Friday, February 20, 2026

സിൽക്ക് സ്മിതയുടെ ഓർമ്മകൾക്ക് 26 വയസ്; ഇന്നും നോവുണങ്ങാത്ത ആത്മഹത്യാ കുറിപ്പ്

എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകം അടക്കി വാണ സിൽക്ക് സ്മിതയുടെ വേർപാടിൻ്റെ ഓർമ്മകൾക്ക് 26 വർഷം. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ സിൽക്ക് വേഷമിട്ടു. വെള്ളിത്തിരയില്‍ പൊള്ളുന്ന ഭാവങ്ങളാലും ചുവടുകള്‍ കൊണ്ടും മാദകത്വം വാരിവിതറിയ നടിയാണ്.

സിനിമയെ വെല്ലുന്ന ജീവിതം

1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ എന്ന ഗ്രാമത്തിലാണ് സ്മിത ജനിക്കുന്നത്. മാതപിതാക്കൾ ഇട്ട പേര് വിജയലക്ഷ്മി. നാലാം ക്ലാസിൽ സിൽക്ക് സ്മിതയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പതിനാലാം വയസിൽ വിവാഹിതയായെങ്കിലും ഭർത്താവിന്‍റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ബന്ധം നീണ്ടു പോയില്ല. 1979 മലയാളിയായ ആന്റണി ഇസ്‌റ്റ്മൻ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊൻപതാം വയസിൽ വിജയലക്ഷ്മി ലക്ഷ്മി സിനിമയിൽ എത്തിയത്.

സ്ഫടികത്തിലെ ഏഴുമല പൂഞ്ചോലയും അഥര്‍വത്തിലെ പുഴയോരത്ത് പൂത്തോണി എത്തീല പോലുളള ഗാനങ്ങളും മലയാളികള്‍ക്ക് സ്മിതയെ കൂടാതെ ഓർക്കാനാവില്ല.

സിൽക്ക്, ആരാധകർ ഒരിക്കലും മറക്കാത്ത പേര്

എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്ത് വച്ച് സ്മിതയെ കണ്ട സംവിധായകനും നടനുമായ വിനു ചക്രവർത്തിയാണ് സിനിമയിൽ സ്മിതയുടെ ഗുരു. അദ്ദേഹമാണ് വിജയലക്ഷ്മി എന്ന ആന്ധ്രാക്കാരിയെ സിനിമയുടെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തിയത്. വിജയലക്ഷ്മിക്ക് സ്മിത എന്ന പേര് നല്‍കിയതും വിനു ചക്രവർത്തി തന്നെ. ഇം​ഗ്ലീഷിൽ പ്രാവീണ്യം ഇല്ലാതിരുന്ന സ്മിതയക്ക് വിനു ചക്രവർത്തിയുടെ ഭാര്യ കര്‍ണയാണ് ഇം​ഗ്ലീഷ് പഠിപ്പിച്ചത്. കർണ തന്നെ ഡാൻസും അഭിനയവും പഠിക്കാൻ സൗകര്യം ഒരുക്കി നൽകുകയും ചെയ്തു. ഒരു ടച്ച് അപ് ആർട്ടിസ്റ്റായിട്ടാണ് സിൽക്കിന്റെ സിനിമയിലേക്കുള്ള കടന്ന് വരവ്. വൈകാതെ ടച്ചപ്പിൽ നിന്ന് ചെറിയ റോളുകളിലൂടെ ബി​ഗ് സ്ക്രീനിലേക്ക്.

1980 ല്‍ തമിഴിൽ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രമാണ് സ്മിതയുടെ സിനിമ കരിയറിൽ ബ്രേക്കായത്. ആ ചിത്രത്തിലെ കഥാപാത്രത്തിനു ഡയറക്ടർ നൽകിയ പേര് സില്‍ക്ക് എന്ന്. കഥാപാത്രം പിന്നീട് സ്മിതയുടെ പേരിന്‍റെ ഭാഗമായി മാറി .

