Monday, February 23, 2026

മാധ്യമ പ്രവർത്തകൻ ഇരയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് കുറ്റമോ ? നിര്‍ഭയ കേസില്‍ ഇന്ത്യാ ഗേറ്റിലെ പ്രതിഷേധത്തിന് തുടര്‍ച്ചയായാണ് ബലാത്സംഗ കേസുകളിലെ നിയമത്തിന് മാറ്റം വന്നത്- ഓര്‍മ്മിപ്പിച്ച് സുപ്രീം കോടതി

ഇരയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത് നിയമത്തിൻ്റെ കണ്ണുകളില്‍ കുറ്റകരമാണോയെന്ന് സുപ്രീം കോടതി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളപ്പോള്‍ ഇതെങ്ങിനെ കുറ്റമാവുന്നു എന്ന ചോദ്യമാണ് നീതിപീഠം ഉയർത്തിയത്.

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ അഭിഭാഷകന് മുന്നിൽ സുപ്രീം കോടതി ജഡ്ജി രവീന്ദ്ര ഭട്ട് ആണ് ഈ ചോദ്യം ഉന്നയിച്ചത്.

2012-ല്‍ നിര്‍ഭയ കേസില്‍ ഇന്ത്യാ ഗേറ്റിന് സമീപത്തുണ്ടായ പ്രതിഷേധ സമരങ്ങളെ അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് ബലാത്സംഗ കേസുകളിലെ നിയമത്തില്‍ മാറ്റംവന്നതെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടി.

സിദ്ദിഖ് കാപ്പനില്‍ നിന്ന് കണ്ടെത്തിയ പ്രകോപനപരമായ സാധനങ്ങള്‍ എന്തൊക്കെയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. പ്രകോപനപരമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ ലഘുരേഖകള്‍ വെറും അഭിപ്രായ പ്രകടങ്ങള്‍ മാത്രം അടങ്ങിയതാണെന്ന് ചീഫ് ജസ്റ്റിസ് യു. യു. ലളിതും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

സിദ്ദിഖ് കാപ്പനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെത്മലാനി മറുപടി നല്‍കി. കണ്ടെത്തിയത് ഒരു ഐ.ഡി കാര്‍ഡും ചില ലഘുലേഖകളും ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് ഉപയോഗിച്ച് കലാപം നടത്താന്‍ കാപ്പന്‍ ശ്രമിച്ചോ എന്നും ചീഫ് ജസ്റ്റിസ് ആശ്ചര്യം പ്രകടിപ്പിച്ചു. കാപ്പനില്‍നിന്ന് കണ്ടെത്തിയത് ടൂള്‍കിറ്റ് ആണെന്നായിരുന്നു യു.പി സർക്കാർ വാദം. എന്നാല്‍ ആ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

തുഷാർ മേത്ത ഹാജരായില്ല, പകരം ബി ജെ പി നേതാവ്

സിദ്ദിഖ് കാപ്പന്‍ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഇതുവരെ ഹാജരായിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആയിരുന്നു. ഇന്ന് മറ്റൊരു കേസില്‍ വാദം ഉന്നയിക്കാനായി തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് കോടതി മുറിയില്‍ ഉണ്ടായിരുന്നുവെങ്കിലും സിദ്ദിഖ് കാപ്പന്‍ കേസില്‍ ഹാജരായില്ല. മുതിർന്ന അഭിഭാഷകനും ബിജെ പി നേതാവുമായ മഹേഷ് ജെറ്റ് മലാനിയാണ് യുപി സര്‍ക്കാരിനുവേണ്ടി ഹാജരായത്.

കണ്ണുനീരുമായി കാൽ തൊട്ട് വന്ദിച്ച് കാപ്പൻ്റെ ഭാര്യ

ചീഫ് ജസ്റ്റിസ് കോടതിയില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പുതന്നെ അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് കോടതി മുറിയില്‍ എത്തിയിരുന്നു.

വാദം പൂര്‍ത്തിയാക്കി അനുകൂല ഉത്തരവുമായി ചീഫ് ജസ്റ്റിസ് കോടതിക്ക് പുറത്തുവന്ന കപില്‍ സിബലിന്റെ കാല്‍ക്കല്‍ തൊട്ട് റൈഹാനത്ത് വന്ദിച്ചു. തൊട്ട് പിന്നാലെ കരഞ്ഞുകൊണ്ട് തന്റെ സന്തോഷം പങ്കുവെച്ചു.

മറ്റൊരു കോടതിയില്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ജയില്‍ മോചനത്തിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നു. ഇക്കാര്യം ജൂനിയര്‍ അഭിഭാഷകര്‍ സിബലിനെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം അങ്ങോട്ട് പോയി.

കാപ്പന്റെ മക്കള്‍ അവിടെ അമ്മയ്ക്കായി കാത്തു നില്‍ക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മക്കള്‍ക്ക് കോടതിക്കുള്ളില്‍ കയറാന്‍ അനുമതി ലഭിച്ചിരുന്നില്ല.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...