പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്.ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന് എന്നീ സംഘടനകളേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.
എട്ട് സംഘടനകളേയും അഞ്ച് വര്‍ഷത്തേക്ക് വിലക്കിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ബി ജെ പി ഭരണത്തിലുള്ള ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകളാണ് നിരോധനം ആവശ്യപ്പെട്ടത്. നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്കി.
ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായാണ് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേന്ദ്രം കര്‍ശന നടപടി സ്വീകരിച്ചത്.
പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഓഫീസുകൾ സീൽ ചെയ്യാൻ നടപടി തുടങ്ങി സംസ്ഥാന പൊലീസ്. കേന്ദ്രസര്‍ക്കാരിൻ്റെ ഉത്തരവ് സംസ്ഥാന പൊലീസിന് ലഭിച്ചു. പിഎഫ്ഐ അക്കൗണ്ടുകൾ മരവിപ്പിക്കും.
ഒരു സംഘടനയെ മാത്രം നിരോധിച്ചിട്ട് കാര്യമില്ലി – എം വി ഗോവിന്ദൻ
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം.പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നു. വർഗീയതക്കെതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിരോധനത്തിൽ ബാലൻസ് വേണം – മുനീർ
പോപ്പുലര്‍ ഫ്രണ്ട് സമൂഹത്തിനോ സമുദായത്തിനോ ഗുണകരമല്ലെന്നും പോപ്പുലര്‍ ഫ്രണ്ടും ആര്.എസ്.എസും ഒരേ സ്വഭാവമുള്ള സംഘടനകളാണെന്നും ലീഗ് നേതാവ് എം.കെ. മുനീര്‍. നിരോധനത്തില്‍ ബാലന്‍സ് വേണം. നിരോധിച്ചതിന്റെ ഗുണം സമൂഹത്തിന് കിട്ടണമെന്നും മുനീര്‍ പറഞ്ഞു.
നേരിടണം, നിരോധനം ഫലവത്താവില്ല – കാരശ്ശേരി
പി.എഫ്.ഐ എന്ന സംഘടനയും അവരുടെ ആശയങ്ങളും പ്രവര്‍ത്തികളുമായി ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് എം.എന്‍ കാരശ്ശേരി. പക്ഷെ, അതിന്റെ പേരില്‍ ഒരു സംഘടനയെ നിരോധിക്കുന്നത് ജനാധിപത്യപരമല്ല. ജനാധിപത്യത്തില്‍ ആശയങ്ങളെ നേരിടേണ്ടത് ആയുധം കൊണ്ടും അധികാരം കൊണ്ടുമല്ല. നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ നേതാക്കളാണ് പി.എഫ്.ഐയിലെ എനിക്കറിയാവുന്ന നേതാക്കള്‍.
നാളെ വേറെ കൊടി, വേറെ മുദ്രാവാക്യം, വേറെ ഓഫീസ് എന്നിവ ഉണ്ടാവാം. അവരുടെ അക്രമങ്ങളെ നിയമം കൊണ്ടും ആശയം കൊണ്ടുമാണ് നേരിടേണ്ടത്. അല്ലാതെ നിരോധനം ഫലവത്തായേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാവകാശം കവരുന്നു- എസ് ഡി പി ഐ
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ വിമര്‍ശിച്ച് എസ് ഡി പി ഐ രംഗത്തുവന്നു. പോപുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ത്യൻ ജനാധിപത്യത്തിനും ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി വ്യക്തമാക്കി. ഭരണഘടന നൽകുന്ന അഭിപ്രായ, സംഘടന സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്നും എസ് ഡി പി ഐ ആരോപിച്ചു.


