ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ഞെട്ടുന്ന തോല്‍വി. അര്‍ജന്റീന നേരിട്ട ഏറ്റവും വലിയ തോല്‍വികളില്‍ ഒന്ന്. ലയണല്‍ മെസ്സി പത്താം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്. അവിശ്വസനീയതയിൽ തോൽവിക്ക് ന്യായങ്ങൾ കണ്ടെത്താനാവാതെ തുടരുകയാണ് ആരാധകർ
നാല്പത്തിയെട്ടാം മനിറ്റില്‍ അല്‍ ഷെഹ്രിയാണ് സൗദിയെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സമനില ഗോള്‍ നേടിയത്. സമനില തന്നെ പലരുടെയും സമനില തെറ്റിച്ചു. പക്ഷെ അപ്പോഴേക്കും അഞ്ച് മിനിറ്റിനുള്ളില്‍ ബോക്സിന്റെ വക്കില്‍ നിന്ന് മുഴുവന്‍ ഡിഫന്‍ഡര്‍മാരുടെയും തലയ്ക്ക് മുകളിലൂടെ ഒരു വെടിയുണ്ട പായിച്ച് അല്‍ ദോസരി വിജയഗോൾ വലയിലെത്തിച്ചു. ഗോളി മാര്‍ട്ടിനെസ് മാത്രമല്ല, ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീനയുടെ ആരാധകര്‍ കൂടി ഞെട്ടിത്തരിച്ചു. അര്‍ജന്റീനയുടെ പരാജയമറിയാത്ത മുപ്പത്തിയാറ് മത്സരങ്ങള്‍ തട്ടിയുടഞ്ഞു.
എന്തിനാണ് തോറ്റു കെടുത്തത്
അര്‍ജന്റീനയ്ക്കെതിരേ സൗദിയുടെ ആദ്യ ജയമാണ്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയം. ആക്രമിച്ചു കളിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് മെസ്സി ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. തൊട്ടു പിന്നാലെ പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.
എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുത്ത മെസ്സിയ്ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഒവൈസിനെ നിസ്സഹായനാക്കി മെസ്സി എതിർ വശത്തേക്ക് വെടിയുണ്ട പായിച്ചു. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസ്സി മാറി.
രണ്ടാം പകുതിയില്‍ പോരാട്ടവും പ്രതിരോധവും ഒന്നിപ്പിച്ച കളിയാണ് സൗദി അറേബ്യ പുറത്തെടുത്തത്. പ്രതിരോധത്തില്‍ മാത്രമല്ല മുന്നേറ്റത്തിലും ശ്രദ്ധ ചെലുത്തി മത്സരത്തിന്റെ 48-ാം മിനിറ്റില്‍ സാലി അല്‍ ഷെഹ്രിയിലൂടെ സൗദി അറേബ്യ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് സമനില ഗോള്‍ നേടി. ക്രിസ്റ്റിയന്‍ റൊമേറോയെ മറികടന്നാണ് അല്‍ഷെഹ്രി മുന്നേറിയത്. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്സിന് നോക്കി നിൽക്കേണ്ടി വന്നു.
അഞ്ചുമിനിറ്റിനുശേഷം വീണ്ടും സൗദി അറേബ്യ അര്‍ജന്റീന ഗോള്‍മുഖത്തേക്ക് മഴവിൽ ക്വിക്ക്. ഇത്തവണ സലിം അല്‍ ദോസരിയാണ് ഗോളടിച്ചത്.
സമനില ഗോളിനായി അര്‍ജന്റീന മുന്നേറ്റനിര ആവുന്നത്ര പൊരുതിയെങ്കിലും പാറപോലെ ഉറച്ചുനിന്ന സൗദി അറേബ്യ പ്രതിരോധം ഗോള്‍ വഴങ്ങാന്‍ അനുവദിച്ചില്ല. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ അര്‍ജന്റീന ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും ഗോള്‍ ലൈനില്‍ വെച്ച് അല്‍ അംറി അത് രക്ഷിച്ചെടുത്തു. ഗോള്‍കീപ്പറില്ലാത്ത ഒഴിഞ്ഞ പോസ്റ്റിലേക്ക് ജൂലിയന്‍ അല്‍വാരസ് ഉതിര്‍ത്ത ഷോട്ട് അവിശ്വസനീയമായി അല്‍ അംറി ഗോള്‍ ലൈനില്‍ വെച്ച് തട്ടിയകറ്റി. അൽ അംറി എന്തിനാണ് ആ സമയത്ത് അവിടെ മിന്നൽ പോലെ എത്തിയത് എന്ന് വിലാപങ്ങൾ ട്രോളുകളായി.
എന്തിനാണ് അർജൻ്റീന തോറ്റു കൊടുത്തത്. ഒരിക്കലും പരാജയപ്പെടില്ലെന്ന് ഉറപ്പിച്ച ടീമിനായ് വിലാപങ്ങൾ ഉയരുകയാണ്. ഫുട്ബോളിലെ വലിയൊരു പാഠപുസ്തമായി അർജൻ്റീന സൌദി അറേബ്യ കളി മാറുകയുമാണ്.
