കേട്ടെഴുത്തിൽ പിശക് വരുത്തിയതിന് ദളിത് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലാണ് വിദ്യാർഥിയെ മർദ്ദിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ അശ്വിനി സിംഗ് ഒരാഴ്ചയ്ക്ക് ശേഷമാണ് പിടിയിലാകുന്നത്. അധ്യാപകൻ്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നിഖിത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.
കേസ് കാശ് നൽകി ഒതുക്കാൻ ശ്രമിച്ചു എങ്കിലും പൊതു വാർത്തയായതോടെ പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു. ഉയർന്ന ജാതിയിൽപ്പെട്ട അധ്യാപകൻ നിഖിതിന്റെ ചികിത്സയ്ക്കായി ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും നൽകി. ദരിദ്രരായ രക്ഷിതാക്കളെ നിശ്ശബ്ദരാക്കാൻ ശ്രമിച്ചു. പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
സെപ്തംബർ 7 ന് പത്താം ക്ലാസ് വിദ്യാർത്ഥിയായ നിഖിത് ദോഹ്രെയെ അധ്യാപകൻ അശ്വിനി സിംഗ് വടി കൊണ്ട് അടിക്കുകയും ബോധരഹിതനാകുന്നതുവരെ ചവിട്ടുകയും ചെയ്തു. പരീക്ഷയിൽ “സോഷ്യൽ” എന്ന വാക്ക് തെറ്റായി എഴുതിയതിനാണ് ക്രൂര മർദ്ദനം. നേരത്തെ തന്നെ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന കുട്ടിയാണ്.

കൗമാരക്കാരന്റെ മരണത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് പ്രതിഷേധം ഉയർന്നു. കോളജ് മാനേജ്‌മെന്റ് അധ്യാപകനെ സസ്‌പെൻഡ് ചെയ്യേണ്ടി വന്നു. അതേസമയം, വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കല്ലേറും തീകൊളുത്തലും ഉണ്ടായ സംഭവത്തിൽ 35 പേർക്കെതിരെ പൊലീസ് കേസെടുത്തു ആരംഭിച്ചു.


