വേങ്ങര ടൗണ്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക എടക്കാപറമ്പ് ശ്രീരാഗം വീട്ടില്‍ ടി. ബൈജു ജീവനൊടുക്കിയ സംഭവത്തിൽ ഇതേ വിദ്യാലയത്തിലെ അധ്യാപകനെ വേങ്ങര പോലീസ് അറസ്റ്റുചെയ്തു. കായികാധ്യാപകന്‍ കോഴിക്കോട് പയ്യോളി പള്ളിക്കരയിൽ താമസിക്കുന്ന മഠത്തില്‍ വീട്ടില്‍ രാംദാസാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റംചുമത്തിയാണ് അറസ്റ്റ്. ഇരുവരും വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ചുമതലയുള്ള അധ്യാപകരായിരുന്നു.
സെപ്റ്റംബര്‍ 17-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് ബൈജുവിനെ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാര്‍ ഉടനെ കുന്നുംപുറം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര സ്വദേശിനിയാണ്.
മരണപ്പെട്ട അധ്യാപികയുടെ ഡയറിലടക്കം രാമദാസിൻ്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സാക്ഷിമൊഴികളുടേയും ഡയറിയിലെ പരാമർശത്തിന്‍റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതിന് പുറമെ മൊബൈലില്‍നിന്നുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് വേങ്ങര എസ്.എച്ച്.ഒ. എം മുഹമ്മദ് ഹനീഫ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


