പ്രസാധകയുടെ പേരിൽ വി ആർ സുധീഷ് മാനനഷ്ടക്കേസ് നൽകി

സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് പ്രസാധകയുടെ പേരില്‍ സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് മാനനഷ്ടക്കേസ് നല്‍കി. തന്റെ വ്യക്തി-സാമൂഹികജീവിതത്തിന് ദോഷമുണ്ടാക്കുകയും അപകീര്‍ത്തികരമാവുകയും ചെയ്‌തെന്ന് കാണിച്ച് കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് അഭിഭാഷകന്‍ മുഖേന കേസ് കൊടുത്തത്. ഹര്‍ജി 25-ന് വീണ്ടും പരിഗണിക്കും. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

എം എ ഷഹനാസ് അന്ന് പറഞ്ഞത്

2019 മുതലാണ് വി.ആര്‍. സുധീഷ് എന്ന മുതിര്‍ന്ന എഴുത്തുകാരനുമായി എനിക്ക് ഔദ്യോഗികമായി പരിചയമുള്ളത്. അതിന് മുമ്പ് എനിക്കദ്ദേഹത്തെ കഥകളിലൂടെ അറിയാം. 2018 ഡിസംബറില്‍ ഒലീവ് പബ്ലിക്കേഷന്‍സിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങിയതുമുതല്‍ മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ എഴുത്തുകാരുമായും എനിക്ക് പരിചയമുണ്ട്…..

…….ഇറങ്ങാന്‍ നേരത്ത് അദ്ദേഹം ചോദിച്ചു: ഫോട്ടോ എടുക്കുന്നില്ലേ എന്ന്. അത്രയും വലിയ ഒരു എഴുത്തുകാരനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സ്വാഭാവികമായും എനിക്കാഗ്രഹമുണ്ടായിരുന്നു. പുരസ്‌കാരങ്ങള്‍ നിരത്തിവെച്ച ഷോ കേസിനടുത്ത് ഫോട്ടോ എടുക്കാനായി നിന്നപ്പോള്‍ അദ്ദേഹം കൈചേര്‍ത്തുപിടിച്ച് അമര്‍ത്തി. എനിക്ക് അസ്വാഭാവികത തോന്നിയെങ്കിലും അതങ്ങനെയായിരിക്കില്ല എന്ന് ഞാന്‍ തന്നെ എന്നെ തിരുത്തുകയായിരുന്നു. എഴുത്തുകാര്‍ കാണിക്കുന്ന സ്വാതന്ത്ര്യമാകാം. പക്ഷേ ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു, അത് ഗൂഢോദ്ദേശ്യമായിരുന്നു.

എഴുത്തുകാരന്‍ പലപ്പോഴും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഒറ്റയ്ക്ക് വരണം എന്ന് പലതവണ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ വിളിക്കുമ്പോള്‍ പറ്റില്ല എന്നുപറഞ്ഞാല്‍ അതിന്റെ ദേഷ്യം എന്റെ ജോലിയിലായിരുന്നു അദ്ദേഹം കാണിച്ചത്. അന്ന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ളതും ഇദ്ദേഹം അവരാല്‍ ആഘോഷിക്കപ്പെടുന്നയാളുമാണ്. അപ്പോള്‍ ഇന്നലെ വന്ന ഞാനായിട്ട് ബിസിനസ്സില്‍ വിള്ളല്‍ വരുത്താന്‍ പാടില്ല. സ്ഥാപനത്തിന് ദോഷമായി വരരുത്. പ്രസാധനമേഖലയില്‍ ഒരു പെണ്ണ് ജോലി ചെയ്യുന്നത് സങ്കല്പിക്കാതെ, അതിലേക്കിറങ്ങി വരുമ്പോഴേ പ്രയാസങ്ങള്‍ മനസ്സിലാവുകയുള്ളൂ. ആഘോഷിക്കപ്പെടുന്ന, സാംസ്‌കാരികനെടുനായകന്മാരായിട്ടുള്ള എഴുത്തുകാരെ പിണക്കുക എന്നത് പ്രസാധക എന്ന നിലയില്‍ എനിക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു.

