പീഡനകേസ് മുറുകിയതോടെ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ. എം എൽ എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളി റദ്ദാക്കി. രണ്ട് ദിവസം മുമ്പ് വരെ പെരുമ്പാവൂരിൽ സജീവമായിരുന്ന എൽദോസ് കുന്നപ്പിള്ളിൽ പരാതി ഗൌരവതരമായി തീർന്നതോടെ മുങ്ങിയിരിക്കുയാണ്. രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ എം എൽ എയെ നേരിട്ട് ബന്ധപ്പെടാൻ മറ്റ് മാർഗങ്ങളില്ല. രണ്ട് ദിവസമായി പൊതുപരിപാടികൾക്കും എം എൽ എയെ കണ്ടിട്ടില്ല. എൽദോസ് എവിടെയെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ലെന്നതാണ് മറ്റൊരു കാര്യം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരും വരെ എം എൽ എ മാറിനിൽക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം.
ഒന്നിച്ചു നിന്ന വനിതാ നേതാവും സ്ഥലത്തില്ല
അതേസമയം എൽദോസിന്റെ നിർദ്ദേശപ്രകാരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയായ അധ്യാപിക ആരോപിക്കുന്ന പെരുമ്പാവൂരിലെ വനിത കോൺഗ്രസ് നേതാവും വീട്ടിലില്ല. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ് ഈ വനിത നേതാവ്. ഇവരുടെയും ഭർത്താവിന്റെയും ഫോൺ സ്വിച്ച് ഓഫാണ്. പെരുമ്പാവൂർ ഇരിങ്ങോളിലെ എം എൽ എയുടെ ഓഫീസിലേക്ക് കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധ മാർച്ചുകളുണ്ട്. പക്ഷേ കോൺഗ്രസ് പ്രവർത്തകരടക്കം ആരും ഇങ്ങോട്ട് വരുന്നില്ല.
ഫോൺ മോഷ്ടിച്ചെന്ന് പരാതി, പക്ഷെ എം എൽ എയുടെ ഭാര്യ മൊഴി നൽകിയില്ല
ഇതിനിടെ പരാതിക്കാരിയായ യുവതി എൽദോസിന്റെ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എം എൽ എയുടെ ഭാര്യ പൊലീസിൽ പരാതി നൽകി. ആരോപണം ഉന്നയിക്കുന്ന അധ്യാപിക എൽദോസിന്റെ ഫോൺ മോഷ്ടിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകർ വഴി കൊടുത്തുവിട്ട പരാതിയിൽ പറയുന്നത്. ഈ ഫോൺ ഉപയോഗിച്ച് എം എൽ എയ്ക്ക് എതിരെ അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. അതേസമയം പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് വിളിപ്പിച്ചിട്ടും പരാതി സംബന്ധിച്ച് മൊഴി നൽകാൻ എം എൽ എയുടെ ഭാര്യ തയ്യാറായിട്ടില്ല.
കേസ് എടുക്കാൻ വൈകിപ്പിച്ച സി ഐക്ക് സ്ഥലം മാറ്റം
എൽദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച കോവളം എസ് എച്ച് ഒ പ്രൈജു ജിയെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എൽദോസിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാതെ ഒത്തുതീര്‍പ്പാക്കാൻ പൊലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
ഇതിനിടെ കോൺഗ്രസ് നേതൃത്വവും എം എൽ എയെ കൈ വിട്ടിരുന്നു. അന്വേഷണ കമ്മീഷനെ ഒന്നും വെക്കില്ല. കുറ്റക്കാരൻ എന്നു കണ്ടാൽ ഉടൻ പാർട്ടിയിൽ നിന്നും പുറത്താക്കും എന്നാണ് പാർട്ടി അധ്യക്ഷൻ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്.
പലസ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു
എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്. ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എംഎൽഎ ഒളിവിലാണ്.
പെരുമ്പാവൂർ എംഎൽഎ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരി നൽകിയ മൊഴി. വിവാദം ശക്തമാകുന്നതിനിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ യുവതി, മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. പരാതി വ്യാജമല്ലെന്നും, കഴിഞ്ഞ ജൂലൈ മുതൽ എൽദോസുമായി അടുപ്പമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.


