സമാധാന നൊബേല്‍ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്‌സ്‌കിക്കും രണ്ട് സംഘടനകള്‍ക്കും പങ്കിട്ടു. റഷ്യയിലെ മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ യുക്രൈനിലെ യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നീ സംഘടനകളാണ് അലിസ് ബിയാലിയാട്‌സ്‌കിക്ക് ഒപ്പം 2022 നൊബേല്‍ പങ്കിട്ടത്.
മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് പരിഗണിച്ചത്.
അലിസ് ബിയാലിയാട്‌സ്‌കി
ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അലിസ് ബിയാലിയാട്‌സ്‌കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആള്‍ കൂടിയാണ് അദ്ദേഹം.
മെമ്മോറിയല്‍,
1987-ലാണ് റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ സ്ഥാപിക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ സംഘടനയാണ് മെമ്മോറിയല്‍.
സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിലെ ഇരകളെക്കുറിച്ചുള്ള ഡോക്യുമെന്റേഷന്‍ കേന്ദ്രം സ്ഥാപിച്ചു. റഷ്യയിലെ രാഷ്ട്രീയ അടിച്ചമര്‍ത്തലുകളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും വിവരങ്ങള്‍ സമാഹരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. റഷ്യയിലെ തടങ്കല്‍ കേന്ദ്രങ്ങളിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചുള്ള വിവരങ്ങളുടെ ഏറ്റവും ആധികാരിക ഉറവിടമാണിപ്പോൾ മെമ്മോറിയല്‍. തീവ്രവാദത്തെ ചെറുക്കുന്നതിലും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.
സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് ലോഗോ
യുക്രൈനിലെ കീവില്‍ 2007-ലാണ് സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് സ്ഥാപിക്കപ്പെട്ടത്. യുക്രൈനിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കുന്നതിനും ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു സംഘടന പ്രവര്‍ത്തിച്ചത്. യുക്രൈനെ സമ്പൂര്‍ണ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാനായി സര്‍ക്കാരിന് മേല്‍ സംഘടന നിരന്തരം സമ്മര്‍ദം ചെലുത്തി. യുക്രൈനെ നിയമവാഴ്ച ഭരിക്കുന്ന ഒരു സംസ്ഥാനമാക്കി വികസിപ്പിക്കുന്നതിനായി ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുമായി അഫിലിയേറ്റ് ചെയ്യണമെന്ന് സംഘടന നിരന്തരം വാദിച്ചിരുന്നു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുക്രൈന്‍ ജനതയ്ക്ക് നേരെയുള്ള അക്രമങ്ങൾ പുറത്തുകൊണ്ടുവരുന്നതിലും ശ്രദ്ധേയമായി. യുദ്ധക്കുറ്റവാളികളെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ചുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.


