സംസ്ഥാന സ്കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട്ട്. വെസ്റ്റ് ഹിൽ വിക്രം മൈതാനിയിലാണ് മുഖ്യ വേദി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വർഷത്തിന് ശേഷമാണ് കലോത്സവ വേദി ഉണരുന്നത്.
1956-ല്‍ ആരംഭിച്ച സ്കൂള്‍ കലോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയാണ്. 2019 ഡിസംബര്‍, 2020 ജനുവരി മാസങ്ങളില്‍ നടന്ന 60-ാമത് സ്കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയായിരുന്നു സ്വര്‍ണക്കപ്പ് നേടിയത്. ഇത്തവണ ഒരു കുട്ടിക്ക് മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം.
സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അടുത്ത വർഷം മുതലാവും വർധന. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍നിന്നുമായി ഏകദേശം 14,000 ത്തോളം വിദ്യാര്‍ഥികള്‍ വിവിധ കലാമത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ പങ്കാളികളാവും.


