24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. മല്ലികാര്‍ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തു. പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍ ലഭിച്ചു. 1072 വോട്ടുകള്‍ ശശി തരൂരിന് ലഭിച്ചു. 416 വോട്ടുകള്‍ അസാധുവായി.
ശശി തരൂർ കോൺഗ്രസിലെ ജനാധിപത്യം നിലനിൽക്കുന്നു എന്നു കാണിക്കാനുള്ള പടയാളിയായി. ഇതര പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്നെല്ലാം വ്യത്യസ്തമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി അധ്യക്ഷൻ എന്ന ബഹുമതി കൂടി മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് സ്വന്തമായി.
നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷപദവിയിലേക്ക് എത്തി. അതേ കുടുംബത്തിന്റെ വിശ്വസ്തനാണ് പകരം വരുന്നത്. സുതാര്യ തിരഞ്ഞെടുപ്പാണ് നടന്നത് എങ്കിലും ഔദ്യോഗിക പരിവേഷം ഖാര്‍ഗെയ്ക്ക് തന്നെയായിരുന്നു.
ശശി തരൂരിന്റെ സാന്നിധ്യവും പ്രചാരണങ്ങളും ഒരു തിരഞ്ഞെടുപ്പിൻ്റെ ഓളം നിലനിർത്തിയിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി തരൂര്‍ ടീം ആരോപിച്ചത് ശ്രദ്ധേയമായി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ക്രമക്കേട് ആരോപിച്ച് തരൂര്‍ പരാതി നല്‍കിയത്. ഇത് വെറും മത്സരം എന്ന പ്രതീതിയെ കുറച്ചു.
ഖാർഗെ മുന്നിൽ നിൽക്കും
മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
നിയമസഭയിലേക്കേും ലോക്സഭയിലേക്കുമായി 12 തവണ തിരഞ്ഞെടുപ്പിനെ നേരിട്ടു. 2019-ൽ മാത്രമാണ് പരാജയം ഏറ്റത്. 1972ല്‍ ആദ്യമായി മത്സരിച്ചത് മുതല്‍ 2008വരെ തുടര്‍ച്ചയായി ഒമ്പത് തവണ കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവരണ സീറ്റായ ഗുര്‍മിത്കല്‍ മണ്ഡലത്തില്‍ നിന്നായിരുന്നു തുടര്‍ച്ചയായ വിജയം. ഒരു തവണ ചിതാപുരില്‍ നിന്ന് ജയിച്ചു. 2009ലും 2014ലും ഗുല്‍ബര്‍ഗയില്‍ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2019-ല്‍ സ്വന്തം ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച ഉമേഷ് ജാദവിനോട് പരാജയപ്പെട്ടു. തുടര്‍ന്നാണ് രാജ്യസഭയിലെത്തിയത്. കേന്ദ്രമന്ത്രിയായും കര്‍ണാടകത്തില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവും രാജ്യസഭയിലെ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായിരുന്നു.
രാഹുൽ ഗാന്ധി
കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധി. തന്റെ നിർദേശങ്ങൾ പുതിയ അധ്യക്ഷന്‍ ആവശ്യമില്ലെന്നും രാഹുൽ വ്യക്തമാക്കി. കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. ഖർഗേയും തരൂരും മിടുക്കരാണ്. കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാൻ അർഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുൽ പറഞ്ഞു.


