ഒരേസമയം രണ്ട് മുഴുനീള അക്കാദമിക് കോഴ്‌സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന രീതി 2022 അധ്യയനവർഷംമുതൽ നടപ്പാക്കാൻ നിർദേശിച്ച് യു.ജി.സി. ഇതുസംബന്ധിച്ച് വൈസ് ചാൻസലർമാർക്കും പ്രിൻസിപ്പൽമാർക്കും യു.ജി.സി. സെക്രട്ടറി കത്തയച്ചു.
പ്രഖ്യാപനത്തിനും മുൻപേ വിദ്യാർഥികൾ
ഇഗ്നോ വഴിയുള്ള പിജി കോഴ്സുകൾക്ക് ഇപ്പോൾ തന്നെ വിദ്യാർഥികൾ റജിസ്ട്രേഷൻ തുടങ്ങി. ഇത്തവണ ഇരട്ട ബിരുദക്കാരെ പ്രതീക്ഷിച്ച് ഇഗ്നോ പിജി അപേക്ഷ രണ്ടു തവണ നീട്ടി നൽകുകയും ചെയ്തിരുന്നു. ഇതര പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്നവരാണ് ഏറ്റവും അധികം ഈ രീതിയിൽ റജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്. റഗുലർ കോഴ്സ് ഇഷ്ടവിഷയത്തിന് ലഭിക്കുന്നതിന് മുൻപ് ഒരു പിജി തുടങ്ങി വെക്കുക എന്നതാണ് ഇവരുട സമീപനം.
വിശദവിവരങ്ങൾ ugc.ac.in എന്ന സൈറ്റിൽ നൽകിയിട്ടുണ്ട്. ഒരുവിദ്യാർഥിക്ക് ഒരേസമയം രണ്ടുകോളേജുകളിലായി കോഴ്സുകൾ ചെയ്യാനും സാധിക്കും. സയൻസ്- ആർട്‌സ് ഭേദമില്ലാതെ ഏതുവിഷയവും ഒരേസമയം വിദ്യാർഥിക്ക് പഠിക്കാനാകുമെന്നതാണ് കോഴ്‌സിന്റെ പ്രത്യേകത.
ഒരു കോഴ്‌സ് ഓൺലൈനായും രണ്ടാമത്തെ കോഴ്‌സ് നേരിട്ട് കോളേജിൽ പോയി പഠിക്കാനും സാധിക്കും. ഇരു കോഴ്സുകളും ഓൺലൈനായും പഠിക്കാം. രണ്ടുകോഴ്‌സുകളിലെയും സമയക്രമങ്ങൾ ഏകോപിപ്പിച്ചുകൊണ്ടു പോകാൻ കഴിയുന്നവർക്ക് ഇത് എളുപ്പമാവും. എന്നാൽ പരീക്ഷകൾ ഒരുമിച്ച് വരുമോ എന്നതാണ് വിദ്യാർഥികളുടെ ആശങ്ക. ഇപ്പോൾ തന്നെ കേന്ദ്ര വിദ്യാഭ്യാസ ഏജൻസികളുടെ പരീക്ഷകൾ ഇത്തരത്തിൽ ഒരുമിച്ച് വരാറുണ്ട്.