വണ്ടിച്ചക്രം വൻഹിറ്റായതോടെ സ്മിതയെ തേടി നിരവധി അവസരങ്ങളെത്തിയത് . പക്ഷെ എല്ലാം സമാനരീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു എന്നുമാത്രം. പിന്നീട് 1982ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം ‘മൂണ്‍ട്രു മുഖം’ആണ് സിൽക്ക് സ്മിതയുടെ കരിയറിൽ വഴിത്തിരിവായത്. ആ ചിത്രത്തോടെ സൗത്ത് ഇന്ത്യൻ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിമ വാഴ്ത്തപ്പെട്ടു. ബോൾഡ് വസ്ത്രധാരണത്തിലൂടെയും മാദക നൃത്തരംഗങ്ങളിലൂടെയും ആ പേര് സ്മിത അര്‍ഥവത്താക്കുകയും ചെയ്തു.

ഗ്ലാമർ വേഷങ്ങളിൽ തളയ്ക്കപ്പെട്ടെങ്കിലും മറിച്ചുള്ള ചിത്രങ്ങളിൽ സ്മിതയുടെ അഭിനയപാടവവും പല ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ചെയ്ത സീരിയസ് കഥാപാത്രങ്ങൾ നിരൂപക പ്രശംസ വരെ നേടി. 1980 കളിൽ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളായി സ്മിത. നീർമ്മാതാക്കൾ അവരുടെ ഡേറ്റ് വാങ്ങിയശേഷം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങേണ്ട തരത്തിൽ പ്രശസ്തി വളർന്നു. അത്രയ്ക്കായിരുന്ന സ്മിതയുടെ ആരാധകമൂല്യം.

തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങൾ വളരെ കുറവായിരുന്നു സ്മിതയക്ക്. പൊതുവെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം പലപ്പോഴും അവരെ ഒരു അഹങ്കാരിയാക്കി ചിത്രീകരിച്ചു.

വിദ്യാഭ്യാസം കുറവായിരിന്നിട്ടു പോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവർത്തകരെ പോലും അമ്പരപ്പിച്ചിരുന്നു.

സിനിമ കരിയറിലെ തീരുമാനങ്ങളിൽ സ്മിത ഒരിക്കലും ദുഃഖിച്ചിരുന്നില്ല. താനെടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം തന്‍റേത് മാത്രമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന താരത്തിന് പ്രത്യേകിച്ച് പരാതികളും ഉണ്ടായിരുന്നില്ല. മൃദുലമായ സംസാരിക്കുന്ന കുട്ടികളുടെ പോലെ സ്വഭാവം ഉള്ള ആളെന്നാണ് സഹപ്രവർത്തകർ സ്മിതയെ വിശേഷിപ്പിക്കുന്നത്.

സ്മിതയും ഷക്കീലയും

സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമയായിരുന്നു ഡേര്‍ട്ടി പിക്ച്ചര്‍. ഈ സിനിമയില്‍ ഷക്കീലയുമായി സ്മിതയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രശ്‌നമില്ലായിരുന്നുവെന്നും തന്നെ അവതരിപ്പിച്ചിരിക്കുന്നത് ശരിയായല്ലെന്നും ഷക്കീല പറഞ്ഞിരുന്നു.

ഷക്കീല, സിൽക്ക് സ്മിത

സില്‍ക്ക് സ്മിതയുടെ ജീവിതകഥ സിനിമയാക്കിയ ഡേര്‍ട്ടി പിക്ച്ചര്‍ വലിയ വിജയമായിരുന്നു. വിദ്യ ബാലന് ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഡേർട്ടി പിക്ച്ചറോടെയാണ് സിൽക്ക് സ്മിത എന്ന നടിയെ പൊതു സമൂഹം വിലമതിക്കാൻ തുടങ്ങുന്നത്. ഒരു ഹോട്ട് ഗ്ലാമർ പ്രതീകം എന്നതിനുപരി അവർ ജനമനസുകളിൽ എത്തി.

അതുപോലെ തന്നെ ഷക്കീലയുടെ ജീവിതകഥയും സിനിമയാക്കിയിരുന്നു. റിച്ച ഛദ്ദയായിരുന്നു ചിത്രത്തില്‍ ഷക്കീലയായെത്തിയത്. പക്ഷെ ഈ സിനിമയ്ക്ക് വലിയ വിജയമാകാന്‍ സാധിച്ചില്ല.

