കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കിയതോടെ ആരാവും പകരം എന്ന ചർച്ച കൊഴുക്കുന്നു. ഗാന്ധി കുടുംബമില്ലെങ്കില്‍ ജി23 സ്ഥാനാര്‍ത്ഥിയായി ശശി തരൂരോ മനീഷ് തിവാരിയോ മതസരിച്ചേക്കാം. സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ സ്ഥാനമൊഴിഞ്ഞ പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് സോണിയ ഇടക്കാല അധ്യക്ഷയായിരിക്കുന്നത്. പ്രിയങ്കഗാന്ധി അധ്യക്ഷപദവിയിലേക്ക് എത്തുന്നത് കുടംബപാര്‍ട്ടിയെന്ന വിമർശനം ശകത്മാക്കും. ഇതെല്ലാം കണക്കിലെടുത്താണ് ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ സ്ഥാനാർത്ഥിയാകട്ടെയെന്നാണ് രാഹുല്‍ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ മൂന്ന് ആഴ്ച ശേഷിക്കെ ഗാന്ധി കുടുംബം മത്സരത്തിന് ഇല്ലെന്ന് വ്യക്തമാവുകയാണ്. മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിക്കാന്‍ നോക്കിയിട്ടും അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വരുന്നതിനോടാണ് ഗാന്ധി കുടംബത്തിനും താല്‍പ്പര്യം. നേരത്തെ കമല്‍നാഥിനെ പരിഗണിച്ചിരുന്നെങ്കിലും മധ്യപ്രദേശില്‍ നില്‍ക്കാനാണ് അദ്ദേഹം താല്‍പ്പര്യപ്പെടുന്നത്. മത്സരിക്കാനുറച്ച് തന്നെയാണ് ജി 23 നേതാക്കളുടെ നീക്കം. മത്സരിക്കാൻ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ക്കാണ്.
ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പുറത്ത് നിന്നൊരാള്‍ വരട്ടെ. ഒരു ജനാധിപത്യ പാർട്ടിയിൽ മത്സരം ഗുണം ചെയ്യും. എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പാർട്ടിക്ക് പുതിയ ഉണർവേകും – തരൂർ പറഞ്ഞു