അദ്ദേഹം വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നീങ്ങാതിരുന്നപ്പോള്‍ പലപ്പോഴും പരസ്യമായി വഴക്കുപറഞ്ഞു. പല സാഹിത്യപരിപാടികളിലും കണ്ടുമുട്ടിയപ്പോഴെല്ലാം പുസ്തകത്തെച്ചൊല്ലി മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് മോശമായി പെരുമാറി. രാത്രി സമയങ്ങളില്‍ മദ്യപിച്ച് കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ അവരെ കേള്‍പ്പിക്കാന്‍ എന്നെ ഫോണ്‍ ചെയ്ത് അസഭ്യം പറയാന്‍ തുടങ്ങി. ഒടുക്കം യുവപ്രസാധകയ്ക്ക് പുസ്തകം കൊടുത്ത് വിഷമത്തിലായി എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് ഞാന്‍ പ്രതികരണവുമായി രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് പലരും ഇത് നിങ്ങളല്ലേ എന്നുപറഞ്ഞുകൊണ്ട് എനിക്ക് അയച്ചുതരാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ ഞാന്‍ കേസ് കൊടുത്തു.

സ്ത്രീയ്ക്ക് വളരെ പരിമിതമായ ഇടം ലഭിക്കുന്ന ഒന്നാണ് സാഹിത്യം. അതിനാല്‍ത്തന്നെ ഇവിടെ ചൂഷണം വളരെയധികമാണ്. ഈ മേഖലയില്‍ നില്‍ക്കുന്നയാള്‍ എന്ന നിലയില്‍ എനിക്കത് ഉറപ്പിച്ച് പറയാന്‍ സാധിക്കും. കഴിവുകൊണ്ട് സ്വത്വം തെളിയിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ ഇത്തരം നായകന്മാരുടെ ചൊല്‍പ്പടിയില്‍ അഭയം തേടുകയാണ്. അവരെഴുതിയത്, സാഹിത്യം എന്നുഞാന്‍ പറയില്ല, ഒന്നു വെളിച്ചം കാണാന്‍. മുതിര്‍ന്ന് ഇരുത്തം വന്ന സാഹിത്യനായകന്മാരുടെ വായിലൂടെ തങ്ങളുടെ സൃഷ്ടിയും പേരും ലോകത്തെ അറിയിക്കാന്‍ വേണ്ടി കോംപ്രമൈസുകള്‍ ചെയ്യുന്ന പ്രവണതയില്‍ നിന്നും എഴുത്തുകാരികളും വളര്‍ന്നുവരുന്ന എഴുത്തുകാരും മുക്തരാവണം. മാഗസിനുകളില്‍ ഒരു കഥയോ കവിതയോ പ്രസിദ്ധീകരിക്കുന്നതിനായി, അവാര്‍ഡ് ലഭിക്കുന്നതിനായി, അവതാരിക എഴുതിക്കിട്ടുന്നതിനായി ഇത്തരക്കാരുടെ വാതില്‍പ്പടി കയറേണ്ട ഗതികേടുകള്‍ നേരിട്ട സ്ത്രീകളെ എനിക്കറിയാം. സ്വന്തം സൃഷ്ടിയില്‍ വിശ്വാസമുള്ളതിനേക്കാല്‍ കൂടുതല്‍ അവരുടെ പ്രശസ്തിയിലും പിടിപാടിലും വിശ്വസിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രവണത അവസാനിപ്പിക്കാന്‍ സാംസ്‌കാരികലോകം എന്നു തയ്യാറാവുമോ അന്ന് മാറ്റം ആരംഭിക്കും.

