സുപ്രീം കോടതി ജഡ്ജിയുടെ പ്രതിച്ഛായ തകർക്കാൻ നിക്ഷിപ്ത താൽപര്യമുള്ള ചിലർ നടത്തുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ.രാജ്യത്തിന് ജസ്റ്റിസ് ചന്ദ്രചൂഡിൽ പൂർണ്ണ വിശ്വാസമുണ്ട്. സുപ്രീം കോടതി ജഡ്ജിക്കെതിരായ കത്ത് ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവുമാണെന്ന് ബിസിഐ അപലപിച്ചു.
ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ പരാതി നൽകിയ പത്താൻ സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ തെറ്റായതും അടിസ്ഥാനരഹിതവുമായ പരാതികൾ നൽകിയതിന് കോടതിയലക്ഷ്യ ഹർജിയിൽ കുറ്റക്കാരനെന്ന് സുപ്രീം കോടതി കണ്ടെത്തി ആളെന്നും ബിസിഐ പറഞ്ഞു.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും മകൻ അഭിനവ്ചന്ദ്രചൂഡിനും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചത്. അതിലെ ആരോപണത്തെ എതിർത്താണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ രംഗത്തുവന്നത്.
സുപ്രീംകോടതിയിലെ ഹൈക്കോർട്ട് ലിറ്റിഗന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ കെ പത്താനാണ് പരാതി നൽകിയത്. അഭിഭാഷകൻ കൂടിയായ മകൻ അഭിനവിന്റെ കക്ഷിക്ക് അനുകൂലമായ രീതിയിൽ ജസ്റ്റിസ് ചന്ദ്രചൂഡ് വിധി പുറപ്പെടുവിച്ചെന്നാണ് പരാതിയിലെ ആരോപണം.
പുതിയ ചീഫ്ജസ്റ്റിസിന്റെ പേര് ശുപാർശ ചെയ്യാൻ നിയമമന്ത്രാലയം കഴിഞ്ഞദിവസം നിലവിലെ ചീഫ്ജസ്റ്റിസ് യു യു ലളിതിന് കത്ത് നൽകിയിരുന്നു. ജസ്റ്റിസ് ലളിത് നവംബർ എട്ടിന് വിരമിക്കുന്ന സാഹചര്യത്തിലായിരുന്നു നിർദേശം. സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ചന്ദ്രചൂഡാണ് അടുത്ത ചീഫ്ജസ്റ്റിസാകേണ്ടത്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് എതിരെ പരാതിയുമായി ലിറ്റിഗന്റ്സ് അസോസിയേഷൻ ഭാരവാഹി രംഗത്തെത്തിയിട്ടുള്ളത്.
നേരത്തെ ജസ്റ്റിസ് എൻ വി രമണ ചീഫ്ജസ്റ്റിസായി ചുമതലയേൽക്കുന്നതിന് മുന്നേയും ചിലർ അദ്ദേഹത്തിന് എതിരെ പരാതി നൽകിയിരുന്നു.


