വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിന് നിലവിലെരീതി കാര്യക്ഷമമല്ലെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് ആരെയാണ് പ്രകോപിപ്പിക്കുന്നത്. അധ്യാപകനിയമനത്തിന് പി.എസ്.സി.ക്കു കീഴിലോ സ്വതന്ത്രമായോ പ്രത്യേകം റിക്രൂട്ട്മെന്റ് ബോർഡ് രൂപവത്കരിക്കണമെന്നാണ് ശുപാർശ.
കോടികളുടെ കച്ചവടമാണ് അധ്യാപക നിയമന രംഗത്ത്. കേരളത്തിലെ അടുത്ത കാലത്തെ നിയമന/രാഷ്ട്രീയ വിവാദങ്ങളിൽ എല്ലാം അധ്യാപക നിയമനത്തിലെ ഈ താത്പര്യ സംഘങ്ങളുടെ ആദർശ പ്രസംഗങ്ങൾ കേൾക്കാം. അവരെ നിലയ്ക്ക് നിർത്തുക എന്നാൽ ഓരോ രാഷ്ട്രീയ മത സമുദായിക സംഘടനകളും സത്യത്തിനായി സ്വയം ഒരുങ്ങുക എന്ന ആവശ്യം അംഗീകരിക്കുക എന്നതാണ്.
അധ്യാപക നിയമനവും സ്കൂളുകളുടെ പ്രവൃത്തി സമയവും എല്ലാം വിവാദം വേണ്ടാത്ത കാലത്തിൻ്റെ കാലത്തിൻ്റെ ആവശ്യമായ പരിഷ്കാരങ്ങളാണ്. ഇതറിയാത്തവരല്ല എതിർപ്പും സാങ്കേതിക തടസ്സ വാദങ്ങളുമായി ചാടിവീഴുന്നത്. ജനങ്ങൾക്ക് മനസിലാവും പക്ഷെ സർക്കാർ ഇവ നടപ്പാക്കാനുള്ള സത്യസന്ധതയും പ്രതിബദ്ധതയും കാണിക്കുമോ എന്നതാണ് ചോദ്യം.
എന്താണ് കാര്യം
സർക്കാർ സ്കൂളുകളിൽ നിയമനത്തിനായി ഇങ്ങനെയൊരു ബോർഡ് രൂപവത്കരിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും എയ്ഡഡ്, മാനേജ്മെന്റ് സ്കൂളുകളിലെ നിയമനത്തിന് ഈ രീതി പിന്തുടരണമെന്ന് പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടില്ല.
അഭിരുചിയടിസ്ഥാനമാക്കി അധ്യാപനജോലി തിരഞ്ഞെടുക്കാവുന്ന തരത്തിൽ അധ്യാപക കോഴ്സുകൾ ഉടച്ചുവാർക്കണമെന്നു ശുപാർശയുണ്ട്. ഇതു യാഥാർഥ്യമായാൽ എയ്ഡഡ്, മാനേജ്മെന്റ് സ്കൂളുകളിലും യോഗ്യരായ അധ്യാപകരെ ഉറപ്പാക്കാൻ കഴിയുമെന്നാണ് ഖാദർ കമ്മിറ്റിയിലെ വിദഗ്ധരുടെ വിലയിരുത്തൽ.
സത്യത്തിൽ അഭിരുചി പരിഗണിക്കാത്തതാണ് അധ്യാപക പരിശീന കോഴ്സ് തന്നെയും. ഏറെ കാലത്തെ മുറവിളികൾക്ക് ഒടുവിലാണ് കോഴ്സ് രണ്ടു വർഷമാക്കിയത്. മാനേജരുടെ കുടുംബക്കാർക്ക് വിദ്യാലയങ്ങളിലെ ഒഴിവിന് അനുസരിച്ച് പത്ത് മാസത്തെ കോഴ്സ് തീർത്ത് ജോലിയിൽ കയറാനുള്ള സൌകര്യമാണ് അധ്യാപക കോഴ്സുകൾ എന്നു വരെ വിമർശനം ഉയർന്നിരുന്നു. സിലബസ് അതി വിചിത്രവും പഴഞ്ചനുമായിരുന്നു. ഇപ്പോഴും ഭേദമല്ല.
കുട്ടികൾക്ക് ഏറ്റവും ശ്രദ്ധയും സൂക്ഷ്മമായ പരിചരണവും വേണ്ട താഴ്ന്ന ക്ലാസുകളിലേക്കാണ് ഏറ്റവും കുറഞ്ഞ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
ആശങ്കകൾ തീർക്കണം, ആരോപണങ്ങൾ തള്ളണം
സെപ്റ്റംബർ 22 ന് ഒരു റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചെങ്കിലും ഇതുവരെയും റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തു വന്നിട്ടില്ല. റിപ്പോർട്ട് വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുന്നത് നീണ്ടു പോകുന്നു. ഒന്നാം ഭാഗം 2018 ൽ പ്രസിദ്ധീകരിച്ചപ്പോൾ വലിയ വിവാദങ്ങളും എതിർപ്പുകളും. ഉയർന്നു വന്നിരുന്നു.
