ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്‍റെ വിധികർത്താവാകില്ല എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്.
ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാരിൻറെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു. ശനിയാഴ്ചയാണ് പതിനാല് സർവ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ – അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതി നിശ്ചയിക്കും. സഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഓർഡിനൻസിന്‍റെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ് ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണര്‍ അയച്ചാൽ ബില്ലിൽ പ്രതിസന്ധിയുണ്ടാകും.
ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാസമ്മേളനം ചേരാനാണ് നീക്കം. സമ്മേളനം 15 ന് പിരിയാതെ താൽക്കാലികമായി നിര്‍ത്തിവെച്ച് ക്രിസ്‍തുമസിന് ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടരാനാണ് ആലോചന. ഇതോടെ നയപ്രഖ്യാപന പ്രംസഗത്തില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാരിന് തത്കാലത്തേക്ക് ഒഴിവാക്കാന്‍ കഴിയും എന്ന സൌകര്യവും ഉണ്ട്.


