ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള കേരള സര്‍ക്കാരിൻ്റെ തീരുമാനം ഗുജറാത്തിലെ നരേന്ദ്ര മോഡി സർക്കാരിൻ്റെ മാതൃകയിൽ. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്കുള്ള എല്ലാ അധികാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ എടുത്തു മാറ്റിയിരുന്നു. നരേന്ദ്രമോഡി അധികാരത്തിൽ ഇരുന്നപ്പോഴാണ് സംസ്ഥാനത്ത് ഈ പരിഷ്കാരം വരുത്തിയത്. അതേ മാതൃകയിലാണ് ഇപ്പോൾ കേരള സർക്കാരിൻ്റെയും നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാന്‍സിലര്‍ വിഷയത്തില്‍ കേരള സർക്കാരിൻ്റെ ഇപ്പോഴത്തെ നീക്കത്തിന് സമാനമായ നടപടിയാണ് എടുത്തിരുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സിലറെന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്കുള്ള എല്ലാ അധികാരങ്ങളും എടുത്തുമാറ്റുന്ന ബില്‍ (ഗുജറാത്ത് സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ 2013 ) സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു.
ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചില്ല
യുപിഎ സര്‍ക്കാര്‍ നിയമിച്ച അന്നത്തെ ഗവര്‍ണ്ണര്‍ കമലാ ബെന്നിവൽ ബില്ലില്‍ ഒപ്പിട്ടില്ല. മോഡി പ്രധാനമന്ത്രിയായ ശേഷം ഗവര്‍ണ്ണര്‍ പദവിയിലെത്തിയ ഓ.പി. കോഹ്ലിയാണ് ബില്ലില്‍ ഒപ്പിട്ടത്. 2015 ജൂണ്‍ മുതല്‍ വൈസ് ചാന്‍സിലര്‍ നിയമനം ഉള്‍പ്പെടെ ഭരണപരമായ ഒരു അധികാരവുമില്ലാത്ത ആലങ്കാരിക ചാന്‍സലര്‍ പദവി മാത്രമാണ് ഗുജറാത്തിലെ ഗവര്‍ണ്ണര്‍ വഹിക്കുന്നത്. വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റ അധികാരപരിധിയിലേയ്ക്ക് മാറ്റപ്പെട്ടു. ഇതിന് മോഡി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നത് വരെ കാത്തിരുന്നു.
കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര സര്‍ക്കാരും ഈ വര്‍ഷം തമിഴ്നാട് സര്‍ക്കാരും ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്കുള്ള അധികാരങ്ങള്‍ എടുത്തുമാറ്റുന്ന ബില്‍ പാസാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ബില്ല് പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കുകയുണ്ടായി. മൂന്ന് സംസ്ഥാനങ്ങള്‍ പാസാക്കിയ ബില്ലിനും ഇതുവരെയും ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ കേന്ദ്ര സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ആവശ്യം വന്നപ്പോൾ ഇത് നടപ്പാക്കിയെടുത്തു. മഹാരാഷ്ട്രയില്‍ ബിജെപി ഭരണം നിലവില്‍ വന്നതിനാല്‍ ബില്ലിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു.


