കോഴിക്കോട് മെഡിക്കൽ കോളിജിൽ നിന്നും സർജറിക്ക് വിധേയയായ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ അധികൃതരുടെ അവകാശം വാദം പൊളിയുന്നു. യുവതിയുടെ ഭർത്താവും ഡോക്ടർമാരും തമ്മിലുള്ള സംഭാഷണം പുറത്തായി. കണ്ടെത്തിയത് കത്രിക തന്നെയെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതായി ഡോക്ടർമാർ പറയുന്ന ശബ്ദ സന്ദേശം 24 ന്യൂസ് പുറത്തു വിട്ടു.
2017 നവംബർ മുപ്പതിനാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. അതിനുശേഷം ഏതാണ്ട് രണ്ട് മാസത്തിനുള്ളിൽ തന്നെ യൂറിനറി ഇൻഫക്ഷൻ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഇവർ നേരിട്ടു. ഇൻഫെക്ഷനും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊക്കെ ഇവർക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവരെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴൊന്നും സ്കാൻ ചെയ്തിരുന്നില്ല. പക്ഷേ, പഴുപ്പ് കണ്ടെത്തി. തുടർന്ന് വയറ് തുറന്ന് ശസ്ത്രക്രിയ നടത്തി. മൂന്ന് ശസ്ത്രക്രിയകളും വയറിൻ്റെ ഭാഗത്തല്ല, അടിവയറ്റിന് താഴെയായിട്ടാണ് ചെയ്തത്. അപ്പോഴും ഇതൊക്കെ കത്രിക കാരണം ഉണ്ടായ ബുദ്ധിമുട്ടുകളാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പഴുപ്പും മറ്റും എടുത്തുകളയാൻ വേണ്ടിയായിരുന്നു ഈ മൂന്ന് ശസ്ത്രക്രിയകളും നടത്തിയത്.
അതിനുശേഷം അടുത്തിടെ നടത്തിയ ഒരു സിടി സ്കാനിലാണ് ഈ കത്രിക വയറിനുള്ളിൽ ഉണ്ട് എന്ന് കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയ നടത്തുകയും കത്രിക പുറത്തെടുക്കുകയും ചെയ്തു.
ഇപ്പോൾ പുറത്തുവന്ന സംഭാഷണം, കഴിഞ്ഞ മാസം 19ആം തീയതി നടന്നതാണ്. 17ആം തീയതിയാണ് കത്രിക പുറത്തെടുത്തത്. അതിനുശേഷം അന്ന് തന്നെ ഈ കത്രിക കാണിക്കണമെന്ന് യുവതിയുടെ ഭർത്താവായ അഷ്റഫ് ആശുപത്രി അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വരൂ എന്നാണ് ഇവർ പറഞ്ഞത്. കത്രിക മൂത്രാശയത്തിൽ കുത്തി നിന്നതായുന്നു യുവതിയുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് എല്ലാം കാരണമായത്.
പറഞ്ഞത് പ്രകാരമാണ് 19ആം തീയതി, അതായത് തിങ്കളാഴ്ച ഭർത്താവ് ആശുപത്രിയിൽ എത്തുകയും ഈ ദൃശ്യം പകർത്തുകയും ചെയ്തത്. ഡോക്ടർമാരുമായി ഭർത്താവ് അഷ്റഫ് സംസാരിക്കുന്നുണ്ട്. അപ്പോൾ അവർ കൃത്യമായി തന്നെ ഇത് കത്രികയാണെന്നും വയറിനുള്ളിൽ നിന്ന് എടുത്തതാണെന്നും കൃത്യമായി സ്ഥിരീകരിക്കുന്നുണ്ട്. മാത്രവുമല്ല സൂപ്രണ്ട് ഈ കത്രിക ആ സ്ഥിരീകരിച്ച് സീൽ ചെയ്ത് കൊണ്ടുപോവുകയാണ് എന്നും ഈ ഡോക്ടർമാർ പറയുന്നുണ്ട്.
അപ്പോഴും ഇവർ പറയുന്നത് അഞ്ചുവർഷം മുമ്പ് ഇതേ ആശുപത്രിയിൽ വച്ച് സിസേറിയൻ നടത്തിയിട്ടുണ്ട് എന്നാണ്. ആ ശസ്ത്രക്രിയക്കിടയിൽ തന്നെയാണ് ഈ കത്രിക വയറ്റിൽ കുടുങ്ങിയത് എന്നത് ഏതാണ്ട് വ്യക്തമാണ്. ഇത് ഡോക്ടർമാർക്കും ഏതാണ്ട് വ്യക്തമായിരുന്നു. പക്ഷേ, നേരത്തെ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും ഒക്കെ തന്നെ മാറിയിരുന്നു. പുതിയ ഡോക്ടർമാരും മറ്റുമാണ് അവിടെ ഉണ്ടായിരുന്നത്.
സംഭവം അന്വേഷിക്കാൻ പ്രിൻസിപ്പൽ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
യുവതിയുടെ ശരീരത്തില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. 15 ദിവസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനാണു നിര്‍ദേശം നല്‍കിയത്. ആരാണ് വീഴ്ചയ്ക്കു കാരണം? ഉണ്ടെങ്കിൽ ഉത്തരവാദി ആരാണ്? എന്താണ് സംഭവിച്ചത്? തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടാണ് നൽകേണ്ടത്. ഒക്ടോബർ 28ന് മനുഷ്യാവകാശ കമ്മിഷൻ കോഴിക്കോടുവച്ച് ചേരുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്. ഇതിനുശേഷം ഹർഷിനയ്ക്ക് അവശതയും വേദനയും ഉണ്ടായിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.
തുടർന്നു സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. 17ന് കത്രിക പുറത്തെടുക്കുകയും ചെയ്തു. 12 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർസെപ്സ്) കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെറ്റുപറ്റിയെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നിരുന്നു.