എഴുത്തില്‍ എല്ലാ സ്ത്രീകള്‍ക്കും കുടുംബത്തില്‍ നിന്നുള്ള പ്രോത്സാഹനമോ പിന്തുണയോ ലഭിക്കില്ല. സാഹിത്യവും പുസ്തകവുമെല്ലാം അപ്പോള്‍ രഹസ്യമായ ഒന്നായി മാറും. അവതാരികയ്ക്കായി ഇത്തരത്തിലുള്ള നായകന്മാരുടെ വീട്ടില്‍ പോകുന്ന കാര്യവും അവിടെനിന്ന് മോശം അനുഭവമുണ്ടാകുന്നതും വീട്ടിലുള്ളവരോട് പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥ വരും. എന്റെ പോസ്റ്റ് വന്നതിനുശേഷം പേര് പുറത്തുപറയരുത് എന്നഭ്യര്‍ഥിച്ചുകൊണ്ട് ഒരുപാട് ആളുകള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അവരാരും പരസ്യമായി രംഗത്ത് വരില്ല എന്നതാണ് ഈ നായകന്മാരുടെ ധൈര്യവും മുന്നോട്ടുതന്നെ പോകാനുള്ള ഊര്‍ജവും. എന്റെ അനുഭവം പരസ്യപ്പെടുത്താനുള്ള ധൈര്യം എനിക്ക് ലഭിച്ചത് എന്റെ ജീവിതപങ്കാളിയില്‍ നിന്നാണ്. എന്റെ മകളില്‍ നിന്നാണ്. എനിക്ക് അസഹനീയമായ കാര്യങ്ങള്‍ തുറന്നുപറയാന്‍ സാധിച്ചത് പ്രസാധനവും സാഹിത്യവും എന്റെ തൊഴില്‍ കൂടിയായതിനാലാണ്.

നമ്മുടെ സാഹിത്യമേഖലയില്‍ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള എത്ര എഴുത്തുകാരികളുണ്ട്? എത്ര വനിതാപ്രസാധകരുണ്ട്? എങ്ങനെയാണ് അവര്‍ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത്? അന്വേഷിച്ചുനോക്കൂ. ഞാന്‍ അനുഭവിക്കുന്ന സംഘര്‍ഷം എനിക്കറിയാം. സാംസ്‌കാരികത എന്നത് പുതിയ കാലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. പുതിയ പ്രസാധകരിലൂടെയും എഴുത്തുകാരിലൂടെയുമാണ്. എളുപ്പം ശ്രദ്ധിക്കപ്പെടാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ പക്ഷേ തിരുത്തപ്പെടേണ്ടത് തന്നെയാണ്. പുതിയ എഴുത്തുകാര്‍ മുതിര്‍ന്നവരെ വളരെ ആരാധനയോടെയാണ് കാണുന്നത്. അവരുടെ എഴുത്തുകള്‍ തിരുത്തിക്കൊടുക്കാം, മാഗസിനില്‍ വരുത്താം എന്നൊക്കെയുള്ള പ്രലോഭനങ്ങള്‍ കൊടുത്ത് മിസ് യൂസ് ചെയ്യുന്ന പ്രവണത ഉണ്ടെങ്കില്‍ അത് സാംസ്‌കാരികലോകം തിരിച്ചറിയേണ്ടതും വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

എനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ല. എനിക്ക് ഭീഷണിയുണ്ട്. വേദികള്‍ കിട്ടില്ല, പലതരത്തിലുള്ള ഫോട്ടോകള്‍ പുറത്തുവരും തുടങ്ങിയ ഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു പുസ്തകം ശ്രദ്ധിക്കപ്പെടാന്‍ അവതാരികയൊന്നും ആവശ്യമില്ല എന്നു തിരിച്ചറിയുക. കഴിവുറ്റ സൃഷ്ടികളാണെങ്കില്‍ വായനക്കാരുണ്ടായിരിക്കും. അവതാരിക വായിച്ചിട്ട് പുസ്തകം വായിക്കാന്‍ തിരഞ്ഞെടുക്കുന്ന വായനക്കാര്‍ ഇന്നില്ല. അവതാരിക എഴുതിക്കിട്ടാനായി ഒരു സ്ത്രീയും ഇനിമേലില്‍ ചൂഷണം ചെയ്യപ്പെടരുത്, ഒരാളുടെയും വീട്ടില്‍ വെച്ച് ദുരുപയോഗപ്പെട്ടുപോകരുത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...