ഹയർ സെക്കന്ററിയെ പൊതു സ്കൂൾ വിദ്യാഭ്യാസവുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. പുതിയ റിപ്പോർട്ടിൽ അക്കാദമിക തലത്തിൽ വരുത്താൻ പോകുന്ന നിരവധി നിർദേശങ്ങൾ പ്രതിഷേധത്തിന് കാരണമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു. അതിനാലാണ് റിപ്പോർട്ട് അധ്യാപക സംഘടനാ പ്രതിനിധികൾക്ക് പോലും നൽകാതെ, വിശദമായ പത്രക്കുറിപ്പ് മാത്രം നൽകിയത്.
ശമ്പളവും സ്ഥാനമാനങ്ങളും മാത്രമാണോ വിദ്യാഭ്യാസ രംഗം
മികവുള്ള അധ്യാപകരെ നിയമിക്കാനും സമയാസമയങ്ങളിൽ അതു നടപ്പാക്കാനുമൊക്കെയായി ഇപ്പോഴത്തെ രീതി അടിമുടി മാറ്റണമെന്ന് ഖാദർ കമ്മിറ്റി അടിവരയിട്ടു. ഒഡിഷ പോലുള്ള സംസ്ഥാനങ്ങളിൽ അധ്യാപക റിക്രൂട്ട്മെന്റ് ബോർഡുണ്ടെന്ന് സ്കൂൾവിദ്യാഭ്യാസ പരിഷ്കാരത്തിനായി റിപ്പോർട്ടു സമർപ്പിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. എം.എ. ഖാദർ ചൂണ്ടി കാട്ടുന്നു. ഈ മാതൃക കേരളത്തിലും നടപ്പാക്കാം. ശുപാർശ ഏതുതരത്തിൽ നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യാപകരുടെ സ്ഥാനക്കയറ്റം നിർണയിക്കുന്നതടക്കമുള്ള ചുമതലകൾ റിക്രൂട്ട്മെന്റ് ബോർഡിനെ ഏൽപ്പിക്കാമെന്നതാണ് ഖാദർ കമ്മിറ്റിയുടെ നിർദേശം. എയ്ഡഡ് സ്കൂളിലുൾപ്പെടെ പ്രധാനാധ്യാപകരെ നിയമിക്കുമ്പോൾ സീനിയോറിറ്റി മാത്രമല്ല, ഭരണപാടവവും വിലയിരുത്തണം. ഇതും റിക്രൂട്ട്മെന്റ് ബോർഡിനെ ഏൽപ്പിക്കാമെന്നാണ് ശുപാർശ. ഇങ്ങനെ, അധ്യാപകരുടെ നിയമനവും സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള മേൽനോട്ടസമിതിയായി റിക്രൂട്ട്മെന്റ് ബോർഡ് മാറും.
കേരളത്തിൽ, രാഷ്ട്രീയ ഇരിപ്പിടങ്ങൾ കൂടുതൽ ഉണ്ടെങ്കിലും രാജ്യത്തെ തന്നെ കാര്യക്ഷമമായ റിക്രൂട്ട്മെൻ്റ് സംവിധാനമാണ് പി എസ് സി. ഇത്തരം സംവിധാനങ്ങൾ കേരളത്തിൽ പ്രായോഗികമല്ലാതല്ല. ഭരണ നേതൃത്വം സമ്മർദ്ദങ്ങളെ അതിജീവിക്കുക എന്നതാണ് പ്രധാനം. കോടികളുടെ കളിയാണ്. ശക്തമായ വോട്ടു ബാങ്ക് സമ്മർദ്ദം നിലനിൽക്കുന്ന മേഖലയുമാണ്.
കേരളത്തിലെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണ്. അതിനെ ലോക നിലവാരത്തിനും മുകളിലേക്ക് മാതൃകയായി ഉയർത്താനുള്ള ആദ്യപടിയാണ്. സ്കൂൾ സമയം മാറ്റുന്നത് വരെ സമൂഹത്തിന് മൊത്തം മാറ്റം കൊണ്ടു വരാൻ കഴിയുന്ന പരിഷ്കാരങ്ങളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ജനതയായി വരും തലമുറകളിലൂടെ കേരളത്തെ മാറ്റാൻ കഴിയും. പക്ഷെ ഈ മേഖലയെ എങ്കിലും താത്പര്യങ്ങളിൽ നിന്നും മുക്തമാക്കി ശാസ്ത്രീയമായി പരിഷ്കരിക്കാൻ കഴിയണം.


