“പാർടിയുടെ സൈദ്ധാന്തികവും പ്രായോഗികവും സ്ഥാപനപരവുമായ നവീകരണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഷി ജിൻപിങ് കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കും. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള “ഷി ജിൻപിങ് ചിന്ത’ സമകാലിക ചൈനയുടെയും 21––ാം നൂറ്റാണ്ടിന്റെയും മാർക്സിസമാണ്, അത് ചൈനീസ് സംസ്കാരവും ധാർമികതയും ഉൾച്ചേരുന്നു”-
ചൈനീസ് കമ്യൂണിസ്റ്റ് പാർടി (സിപിസി)യുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങിന് മൂന്നാം തവണയും അധികാരത്തിലേറാനായി വരുത്തിയ ഭരണഘടനാ ഭേദഗതിയിലെ വാചകങ്ങളാണ് ഇവ. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്വഴക്കം അവസാനിപ്പിച്ച് മൂന്നാം തവണയും പാർട്ടി തലവനാകാൻ ഇതുവഴി താത്വിക ന്യായമായി. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങിനും ജിയാങ്ങ് സെമിനും മാത്രമാണ് രണ്ടിൽ കൂടുതൽ തവണ പാർട്ടി തലപത്തെത്താൻ അവസരം ലഭിച്ചത്. ഈ അസാധാരണ അംഗീകാരമാണ് ഷീ ജിൻപിങ്ങ് സ്വന്തമാക്കിയത്.
2020 മുതൽ 2035 വരെ സോഷ്യലിസ്റ്റ് നവീകരണം സാക്ഷാൽക്കരിക്കുക, 2035 മുതൽ ഈ നൂറ്റാണ്ടിന്റെ പകുതി വരെ സമ്പന്നവും ശക്തവും ജനാധിപത്യപരവും സാംസ്കാരികമായി പുരോഗമിച്ചതും യോജിപ്പുള്ളതും മനോഹരവുമായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി ചൈനയെ കെട്ടിപ്പടുക്കുക എന്നിങ്ങനെ രണ്ടുഘട്ടമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവി പ്രവർത്തന രേഖിലുള്ളത്.
ഞായറാഴ്ച ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂർണ യോഗത്തിലാണ് പൊളിറ്റ് ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തത്. അടുത്ത അഞ്ചു വർഷത്തേക്ക് പാർടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. 205 പൂർണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉൾപ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തു.
അധികാരം സൈനിക ബലത്തെയും കേന്ദ്രീകരണത്തെയും മുദ്രാവാക്യമാക്കുമ്പോൾ
ചൈനയിലെ ഒൻപതര കോടി പാർട്ടി അംഗങ്ങളിൽ നിന്നും അരിച്ച് അരിച്ച് അരിച്ച് തെരഞ്ഞെടുത്ത 2296 പാർട്ടി കോണ്‍ഗ്രസ് പ്രതിനിധികളാണ് ഷീയെ സർവാധികാരിയാക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി, ചൈനീസ് പ്രസിഡന്റ്, സെന്‍ട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ. പാർട്ടിയും, രാജ്യവും, സൈന്യവും എല്ലാം ഇതോടെ ഒന്നായി.
20 ാം പാർട്ടി കോൺഗ്രസിലെ അവസാന വോട്ടിംഗിന് മുമ്പ് ലോകം കണ്ടത് വെറും പ്രഹസനമോ രാഷ്ട്രീയാധികാരം തിരിഞ്ഞു കുത്തുന്ന വൈരുദ്ധ്യാത്മകതയുടെ ഉദാഹരണ ചിത്രമോ എന്ന് ഇപ്പോഴും ചർച്ച തുടരുകയാണ്.
ക്യമാറകൾക്കും മാധ്യമ പ്രവർത്തകർക്കും അനുവദനീയമായ സെഷനായിരുന്നു. അവിടെ പ്രസിഡന്റ് ഷീ യോട് എന്തോ പറയാൻ മുൻഗാമി ഹു ജിൻ്റാവോ ശ്രമിക്കുന്നതായി കാണാം. മുന്നിലുളള പേപ്പർ എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ വന്ന് ഹു ജിന്റാവോയെ തോളിൽ പിടിച്ച് ഉയർത്തി. തടയാൻ ശ്രമിച്ചിട്ടും ഹു പറഞ്ഞ എന്തോ കാര്യം മുഖം കൊടുക്കാതെ ഷീ തലയാട്ടുന്നു.
തൊട്ടപ്പുറത്ത് ശിഷ്യൻ ലീ കെക്വാങ്ങ് ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പുറത്ത് ഒന്ന് തട്ടി ഹു പുറത്തു പോയി. മാധ്യമങ്ങൾക്ക് ക്ഷണം അനുവദിച്ച സെഷനിൽ 100 കണക്കിന് ക്യാമറാ കണ്ണുകൾക്ക് മുന്നിലായിരുന്നു ഈ അത്യസാധാരണ സംഭവം. ഇറക്കിവിടലിന്റെ കാരണം 24 മണിക്കൂർ കഴിഞ്ഞിട്ടും ചൈന വിശദീകരിച്ചിട്ടില്ല.
ഇതേ ദിവസം തന്നെ കോൺഗ്രസ് യോഗത്തിൽ ഹു അനുയായിയും പാർട്ടിയിൽ രണ്ടാമനുമായ ലീ കെക്വാങ്ങിനെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് മാറ്റി നിർത്തിയതും കൂട്ടി വായിക്കപ്പെട്ടു. ലീ കൂടി ഒതുക്കപ്പെടുന്നതോടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഷി പക്ഷ മേധാവിത്തം പൂർണ്ണമാക്കപ്പെടുകയാണ്.
തുറന്ന വിപണിയുടെ വക്താവായിരുന്ന ലീ കെക്വാങ്ങ് ആശയ യുദ്ധത്തിന് തുടക്കമിട്ടിരുന്നു. പാർട്ടി കോൺഗ്രസ് അവസാനിക്കുമ്പോൾ ചൈനീസ് ഭരണത്തിൽ ലിക്കണോമിക്സും (LICONOMICS) ഷിക്കണോമിക്സും (XICONOMICS) തമ്മിലുള്ള ആശയ സംഘർഷം കൂടി പരസ്യമായി പുറത്ത് വരികയാണ്.
രാജ്യത്തിന് മീതെ ഒരു പാർട്ടി. ആ പാർട്ടിക്ക് മീതെ ഒരു നേതാവ്. വാ തുറന്നാൽ പുറത്ത്. അല്ലെങ്കിൽ രാജ്യദ്രോഹക്കുറ്റം, എന്നിങ്ങനെ അധികാരം സർവ്വശക്തരാൽ സംതൃപ്തരാക്കപ്പെട്ട ജനങ്ങളുടെ വിധേയത്വത്തിൻ്റെ അവസ്ഥ വെളിപ്പെടുത്തുകയാണ്.


