ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ സമയ പരിധി അവസാനിച്ചു. ഒരാളും രാജിവെച്ചില്ല. ഗവര്‍ണറുടെ രാജി ആവശ്യം ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹര്‍ജി. ഇന്ന് അവധി ദിനമാണെങ്കിലും ഇന്നുതന്നെ ഹർജി പരിഗണിക്കും. വൈകീട്ട് നാല് മണിക്ക് പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കേസ് പരിഗണിക്കുക.
രാജിനിര്‍ദേശം ലഭിച്ച വൈസ് ചാന്‍സലര്‍മാര്‍ എല്ലാവരും കൊച്ചിയിലെത്തിയേക്കും. തുടര്‍ന്നുള്ള നടപടികള്‍ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ട്.
സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാരോട് തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കാനായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രാജിക്കില്ലെന്ന് ആറ് വിസിമാര്‍ ഗവര്‍ണറെ രേഖമൂലം അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് വിസിമാര്‍ രാജ്ഭവനെ അറിയിട്ടിള്ളത്. എംജി, ഫിഷറീസ്, സാങ്കേതിക സര്‍വകലാശാല വിസിമാര്‍ ഒഴികെയുള്ളവരാണ് കത്ത് നല്‍കിയിട്ടുള്ളത്. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.
വി.സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം ഉയര്‍ത്തി. സംസ്ഥാനത്തെ സര്‍വകലാശാലകളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും ഇല്ലാത്ത അധികാരം ഗവര്‍ണര്‍ ഉണ്ടെന്ന് സ്ഥാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജിവെക്കാന്‍ അനുവദിച്ച സമയം അവസാനിച്ച പശ്ചാത്തലത്തില്‍ തുടര്‍ നടപടികളിലേക്ക് ഗവണര്‍ ഇന്നുതന്നെ കടന്നേക്കും. സുപ്രീംകോടതി വിധി ഉയര്‍ത്തി വി.സിമാരെ പുറത്താക്കാനുള്ള നീക്കം അദ്ദേഹം നടത്തിയേക്കുമെന്നാണ് സൂചന.


