മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം മാന്നാനം സ്വദേശിയാണ് ഇദ്ദേഹം. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1977 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായി ചീഫ് സെക്രട്ടറി റാങ്ക് വരെയെത്തി. വിരമിച്ച ശേഷം 2019 ൽ ബിജെപിയില്‍ ചേര്‍ന്നു.
സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയര്‍മാനായിരുന്നു. കേരളത്തെ കൂടാതെ പശ്ചമി ബംഗാൾ, തമിഴ്നാട് തുടങ്ങി കേന്ദ്ര ഇതര മുന്നണി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം ഗവർണർ തസ്തികയിൽ എത്തുന്നവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഭരണഘടനാ പരമായ ചർച്ചകളിലേക്ക് വഴിതുറക്കുന്ന സാഹചര്യത്തിലാണ് ആനന്ദബോസിൻ്റെ നിയമനം.
മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന് ശേഷം മണിപ്പുര്‍ ഗവര്‍ണര്‍ എല്‍. ഗണേശന്‍ പശ്ചിമബംഗാളിന്റെ ഗവര്‍ണറായി അധികചുമതല വഹിച്ചുവരികയായിരുന്നു. ഗവർണർ സ്ഥാനമേൽക്കുന്ന 20-ാമത്തെ മലയാളിയും നരേന്ദ്ര മോദി ഭരണകാലത്ത് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയുമാണ് സി.വി ആനന്ദബോസ്. ഗ്രന്ഥകാരനും കോളമിസ്റ്റുമാണ്. ജവഹർലാൽ നെഹ്റു ഫെലോഷിപ്പ് നേടിയിട്ടുണ്ട്.


