ഭൂമി രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന ചൂടിൽ ഉരുകുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭാ നേതൃത്വത്തിൽ 27-ാം ആഗോള കാലാവസ്ഥാ ഉച്ചകോടി. ഈജിപ്തിലെ ഷറം എൽ ഷെയ്ഖിൽ ആണ് ഇത്തവണത്തെ (COP 27) ഉച്ചകോടി.
2015 മുതൽ പിന്നിട്ട എട്ടുവർഷങ്ങളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ചൂടേറിയ വർഷങ്ങൾ എന്ന റിപ്പോർട്ട് ഞായറാഴ്ച ഐക്യരാഷ്ട്രസഭ യു.എൻ പുറത്തുവിട്ടു. വ്യവസായവിപ്ലവം തുടങ്ങിയശേഷം അന്തരീക്ഷ താപനില ശരാശരി 1.15 ഡിഗ്രി സെൽഷ്യസ് ഉയർതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാപ്രശ്നങ്ങളുടെ ആഖ്യാനമാണ് ഈ റിപ്പോർട്ടെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
മനുഷ്യർ നിർമ്മിച്ച കാലാവസ്ഥാ അരാജകത്വം
1993-നുശേഷം കടൽനിരപ്പ് ഇരട്ടിയായി. 2020 ജനുവരിമുതലുള്ള രണ്ടരവർഷംകൊണ്ടുമാത്രം കടൽനിരപ്പ് 10 മില്ലിമീറ്റർ ഉയർന്നു. നേരത്തേ വർഷം 2.1 മില്ലിമീറ്റർ വീതം ഉയർന്നിരുന്ന കടൽ നിലവിൽ അഞ്ച് മില്ലിമീറ്റർ വീതമാണ് ഉയരുന്നത്. ആഗോളതാപനം കാരണം ഐസ് ഉരുകുന്നതാണ് സമുദ്രനിരപ്പ് ഉയരാൻ കാരണം. 1971നെ അപേക്ഷിച്ച് കഴിഞ്ഞ 15 വർഷമായി 67 ശതമാനം വേഗത്തിലാണ് ചൂട് കൂടുന്നത്. ലോകത്തിലെ മഞ്ഞുപാളികൾ ക്രമാതീതമായി കുറയുന്നതായും റിപ്പോർട്ടിൽ പറഞ്ഞു. ലോക കാലാവസ്ഥാ റിപ്പോർട്ട് കാലാവസ്ഥ അരാജകത്വത്തിന്റെ ചിത്രമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
120-ലേറെ രാഷ്ട്രനേതാക്കൾ രണ്ടാഴ്ച നീളുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ആഗോള താപനം ഉൾപ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് ഉത്തരവാദികളായ ധനിക രാജ്യങ്ങൾ പാരിസ്ഥിതികകെടുതികള് ഏറ്റുവാങ്ങേണ്ടിവരുന്ന വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകണമോ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. ആദ്യമായാണ് ഇക്കാര്യം കാലാവസ്ഥ ഉച്ചകോടിയില്‍ ചര്‍ച്ചയ്ക്കെടുക്കുന്നത്.
ഗ്ലാസ്ഗോവിൽ നിശ്ശബ്ദത കൊണ്ട് മറച്ച വിഷയം
പ്രകൃതിദുരന്തങ്ങൾ വർധിക്കുന്നതിന്റെ മുഖ്യകാരണം ധനികരാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങൾ വൻതോതിൽ പുറന്തള്ളുന്നതാണെന്നും കെടുതി അനുഭവിക്കേണ്ടിവരുന്നവിഭാഗത്തിന് നഷ്ടപരിഹാരം നൽകണമെന്നും വികസ്വര രാജ്യങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഗ്ലാസ്കോ ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിഷയം ഉന്നയിച്ചിരുന്നു. വൻകിട രാജ്യങ്ങൾ ഇതിൽ ചർച്ചയ്ക്ക് തയ്യാറായല്ല. ഇത്തവണ വിഷയം അജൻഡില്‍ ഉൾപ്പെടുത്തുന്നത് കാലാവസ്ഥാ ദുരന്തങ്ങളുടെ ഇരകളോടുള്ള ഐക്യദാർഢ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് സിഒപി 27 പ്രസിഡന്റ് സമേഹ് ഷൗക്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
GK lines
എന്താണ് സി ഓ പി
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് തടയിട്ട് അതുവഴി ആഗോള താപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 1995 ല്‍ ബെര്‍ലിനിലായിരുന്നു കാലാവസ്ഥാ ഉച്ചകോടിയുടെ, അഥവാ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിന്റെ (COP) ആരംഭം. ഇത്തവണത്തെ 27-ാമത് COP ഉച്ചകോടി നടക്കുന്നത് ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖിലാണ്.
ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍, മധ്യ-കിഴക്കന്‍ യൂറോപ്പ്, പടിഞ്ഞാറന്‍ യൂറോപ്പ് എന്നീ പ്രദേശങ്ങള്‍ ഊഴം വെച്ചാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.
നവംബര്‍ ആറ് മുതല്‍ 18 വരെ നടക്കുന്ന ഉച്ചകോടിയില്‍ 198 രാജ്യങ്ങളില്‍ നിന്നായി 45000-ഓളം പ്രതിനിധികള്‍ പങ്കെടുക്കും. രാഷ്ട്രത്തലവന്മാര്, ലോക നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്ര സമൂഹം, വ്യവസായ പ്രമുഖര്‍,ഇന്ധന കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉച്ചകോടിയുടെ ഭാഗമാകും. 18 അംഗ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് നയിക്കും.
ആഗോള താപന വര്‍ധനവ് 1.5 ഡിഗ്രിക്കുള്ളില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ലോകരാജ്യങ്ങള്‍ ഇത്തവണയും ഒരു കുടക്കീഴില് ഒന്നിക്കുന്നത്. പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരുമിച്ച് പോരാടുക എന്നതു തന്നെയാണ് പ്രധാന വിഷയം. ഇതനുസരിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ ആവിഷ്കരിച്ച പദ്ധതികളും പ്രവര്‍ത്തനങ്ങളും
COP 27 ലക്ഷ്യങ്ങള്‍
- ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുക- ഇതിനായി ഗ്ലാസ്ഗോ ഉടമ്പടിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിലയിരുത്തുക. രാജ്യങ്ങളുടെ ദേശീയ കാലാവസ്ഥാ പദ്ധതികളും പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗവും വിലയിരുത്തുക.
- കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുക- രാജ്യങ്ങള്‍ കാലാവസ്ഥാ പ്രത്യാഘാതങ്ങളുമായി എങ്ങനെ പൊരുത്തപ്പെടണമെന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും തീരുമാനിക്കുക
- കാലാവസ്ഥാ സഹായധന വിതരണം ത്വരിതപ്പെടുത്തുക- കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ വികസിതരാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം ഉറപ്പു വരുത്തുക.
COP 26
അന്തരീക്ഷത്തിലെ മീഥെയ്ന്‍ എന്ന ഹരിതഗൃഹ വാതകത്തിന്റെ അളവ് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം വര്‍ധിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍, 2021 ഒക്ടോബറില്‍ നടന്ന cop 26 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ആദ്യമായി കല്‍ക്കരി അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദനത്തിനും ഉപയോഗത്തിനും നിയന്ത്രണമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. എന്നാല്‍ COP 26 ഉച്ചകോടിയില്‍ 193 രാജ്യങ്ങള്‍ പങ്കെടുത്തിരുന്നെങ്കിലും 23 രാജ്യങ്ങള്‍ മാത്രമാണ് തങ്ങളുടെ പദ്ധതി രേഖ സമര്‍പ്പിച്ചിരിക്കുന്നത്.
പാരീസ് ഉടമ്പടി
പരിസ്ഥിതി സംരക്ഷണത്തിനായുള്ള 1997ലെ ക്യോട്ടോ പ്രോട്ടാകോളിന് പകരമുള്ളതാണ് പാരീസ് ഉടമ്പടി. ഇതുമായി ബന്ധപ്പെട്ട കരാറിൽ 2015 ഡിസംബറിലാണ് ലോകരാജ്യങ്ങൾ ഒപ്പുവെച്ചത്.
പാരീസ് ഉടമ്പടിയിലെ പ്രധാന നിർദേശങ്ങൾ
- ഹരിതഗൃഹവാതക വ്യാപനം ഉച്ചസ്ഥിതിയിലെത്തുന്നത് പെട്ടന്നാക്കുക. പുറന്തള്ളുന്ന ഹരിതഗൃഹവാതവും ആഗിരണം ചെയ്യപ്പെടുന്നതുമായി ഒരു സംതുലനാവസ്ഥ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ സാധ്യമാക്കുക.
- ഭൗമതാപനിലയിലെ വർധന 2 ഡിഗ്രി സെൽഷ്യസിൽ അധികമാകാതിരിക്കാൻ നടപടി സ്വീകരിക്കുക. ക്രമേണ ആ വർധന 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തുക.
- കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവർഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക. ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങളെല്ലാം അഞ്ചുവർഷത്തിലൊരിക്കൽ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം.
- കാലാവസ്ഥാമാറ്റം നേരിടാൻ വികസ്വര രാഷ്ട്രങ്ങൾക്ക് 2020 ഓടെ ഒരോ വർഷവും 10,000 കോടി ഡോളർ സഹായം നൽകുക. 2025ൽ ഈ തുക വർധിപ്പിക്കും.



