കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണ് മരിച്ചു.
അങ്കമാലി പാറക്കടവ് വട്ടപ്പമ്പ് കൊച്ചു ത്രേസ്യ എന്ന പി എം സിപ്സിയാണ് (50) ആണ് മരിച്ചത്. പളളിമുക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.
കേസിലെ രണ്ടാം പ്രതിയാണ് സിപ്സി. ജോണ്‍ ബിനോയി ഡിക്രൂസ് ആണ് ഒന്നാം പ്രതി. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു. ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നാടിനെ ഞെട്ടിച്ച കൊലപാതകം
2022 മാർച്ചിലാണ് സംഭവം നടക്കുന്നത്. അങ്കമാലി സ്വദേശിനി സിപ്സിയും കാമുകൻ ജോൺ ബിനോയ് ഡിക്രൂസും ദമ്പതിമാരാണെന്ന് പറഞ്ഞ് കലൂരിലെ ഹോട്ടലിൽ മുറിയെടുത്തു. മാർച്ച് ഏഴിന് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ സിപ്സി റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവർ ജീവനക്കാരോട് പറഞ്ഞു. ഉടൻതന്നെ കുഞ്ഞിനെ മുറിയിൽനിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവർക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
കുട്ടി ഛർദ്ദിച്ചെന്ന് പറഞ്ഞ് പുലർച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞതെന്ന് പിന്നീട് സിപ്സി പൊലീസിന് മൊഴി നൽകി. എട്ടുകൊല്ലമായി ജോൺ ബിനോയ് ഡിക്രൂസ് തൻറെ സൂഹൃത്താണ്. മകൻ സജീവൻറെ കുട്ടികളുമായി കൊച്ചിയിൽ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോൺ ആണ് കുട്ടികളെ നോക്കിയിരുന്നതെന്നുമാണ് സിപ്സി പറഞ്ഞത്.
പൊലീസ് പറഞ്ഞപ്പോഴാണ് തൻറെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്സി പറഞ്ഞിരുന്നു.
കേസിൽ ഒന്നാം പ്രതി ബിനോയ് ആണ്. രണ്ടാം പ്രതിയാണ് സിപ്സി. സിപ്സി നേരത്തെ തന്നെ വിവിധ കേസുകളിൽ പ്രതിയായിരുന്നു. പൊലീസ് ഗുണ്ടാ ലിസ്റ്റിലും ഉണ്ടായിരുന്നു.