ലോകകപ്പ് വേദികളിൽ സമീപകാലത്തായി പിന്തുടരുന്ന ദൗർഭാഗ്യം ഖത്തറിലും പിടികൂടിയെന്ന തോന്നലുയർത്തിയാണ് ആദ്യ മത്സരത്തിൽ അർജന്റീന തോൽവി വഴങ്ങിയത്. ഏറ്റവും ഒടുവിൽ കളിച്ച ആറ് ലോകകപ്പ് മത്സരങ്ങളിൽ അർജന്റീനയുടെ നാലാം തോൽവിയാണിത്. അതിനു മുൻപു കളിച്ച 24 ലോകകപ്പ് മത്സരങ്ങളിൽ അർജന്റീന ആകെ തോറ്റത് മൂന്നു മത്സരങ്ങളിൽ മാത്രമാണ്. 16 മത്സരങ്ങളിൽ ജയിച്ച അവർ, അഞ്ച് മത്സരങ്ങളിൽ സമനില വഴങ്ങി.
റഷ്യൻ ലോകകപ്പിൽ രണ്ടു മത്സരങ്ങളിൽ അർജന്റീന തോറ്റിരുന്നു. ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ അർജന്റീന, പിന്നീട് ഫ്രാൻസിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോറ്റ് പുറത്തായി. 1994നു ശേഷം ആദ്യമായാണ് അന്ന് അർജന്റീന ഒരു ലോകകപ്പിൽ രണ്ടു തോൽവി വഴങ്ങിയത്.
മെസ്സിക്ക് എന്താണ് പറ്റിയത്
മികച്ച ഫോമിലായിരുന്നു മെസ്സി അടുത്ത കാലത്ത് കളിച്ചിരുന്നത്. രാജ്യാന്തര ഫുട്ബോളില്‍ 90-ലധികം ഗോളടിച്ച മെസ്സി തന്റെ അഞ്ചാം ലോകകപ്പിനിറങ്ങുമ്പോള്‍ ഗംഭീര പ്രകടനമാണ് ഏവരും പ്രതീക്ഷിച്ചത്. 36-മത്സരങ്ങളില്‍ മെസ്സിപ്പട അപരാജിതരുമായിരുന്നു. ലോക കപ്പിലേക്ക് എത്തിച്ച് പിരിയുക എന്ന ഇതിഹാസ സ്വപ്നമുണ്ടായിരുന്നു.
സൗദിക്കെതിരേ പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വലകുലുക്കിയപ്പോള്‍ അയാള്‍ പ്രതീക്ഷയേകിയതാണ്. അതും ചരിത്രഗോളാണ് ആ ബൂട്ടുകളില്‍ നിന്നും പിറന്നത്. നാല് ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ അര്‍ജന്റീനിയന്‍ താരമായി മെസ്സി മാറി. എങ്കിലും മെസ്സിയുടെ മിന്നലാട്ടങ്ങള്‍ മൈതാനത്ത് കുറവായിരുന്നു.
പരിക്കിന്റെ പിടിയിലായ മെസ്സി ലോകകപ്പിന് മുമ്പ് ഒറ്റയ്ക്കാണ് പരിശീലനം നടത്തിയത്. മത്സരത്തിന് മുമ്പ് മെസ്സി പൂര്‍ണമായും ശാരീരികക്ഷമത വീണ്ടെടുത്തില്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്.
പ്രതീക്ഷകൾ ബാക്കി
ലോകകപ്പില്‍ മെക്സിക്കോയ്ക്കെതിരേയും പോളണ്ടിനെതിരേയും അര്‍ജന്റീനയ്ക്ക് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇതില്‍ എന്തു വിലകൊടുത്തും മെസ്സിക്ക് ജയിച്ചേ മതിയാവൂ. 2018- ലോകകപ്പിലെ അര്‍ജന്റീനയുടെ പ്രകടനം മികച്ചതായിരുന്നു. പുറത്തായതും കളിക്കാർ എന്ന ബഹുമതി കളയാതെയായിരുന്നു. അവസാന മത്സരത്തില്‍ നൈജീരിയയ്ക്കെതിരേ വിജയിച്ച് പ്രീ-ക്വാര്‍ട്ടറിലെത്തിയ ചരിത്രം ആവേശം വിതറുന്നതായിരുന്നു. പ്രതീക്ഷകൾ വിജയ സ്വപ്നങ്ങൾ ഇനിയും ബാക്കിയിരിക്കുന്നു.
വീണ്ടും അട്ടിമറി
ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ കരുത്തരായ ഡെന്മാര്ക്കിനെ ടുണീഷ്യ സമനിലയില്‍ തളച്ചു. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍മാരായ ഷ്മൈക്കലും ഡാഹ്മെനുമാണ് മത്സരത്തിലെ താരങ്ങള്‍. ഇരുവരുടെയും മികച്ച സേവുകള്‍ മത്സരത്തില്‍ ഗോള്‍ പിറക്കാതിരുന്നതിന് കാരണമായി.
മത്സരത്തിന്റെ തുടക്കത്തില്‍ ടൂണീഷ്യയാണ് ആക്രമിച്ച് കളിച്ചത്.


