പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ഭാഗമായി റെയില്‍വേഭൂമി ദീര്‍ഘകാല പാട്ടത്തിന് നല്‍കാനുള്ള നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതോടൊപ്പം 1.2 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും എന്നാണ് വിശദീകരണം. അഞ്ചുവര്‍ഷത്തില്‍ 300 പി.എം. ഗതിശക്തി കാർഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കും.
റെയില്‍വേയുടെ ഭൂമി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നയം പാടെ പരിഷ്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചരക്കു സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേഭൂമി 35 വര്‍ഷംവരെയാണ് പാട്ടത്തിന് നല്‍കുക. വിപണിവിലയുടെ ഒന്നരശതമാനമാണ് പ്രതിവര്‍ഷം നല്‍കേണ്ട പാട്ടത്തുക. നിലവില്‍ റെയില്‍വേഭൂമി ഉപയോഗിക്കുന്നവര്‍ക്ക് ലേലത്തില്‍ പങ്കെടുത്ത് പുതിയ നയത്തിലേക്ക് മാറാം. വൈദ്യുതി, ഗ്യാസ്, ശുദ്ധജല വിതരണം, മലിനജല സംസ്കരണം, നഗരഗതാഗതം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് റെയില്‍വേഭൂമി ഉപയോഗിക്കുന്നതിനുള്ള നിലവിലെ വ്യവസ്ഥകള്‍ പുതിയ നയത്തില്‍ ഉദാരമാക്കിയിട്ടുണ്ട്.
റെയില്‍പ്പാളം മുറിച്ചുകടന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും മറ്റും സ്ഥാപിക്കാന്‍ 1000 രൂപ അധികം ഈടാക്കും. റെയില്‍വേ ഭൂമിയില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കുറഞ്ഞ ചെലവേ വേണ്ടിവരൂ. ആശുപത്രികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍ എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍വേഭൂമിയില്‍ സ്ഥാപിക്കാന്‍ ഒരു ചതുരശ്ര മീറ്ററിന് പ്രതിവര്‍ഷം ഒരുരൂപ നിരക്കിലാണ് ഫീസ് നല്‍കേണ്ടത്.