മാദക റാണി മരണത്തെ വരിച്ചത്

1996 സെപ്റ്റംബര്‍ 23ന് ചെന്നൈയിലെ വീട്ടില്‍ സില്‍ക്ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

സിനിമാ നിര്‍മ്മാണത്തിലൂടെയുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളുമാണ് സില്‍ക്ക് സ്മിതയെ ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. എഴുത്തുകാരിയും സിനിമാ നിരൂപകയുമായ അനു ചന്ദ്ര സിൽക്ക് സ്മിതയുടെ ആത്മഹത്യാക്കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഈയിടെ ചർച്ചയായി. 1996 വെള്ളിനക്ഷത്രം ചലച്ചിത്ര മാഗസിനിൽ പ്രസിധീകരിച്ച കത്താണിത്.

സിൽക്ക് സ്മിത

“സ്നേഹം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോൾ തളർന്നു പോയി”. നോവുണങ്ങാത്ത ആത്മഹത്യാ കുറിപ്പ്

“ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയാവൂ. എന്നോട് ആരും സ്നേഹം കാണിച്ചില്ല. ബാബു (ഡോ.രാധാകൃഷ്ണൻ) മാത്രമാണ് എന്നോട് അല്പം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്. എല്ലാവരും എൻറെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു.

ജീവിതത്തിൽ എത്രയോ മോഹങ്ങൾ എനിക്കുണ്ട്. അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ, എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല. ഓരോരുത്തരുടെയും പ്രവർത്തികൾ എന്നെ മനസ്സമാധാനം കെടുത്തുന്നതായിരുന്നു. അതുകൊണ്ടാകാം, മരണം എന്നെ വശീകരിക്കുന്നു. എല്ലാവർക്കും ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ. എന്നിട്ടും എൻറെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ? ദൈവമേ, ഇതെന്തൊരു ന്യായമാണ്?

ഞാൻ സമ്പാദിച്ച സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം. ഞാൻ വളരെ ഇഷ്ടപ്പെട്ടു ,പ്രേമിച്ചു ,ആത്മാർത്ഥമായി തന്നെ. അയാൾ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു. എന്നാൽ അദ്ദേഹമെന്നെ വഞ്ചിച്ചു. ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ശിക്ഷ കൊടുക്കും. അയാൾ എന്നോട് ചെയ്ത ദ്രോഹങ്ങൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ദിവസവും എന്നെ ഉപദ്രവിച്ചു. അവരവർ ചെയ്യുന്നത് ന്യായം ആണെന്നാണ് അവരുടെ വിചാരം. ബാബുവും അക്കൂട്ടത്തിൽ തന്നെ. എൻറെ പക്കൽ നിന്ന് അദ്ദേഹം വാങ്ങിയ ആഭരണങ്ങൾ തിരിച്ചു തന്നില്ല. ഇനി ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

ഈശ്വരൻ എന്നെ എന്തിന് സൃഷ്ടിച്ചു? രാമുവും രാധാകൃഷ്ണനും എന്നെ ഏറെ പ്രലോഭിപ്പിച്ചു. ഞാൻ അവർക്ക് എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ മരണത്തിലേക്ക് അവർ തള്ളിയിടുകയായിരുന്നു. എൻറെ ശരീരത്തെ ഉപയോഗിച്ചവർ ധാരാളം. എൻറെ അധ്വാനത്തെ മുതലെടുത്തവരും ധാരാളം. ബാബുവൊഴികെ മറ്റാർക്കും ഞാൻ നന്ദി പറയുന്നില്ല.

കഴിഞ്ഞ അഞ്ചുവർഷമായി ഒരാൾ എനിക്കൊരു ജീവിതം തരാമെന്നു പറഞ്ഞു. ഞാൻ എന്തുമാത്രം ആ ജീവിതത്തിന് വേണ്ടി കൊതിച്ചു എന്നറിയാമോ? പക്ഷേ അതെല്ലാം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നുപോയി. ഇനിയെനിക്ക് പിടിച്ചു നിൽക്കാൻ വയ്യ. ഈ കത്തെഴുതാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു. ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ ആഭരണങ്ങൾ പോലും എനിക്കില്ലാതായി. ഇനി അത് ആർക്കും ലഭിക്കാൻ പോകുന്നു? എനിക്കറിഞ്ഞുകൂടാ…”

(വെള്ളിനക്ഷത്രം മാഗസിൻ :1996 ഒക്ടോബർ 6,സ്മിത തെലുങ്കിൽ എഴുതിയ ആത്മഹത്യ കുറുപ്പിന്റെ മലയാള വിവർത്തനം പ്രസിധീകരിച്ചത്).

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...