ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് പയ്യോളി സ്വദേശി അര്‍ഷാദിനെ പോലീസ് പിടികൂടി. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോട് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സജീവ് കൃഷ്ണ(22)-നെ കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇൻഫോ പാർക്കിനടുത്ത് ഹോട്ടൽ ജീവനക്കാരനായിരുന്നു.
പയ്യോളി സ്വദേശിയാണ് പിടിയിലായ അര്‍ഷാദ്. അര്‍ഷാദിന്റെ ഫോണ്‍ തേഞ്ഞിപ്പലത്തിന് സമീപത്ത് നിന്നായി ഇന്നലെ മുതല്‍ സ്വിച്ച് ഓഫ് ആയിരുന്നു . സജീവിൻ്റെ ഫോണും ഇയാളുടെ കൈവശമായിരുന്നു എന്നാണ് പൊലീസ് നിഗമനം. പിന്നീട് സ്വിച്ച് ഓഫ് ചെയ്തതായി മനസിലാക്കി.
സജീവ് കൃഷ്ണയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശരീരത്തില്‍ 20-ലേറെ മുറിവുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും നെഞ്ചിലും തലയ്ക്കും ആഴത്തിലുള്ള മുറിവാണുള്ളത്.
പതിനാറാം നിലയിൽ നടന്ന കൊലപാതകം, പുറത്തറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്
ഇന്‍ഫോപാര്‍ക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്‌ലാറ്റിലെ 16-ാം നിലയിലായിരുന്നു കൊലപാതകം. ഫ്‌ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്.
മറ്റു മൂന്നുപേര്‍ ടൂര്‍ പോയി തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. ഇവര്‍ ബെല്ലടിച്ചിട്ടും വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. അര്‍ഷാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്തു. തുടർന്ന് സ്ഥലത്തില്ല എന്ന സന്ദേശമയയ്ക്കുകയായിരുന്നത്രെ.
ഇതേത്തുടര്‍ന്ന് കൂട്ടുകാർ മൂവരും സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി. ഇതോടെ എന്തോ പിശകുണ്ടെന്ന് കണ്ടെത്തി.
സംശയം തീർക്കാൻ ചൊവ്വാഴ്ച ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മൂവരും ഫ്‌ലാറ്റിനകത്ത് പ്രവേശിച്ചു. മുറിയില്‍ രക്തക്കറ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കണ്ടത്. ബാല്‍ക്കണിയില്‍ ഫ്‌ലാറ്റിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞ ലക്ഷണമുണ്ട്.
കൊലപാതകം ഒന്നിൽ അധികം പേർ ചേർന്ന്
കൊല പാതകം നടത്തിയത് ഒന്നിൽ അധികം പേർ ചേർന്നാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരാൾക്ക് മാത്രമായ് കൊല്ലപ്പെട്ട സജീഷ് കൃഷ്ണയുടെ മൃതദേഹം ഡെക്റ്റിനുള്ളിൽ ഒളിപ്പിച്ച കൃത്യം നടത്താനാവില്ല എന്നാണ് കരുതുന്നത്. മാത്രമല്ല നല്ല കായിക ശേഷിയുള്ള വ്യക്തിയുമാണ്.
ഇതിനിടെ ഇവരുടെ മറ്റൊരു സുഹൃത്തായ ആഷിഷിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് ആശിഷ് താമസിക്കുന്നത്. ആശിഷ് വഴിയാണ് ഇവർ ഇവിടെ ഫ്ലാറ്റ് എടുത്തത്. ആശിഷ് ആണ് ആദ്യം സജീവ് കൃഷ്ണ മരിച്ചുകിടക്കുന്നതായി ഫ്ലാറ്റിലെ കെയർടേക്കറെ അറിയിച്ചത്.
അര്‍ഷാദിനായി കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തിരച്ചില്‍ നടത്തി. സുഹൃത്തിൻ്റെ സ്കൂട്ടറുമായാണ് അർഷാദ് സംഭവ സ്ഥലത്തു നിന്നും പോയത്.
അർഷാദ് നാട്ടിൽ നിന്നും പോയത് രണ്ട് മാസം മുൻപ്
അര്‍ഷാദ് രണ്ടുമാസം മുന്‍പ് വീടുവിട്ടുപോയതാണെന്നു പിതാവ് കെ.കെ.റസാഖ് മൊഴി നൽകിയിട്ടുണ്ട്. പത്തുദിവസം മുന്‍പ് അര്‍ഷാദ് തൻ്റെ ഭാര്യയ്ക്ക് സന്ദേശമയച്ചിരുന്നു. തിരികെ വരാന്‍ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പിതാവ് റസാഖ് പറഞ്ഞു.



