എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെ മറികടന്ന് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള കത്ത് നൽകിയതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. എന്നാൽ മൊഴി ലഭിച്ചിട്ടില്ല എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഔദ്യോഗികമായ മൊഴി ആനാവൂർ നാഗപ്പനില്‍നിന്ന് ഇതുവരെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. ബന്ധപ്പെട്ടപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത്, കത്ത് കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ പറഞ്ഞതിനപ്പുറം ഒരു വിശദീകരണവും നൽകാനില്ല എന്നുമാണ്. അനൗദ്യോഗികമായി നൽകിയ ഈ വിശദീകരണം, മൊഴിയായി രേഖപ്പെടുത്തണോ, ടെലഫോൺ മൊഴി എന്ന തരത്തിൽ രേഖപ്പെടുത്തണോ എന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷക സംഘം. രാഷ്ട്രീയ അധികാരത്തിന് മുന്നിൽ ഏജൻസി നിസ്സഹായമായി നിൽകുന്ന കാഴ്ചയാണ്. ക്രൈംബ്രാഞ്ചിന് മുമ്പിൽ മൊഴി നൽകി എന്നാണ് ആനാവൂർ നാഗപ്പൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
‘എന്നോട് മൊഴി ആവശ്യപ്പെട്ടു, ഞാൻ മൊഴി കൊടുത്തു. അതൊന്നും പങ്കുവെക്കേണ്ട ആവശ്യമില്ല’- ഇതായിരുന്നു മൊഴിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.
‘വിഷയത്തില്‍ മേയർ പരാതി നൽകി. അത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിജിലൻസും അന്വേഷിക്കാൻ പോകുന്നു എന്നാണ് മനസ്സിലാക്കുന്നത്. കോൺഗ്രസ് ഹൈക്കോടതിയിൽ കേസ് കൊടുത്തു. ഹൈക്കോടതി മേയർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഗവർണർക്ക് ബിജെപി പരാതി കൊടുത്തിട്ടുണ്ട്. ഗവർണർ എങ്ങനെയാണ് പരിശോധിക്കുന്നത് എന്ന് അറിയില്ല. കത്ത് വിവാദത്തിൽ ഡി.ആർ. കത്ത് വിവാദത്തിൽ മേയർ രാജിവെക്കേണ്ട ഒരാവശ്യവും ഇല്ല’ – ആനാവൂര്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം കഴിഞ്ഞ് മതിയോ പാർട്ടിയുടെ അന്വേഷണം എന്ന ചോദ്യത്തിന്, ‘ഞങ്ങൾക്ക് ഞങ്ങളുടേതായ രീതിയുണ്ട്. കോൺഗ്രസ് അല്ല ഇത്, കോൺഗ്രസിന്റെ അന്വേഷണം വെച്ചാൽ പിന്നെ തെളിവ് കാണില്ല. പാർട്ടിയിൽ അന്വേഷണം നടത്തി കുറ്റവാളിയെന്ന് കണ്ടാൽ നടപടിയുണ്ടാകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആര് മൊഴിയെടുക്കാൻ വന്നാലും കൊടുക്കും. കത്തിനെക്കുറിച്ചുള്ള വാർത്ത മനസ്സിലാകും, എന്നാൽ മേയർക്കെതിരെ വ്യക്തിഹത്യ ചെയ്യുന്ന രീതിയാണ് നിലവിൽ കാണുന്നതെന്നും ആനാവൂർ ആരോപിച്ചു.
ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്ന് പാർട്ടി
മേയര്‍ നല്കിയ വിശദീകരണം പാര്‍ട്ടിക്കും പൊതുജനങ്ങള്‍ക്കും ബോധ്യപ്പെടുന്നതാണെന്നാണ് സി പി എം സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. അത് മുഖവിലയ്ക്കെടുത്ത് മേയര്‍ക്ക് രാഷ്ട്രീയസംരക്ഷണം ഉറപ്പാക്കാനാണ് തീരുമാനം. കത്ത് വിവാദമായപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂര്‍ നാഗപ്പന് പറഞ്ഞിരുന്നു. എന്നാല്‍, ഇതിനായി ഏതെങ്കിലും നേതാക്കളെ ചുമതലപ്പെടുത്തുകയോ പാര്‍ട്ടി കമ്മിഷന് രൂപവത്കരിക്കുകയോ ചെയ്തിരുന്നില്ല. പാര്‍ട്ടി അന്വേഷണം വേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുത്തതിനാല്‍, ആനാവൂര്‍ പറഞ്ഞ അന്വേഷണവും നടക്കില്ല.
നിയമനത്തിന് പാര്‍ട്ടി പട്ടികതേടി രണ്ടുകത്തുകളാണ് പ്രചരിച്ചത്. ഇതില്‍ ഒന്ന് മേയര്‍ ആര്യാ രാജേന്ദ്രന്റേതും മറ്റൊന്ന് കോര്പ്പറേഷന് സ്ഥിരംസമിതി അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ ഡി.ആര്. അനിലിന്റെ പേരിലുള്ളതുമാണ്. കത്ത് മേയര്‍ നിഷേധിച്ചപ്പോള്‍, മറ്റേത് തയ്യാറാക്കിയത് താനാണെന്ന് അനില്‍ സമ്മതിച്ചിട്ടുണ്ട്. ഇതിലും പാര്‍ട്ടി പരിശോധനയും നടപടിയുമുണ്ടാകില്ല. തിടുക്കപ്പെട്ട് പരിശോധനയും നടപടിയും ഉണ്ടാകുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാലാണ് പോലീസ് അന്വേഷണറിപ്പോര്‍ട്ടിനെ ആശ്രയിക്കാമെന്ന നിലപാടിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിയത്.


