേശികളായ ശബരീഷ്(30), അനീഷ്(29), നവീൻ(28), ശിവരാജൻ(25), സിദ്ധാർഥൻ(24), സുജീഷ്(27), സജീഷ്(35), വിഷ്ണു(25) എന്നിവരെയാണ് പൊലീസ് പ്രതി ചേർത്തത്. ബിജെപി അനുഭാവികളായ പ്രതികൾ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് കൂട്ടം ചേർന്ന് കൊല്ലണമെന്ന ഉദ്ദേശത്തോടെ ഷാജഹാനെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഷാജഹാന്റെ വീടിന് സമീപത്തു തന്നെയാണ് പ്രതികളെല്ലാവരും താമസിക്കുന്നത്.
പ്രതികൾക്ക് ഷാജഹാനുമായി നേരത്തെ വിരോധമുണ്ടായിരുന്നു. ഷാജഹാനുമായി തർക്കമുണ്ടായിരുന്നെന്നും ഇത് പ്രകോപനത്തിന് ഇടയാക്കിയെന്നും പ്രതികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചു.ഇവർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോ, കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യങ്ങളും പോലീസ് പരിശോധിക്കുകയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാത്ത രണ്ട് പേരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്തു.
ഈ മാസം 14 ന് പാലക്കാട് ചന്ദ്രനഗറിലുള്ള ചാണക്യ ഹോട്ടലിൽ പ്രതികൾ ഒത്തുചേർന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.


