സംസ്ഥാനത്ത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോള്‍ ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ പറയുന്ന കാര്യം അതുപോലെ ചെയ്യുമ്പോള്‍ ഗവര്‍ണര്‍ നല്ല വ്യക്തിയും നിയമവിരുദ്ധമായ കാര്യങ്ങള്‍ ഗവര്‍ണര്‍ ചെയ്യാതിരിക്കുമ്പോള്‍ ബി.ജെ.പി-ആര്.എസ്.എസ് വക്താവുമായി മാറുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എമ്മിനും ബി.ജെ.പിക്കുമിടയില്‍ ഇടനിലക്കാരുള്ളത് പോലെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞത് ഇപ്പോള്‍ ശരിയായായെന്നും സതീശന് പറഞ്ഞു.
ലോകായുക്ത നിയമഭേദഗതിയിലും സര്‍വകലാശാല നിയമ ഭേദഗതിയിലും മില്‍മ യൂണിയന് പിടിച്ചടക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമഭേദഗതിയിലും ഗവര്‍ണര്‍ ഒപ്പിടരുത് എന്നാണ് പ്രതിപക്ഷ നിലപാട്. ഈ മൂന്ന് നിയമങ്ങളും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഗവര്‍ണര്‍ ഒപ്പിട്ടു. ഇപ്പോള്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെക്കാതിരിക്കുന്നത് ശരിയായ തീരുമാനമാണ്. പ്രതിപക്ഷത്തിന്റെ നിലപാട് എപ്പോഴും വിഷയാധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.


