കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ പ്രസംഗം മുൻനിർത്തി ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. ബിജെപിയുടെ മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്ക് നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകി
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം. എസിന്റെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരെ വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയ അഭിപ്രായപ്രകടനം സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്നാണ് അറ്റോർണി ജനറലിന് നൽകിയ അപേക്ഷയിൽ ചൂണ്ടി കാട്ടുന്നത്.
അറ്റോർണി ജനറലിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സുപ്രീം കോടതിയിൽ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്യാൻ കഴിയൂ.
പറഞ്ഞത് ഇങ്ങനെ
നവംബർ പതിനെട്ടിന് മന്ത്രി കൊച്ചിയിൽ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെയാണ് നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷ.
“സുപ്രീം കോടതിപോലും കേന്ദ്ര നയങ്ങൾക്കൊപ്പം നിൽക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് നമ്മുടെ ബഹുസ്വരതയെ തകർക്കും. കേന്ദ്ര സർക്കാരിന്റെ ഈ നയങ്ങൾക്കൊപ്പംചേർന്ന് പോകുന്നതാണ് സുപ്രീം കോടതി വിധി”.
മന്ത്രി നടത്തുന്ന അഭിപ്രായപ്രകടനം ശരിയാണെന്ന് ജനം വിശ്വസിക്കാമെന്ന് അറ്റോർണി ജനറലിന് നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിയെ അപകീർത്തിപ്പെടുത്തുന്ന പ്രതികരണം മന്ത്രി നടത്തി എന്നത് വിഷയം കൂടുതൽ ഗുരുതരമാക്കുന്നതാണ്. ഭരണഘടനയുടെ 19 (1)(a) വകുപ്പ് ഉറപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ മന്ത്രിക്ക് ലഭിക്കില്ല. ഭരണഘടനാപരമായ തത്വങ്ങളും തന്റെ പ്രതിജ്ഞയും പാലിക്കാൻ മന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നും അഭിഭാഷകൻ രഞ്ജിത്ത് മാരാർ മുഖേന നൽകിയ അപേക്ഷയിൽ പറയുന്നു.


