മന്ത്രവാദ ചികിത്സയുടെ പേരിൽ വീട്ടിലെത്തിയയാൾ സ്വർണവും പണവും കവർന്ന് കടന്നു കളഞ്ഞതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. പണം നഷ്ടപ്പെട്ടത് ചാത്തൻ സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാൻ ഇയാൾ ശ്രമിച്ചുവെന്നും പരാതിയിൽ പറഞ്ഞു.
മദ്രസ അധ്യാപകൻ്റെ വീട്ടിൽ നിന്നാണ് 7 പവനും ഒരുലക്ഷം രൂപയും കവർന്നത്. പ്രതി മുഹമ്മദ് ഷാഫി നമസ്കരിക്കാനെന്ന് പറഞ്ഞ് മദ്രസ അധ്യാപകന്റെ കിടപ്പുമുറിയിൽ കടന്നിരുന്നു. ഇതിനിടെ സ്വർണവും പണവും കവരുകയായിരുന്നു എന്നാണ് പരാതി.
മോഷണം ശ്രദ്ധയിൽ വന്നപ്പോൾ മന്ത്രവാദി ഷാഫിയെ വിവരം അറിയിച്ചിരുന്നു. ഇതിന് ശേഷം മദ്രസ അധ്യാപകന്റെ ഭാര്യയെ വിളിച്ച് സ്വർണവും പണവും ചാത്തൻമാർ കൊണ്ടുപോയതാണെന്ന് വിശ്വസിപ്പിച്ചു.രണ്ട് ദിവസം കഴിഞ്ഞ് അലമാര തുറക്കുമ്പോൾ പണം അവിടെയുണ്ടാകുമെന്നും ഇയാൾ അവരോട് പറഞ്ഞു.
ഇതനുസരിച്ച മദ്രസ അധ്യാപകന്റെ ഭാര്യ രണ്ട് ദിവസത്തിന് ശേഷം അലമാര തുറന്നപ്പോഴാണ് ചതി മനസിലാക്കിയത് എന്നും പരാതിപ്പെട്ടു. പയ്യോളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.


