യുവാവ് തൻ്റെ ലിവിങ് ടുഗദര്‍ പങ്കാളിയായ യുവതിയെ വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചു. തെളിവ് നശിപ്പിക്കാനായി പല രാത്രികളിലായി കാട്ടിലും ഓടകളിലും മറ്റുമായി ഉപേക്ഷിച്ചു. 35 കഷണങ്ങളാക്കിയ പ്രിയതമയുടെ മൃതദേഹം പുതിയ റഫ്രിജറേറ്റർ വാങ്ങി ശീതീകരിച്ച് സൂക്ഷിച്ചു. ഇതിനു ശേഷം 18 ദിവസമെടുത്ത് വിവിധ സ്ഥലങ്ങളിൽ കളഞ്ഞു.
ഡൽഹിയിലെ മെഹ്റൗളി പൊലീസ് പരിധിയിലാണ് സംഭവം. ലിവിങ് ടുഗദര്‍ പങ്കാളിയായ ശ്രദ്ധ വാക്കർ (26) എന്ന യുവതിയേയാണ് അഫ്താബ് അമിൻ പൂനെവാല (28) എന്ന കൂട്ടൂ പങ്കാളി വെട്ടിക്കീറിയത്. ആറുമാസം മുൻപ് നടന്ന കൊലപാതകം ഡൽഹി പൊലീസ് ആണ് ചുരുളഴിച്ചത്. ലിവിങ് ടുഗദർ ബന്ധത്തിന് ശേഷം വിവാഹത്തിന് നിർബന്ധിച്ചത് ഇരുവരുമായി നിരന്തര വഴക്കിന് കാരണമായി. ഇതിനിടയിൽ ഒരു ദിവസം ശ്രദ്ധ കൊല്ലപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ബന്ധം തുടങ്ങിയത് ഡേറ്റിങ് ആപ്പിലൂടെ
ശ്രദ്ധ വാക്കർ മുംബൈയില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്ത് വരുമ്പോഴാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇരുവരും ഡേറ്റിങ്ങിൽ ഏർപ്പെട്ടു. തുടര്‍ന്ന് ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. എന്നാൽ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധം അംഗീകരിച്ചില്ല. തുടർന്ന് ഇവര്‍ ഡല്‍ഹിയിലെ മെഹ്റൗളിയിലെ ഫ്‌ളാറ്റിലേക്ക് താമസംമാറി. ഇരുവരും ഒരുമിച്ച് ഫ്ലാറ്റിൽ താമിസിച്ചു. ഇടയ്ക്കിടയ്ക്ക് ഇരുവർക്കുമിടയിൽ തർക്കങ്ങളും ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
പ്രിയപ്പെട്ടവളുടെ ശരീരം നുറുക്കി സൂക്ഷിക്കാൻ പുത്തൻ റഫ്രിജറേറ്റർ
മെയ് 18ന് ഇതേച്ചൊല്ലി തർക്കത്തിലേർപ്പെട്ടു. കലഹത്തിനിടെ യുവതി കൊല്ലപ്പെട്ടു. തുടർന്ന് യുവാവ് തെളിവ് നശിപ്പിക്കാനും കേസിൽ നിന്നും രക്ഷപെടാനുമായി തന്ത്രങ്ങൾ ആവഷ്കരിച്ചു. ധൈര്യം സംഭരിക്കാനായി നിരന്തരം ക്രൈം സീരീസുകൾ കണ്ടു. അമേരിക്കൻ ക്രൈം സീരീസ് ഡക്സ്റ്റർ നിരന്തരം കണ്ടിരുന്നതായി പൊലീസ് കണ്ടെത്തി.
ഇതിനു തുടർച്ചയായി മൃതദേഹം 35 കഷണങ്ങളാക്കി കൊത്തിനുറുക്കി. ഇതു സൂക്ഷിക്കാൻ വേണ്ടി 300 ലിറ്റർ ശേഷിയുള്ള ഒരു ഫ്രിഡ്ജും വാങ്ങിച്ചു. മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ തണുപ്പിച്ച് സൂക്ഷിച്ചു. കഷണങ്ങളായി സൂക്ഷിച്ച മൃതദേഹം പതിനെട്ടിടങ്ങളിലായിട്ടാണ് ഉപേക്ഷിച്ചത്.
മൃതദേഹം ഉപേക്ഷിക്കാൻ രാത്രി രണ്ടു മണി കഴിഞ്ഞാൽ ഓരോ കഷ്ണങ്ങളുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതായിരുന്നു പതിവ്. ഇത് കാടുകളിലടക്കം പതിനെട്ടിടങ്ങളിലായി നിക്ഷേപിച്ചു. സ്വാഭാവികതയോടെ തിരിച്ചെത്തി കിടന്നുറങ്ങി. 10 കഷണങ്ങൾ പൊലീസ് കണ്ടെടുത്തു. ഓരോ ദിവസവും ശരീര ഭാഗങ്ങൾ ഉപേക്ഷിക്കാൻ പോകുമ്പോൾ അവളുടെ മുഖം നോക്കിയിരുന്നു. റഫ്രിജറേറ്ററിന് അരികിൽ തന്നെയാണ് കിടന്നുറങ്ങാറുണ്ടായിരുന്നത് എന്നും പ്രതി പൊലീസിന് മൊഴി നൽകി.
തുമ്പായത് കലഹം സംബന്ധിച്ച പിതാവിൻ്റെ മൊഴി

ദിവസങ്ങളോളം യുവതിയെ കാണാതായപ്പോൾ സുഹൃത്ത് ശ്രദ്ധയുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായിട്ട് ശ്രദ്ധയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് സഹോദരനെ അറിയിച്ചു. മുംബൈ പൊലീസിനാണ് ആദ്യം പരാതി നൽകിയത്. അഫ്താഫ് അമിനെ മുംബൈ പൊലാസ് ഇതു പ്രകാരം ചോദ്യം ചെയ്തു എങ്കിലും പരസ്പരം കലഹത്തിനിടെ ഇറങ്ങിപ്പോയി എന്ന മറുപടിയാണ് ആദ്യം നൽകിയത്. എന്നാൽ പൊലീസ് ശ്രദ്ധുടെ ബാങ്ക് അക്കൌണ്ട് പരിശോധിച്ചപ്പോൾ ഇടപാടുകൾ ഒന്നും തന്നെ നടന്നിട്ടില്ല എന്നു കണ്ടെത്തി.
ഇരുവരുടെയും ടവർ ലൊക്കേഷൻ പരിശോധിച്ച് കേസ് ഡൽഹി പൊലീസിന് കൈമാറി. നവംബർ എട്ടിന് ശ്രദ്ധയുടെ അച്ഛൻ വികാസ് മദൻ വാക്കർ ഡൽഹിൽ എത്തി ഫ്ലാറ്റ് സന്ദർശിച്ചപ്പോൾ അടഞ്ഞു കിടക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. മെഹ്റൗളി പോലീസ് സ്റ്റേഷനിൽ മകളെ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി പിതാവ് പുതിയ പരാതിയും നൽകി. മാത്രമല്ല ഇരുവരും കലഹിച്ചിരുന്നതായും മൊഴി നൽകിയതോടെയാണ് പൊലീസ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്തത്.

ഇതോടെയാണ് അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി, അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.