കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍നിന്ന് കടത്തിയ അഞ്ചുകിലോ സ്വര്‍ണമിശ്രിതം പിടികൂടി. ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോയുടെ റാംപ് സൂപ്പര്‍വൈസര്‍ സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരാണ് അറസ്റ്റിലായത്.
വയനാട് സ്വദേശി അഷ്‌ക്കര്‍ അലിയാണ് ലഗേജില്‍ അഞ്ചുകിലോ സ്വര്‍ണമിശ്രിതം കടത്തിയത്. പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളില്‍ രഹസ്യഅറകളുണ്ടാക്കിയാണ് രണ്ടരക്കോടി രൂപ വിലവരുന്ന സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായ രണ്ട് ജീവനക്കാരും ഈ ലഗേജ് വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായിച്ചവരായിരുന്നു. അതേസമയം, ഇവരെ പിടികൂടിയെന്ന് മനസിലായതോടെ അഷ്‌കര്‍ അലി ലഗേജ് വാങ്ങാന്‍ കാത്തുനില്‍ക്കാതെ വിമാനത്താവളത്തില്‍നിന്ന് മുങ്ങി.
ദുബായില്‍നിന്ന് എത്തിയ അഷ്‌കര്‍ അലിയുടെ ലഗേജില്‍ ഇന്റര്‍നാഷണല്‍ ടാഗ് മാറ്റി ഡൊമസ്റ്റിക് ടാഗ് പതിപ്പിച്ചാണ് വിമാന കമ്പനി ജീവനക്കാര്‍ സ്വര്‍ണക്കടത്തിന് സഹായം നല്‍കിയിരുന്നത്. ടാഗ് മാറ്റുന്നതോടെ കസ്റ്റംസ് പരിശോധനയില്‍നിന്ന് ഒഴിവാകും. തുടര്‍ന്ന് ഈ ലഗേജ് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച് നല്‍കുകയായിരുന്നു ജീവനക്കാരുടെ ചുമതല. ഇരുവരും നേരത്തെ പലതവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് നല്‍കുന്നവിവരം. ആഴ്ചകള്‍ക്ക് മുമ്പ് സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ടും കരിപ്പൂരില്‍ പിടിയിലായിരുന്നു.


