രാഹുൽ സമ്മതിക്കുമോ, തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്

കോൺഗ്രസിൽ സംഘടനാതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളായി. വോട്ടർപ്പട്ടിക തയ്യാറായി കഴിഞ്ഞതായാണ് വിവരം.

അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽഗാന്ധി മത്സരിക്കുമോ എന്നതുതന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുൽ വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും മുറവിളിയെങ്കിലും ഇക്കാര്യത്തിൽ ഇനിയും അദ്ദേഹം മനസ്സുതുറക്കാത്തത് ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട്.

നേരത്തേ നിശ്ചയിച്ചതിൽനിന്ന് ഒന്നോ രണ്ടോ ആഴ്ചകളുടെ വ്യത്യാസം വന്നേക്കാമെങ്കിലും സെപ്റ്റംബറിനുള്ളിൽത്തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ചില സംസ്ഥാനങ്ങളിൽ പി.സി.സി. അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് വൈകിയതാണ്‌ ഇതിനുകാരണമെന്നും നേതൃത്വം വ്യക്തമാക്കി.

എ.ഐ.സി.സി. അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുനടപടി ഓഗസ്റ്റ് 21-ന് തുടങ്ങി സെപ്റ്റംബർ 20-ന് അവസാനിക്കുന്ന തരത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന പ്രവർത്തകസമിതിയോഗം തീരുമാനിച്ചിരുന്നു. ഓരോ ഘട്ടത്തിലുമുള്ള കൃത്യമായ തീയതികൾ വേഗത്തിൽ തീരുമാനിക്കുമെന്നാണ് ഹൈക്കമാൻഡ്‌വൃത്തങ്ങൾ നൽകുന്ന സൂചന.

താഴെത്തട്ടിലുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ജൂലായ് 21 മുതൽ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിൽ പി.സി.സി. അധ്യക്ഷൻ, ഉപാധ്യക്ഷൻ, ഖജാൻജി, നിർവാഹകസമിതി അംഗങ്ങൾ എന്നിവരുടെ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ, ചില സംസ്ഥാനങ്ങളിൽ ഇത്‌ പൂർത്തിയായിട്ടില്ല. നേരത്തേ തീരുമാനിച്ച തിരഞ്ഞെടുപ്പ് തീയതികളിൽ മാറ്റമുണ്ടാവുകയാണെങ്കിൽ പ്രവർത്തകസമിതിയോഗം ഇനിയും ചേരേണ്ടിവരുമെന്നും സൂചനയുണ്ട്.

മേയിൽ രാജസ്ഥാനിലെ ഉദയ്‍‍പുരിൽ നടന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത പ്രതിനിധികളെല്ലാം അധ്യക്ഷ സ്ഥാനം വീണ്ടും രാഹുൽ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ നിഷേധാത്മക സമീപനമായിരുന്നില്ല രാഹുലിന്റേതെന്നും അതിനാൽ അദ്ദേഹം വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നും മുതിർന്ന നേതാക്കളിൽ പലരും കരുതുന്നു. സോണിയാഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇനിയും ഏറെക്കാലം അധ്യക്ഷസ്ഥാനത്ത് തുടരാനാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ ദയനീയപരാജയത്തിനുപിന്നാലെയാണ് 2019 മേയ് 25-ന് രാഹുൽ അധ്യക്ഷസ്ഥാനം രാജിവെച്ചത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവരെ അധ്യക്ഷസ്ഥാനത്ത് അവരോധിക്കാൻ പ്രവർത്തകസമിതിയോഗത്തിൽ രാഹുൽ ആവശ്യപ്പെട്ടെങ്കിലും ഒടുവിൽ സോണിയാഗാന്ധി സ്ഥാനമേറ്റെടുക്കുകയായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...