ഇന്ത്യയില്‍ ഹൈ ത്രൂപുട്ട് സാറ്റലൈറ്റ് (എച്ച്ടിഎസ്) ബ്രോഡ്ബാന്‍ഡ് സേവനം തുടങ്ങുന്നു. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാവായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍ ഇന്ത്യ (എച്ച്‌സിഐ) ഐഎസ്ആര്‍ഒയുടെ സഹായത്തോടെയാണ് ഇന്ത്യയിൽ ആദ്യ ചുവട് വെക്കുന്നത് . അമേരിക്കന്‍ ബ്രോഡ്ബാന്‍ഡ് സേവനദാതാവായ ഹ്യൂസ് നെറ്റ് വര്‍ക്ക് സിസ്റ്റംസിന്റെ ഉപസ്ഥാപനമാണ് എച്ച്‌സിഐ.
ഏത് ദുഷ്കര മേഖലയിലും അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കിന് ചെന്നെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ കണക്റ്റിവിറ്റി എത്തിക്കാന്‍ ഇതുവഴി സാധിക്കും. ഒപ്പം വാണിജ്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സൌകര്യം വാങ്ങിച്ച് ഉപയോഗപ്പെടുത്താം.
ഗാല്‍വന്‍ മേഖല ഉള്‍പ്പടെയുള്ള ചൈനീസ് അതിര്‍ത്തികളിലെ ഇന്ത്യന്‍ സുരക്ഷാ സേനകള്‍ക്കും ദുഷ്കര ഭൂവിഭാഗങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലും പരിമിതമായ സേവനങ്ങള്‍ മാത്രമാണ് ഇത്രയും നാള്‍ എച്ച്‌സിഐ നല്‍കി വന്നിരുന്നത്. ഐഎസ്ആര്‍ഓയുടെ ജിസാറ്റ് 11, ജിസാറ്റ് 29 ഉപഗ്രഹങ്ങളില്‍ നിന്നുള്ള കു-ബാന്‍ഡ് ഫ്രീക്വന്‍സിയും ഹ്യൂസ് ജുപീറ്റര്‍ പ്ലാറ്റ്‌ഫോം ഗ്രൗണ്ട് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഹ്യൂസ് ഇന്ത്യയിലുടനീളം അതിവേഗ എച്ച്ഡിഎസ് ബ്രോഡ്ബാന്‍ഡ് എത്തിക്കുക.
നിലവില്‍ ഇന്ത്യയില്‍ രണ്ട് ലക്ഷത്തിലേറെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായി എച്ച്‌സിഐ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നുണ്ട്. പ്രതിരോധ തലത്തിലും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും വേണ്ടി ഈ കണക്റ്റിവിറ്റി ഇന്ത്യ പ്രയോജനപ്പെടുത്തുന്നുണ്ട്. ഉള്‍നാടുകളിലെ ഇന്റര്‍നെറ്റ് ലഭ്യതയ്ക്ക് വേണ്ടിയുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍, എസ്ഡി-വാന്‍ സോലൂഷനുകള്‍, ചെറുകിട സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ എച്ച്‌സിഐ നല്‍കുന്നുണ്ട്.


