വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥയും അസ്വസ്ഥതയും തുടരുന്നു. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരേ സമരം ചെയ്യുന്നവര്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞ് ആക്രമണം അഴിച്ചു വിട്ടു. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് സമരാനുകൂലികള്‍ എത്തിയത്. വൈദികര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്.
പോലീസ് നാലുതവണ കണ്ണീര്‍ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു. 35 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ചത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പോലീസ് പത്തോളം കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒന്‍പതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം സ്വദേശിയായ സെല്‍റ്റോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി വൈദികര്‍ അടക്കമുള്ള സംഘം പോലീസ് സ്‌റ്റേഷനിലെത്തി. നേരത്തെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളും ഈ സംഘത്തിലുണ്ടായിരുന്നു. പോലീസും ഈ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, മോചിപ്പിക്കാനെത്തിയ സംഘത്തിലെ പ്രതികളായവരോട് സ്‌റ്റേഷനില്‍ തുടരാന്‍ പോലീസ് നിര്‍ദേശിച്ചു. തുടര്‍ന്ന് പോലീസും ഇവരും തമ്മില്‍ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു.
വിഴിഞ്ഞം സ്‌റ്റേഷനിലെ ഉള്‍പ്പെടെയുള്ള ജീപ്പുകളാണ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്. പിന്നീട് ഇവ മറിച്ചിടുകയും ചെയ്തു.
പ്രതിഷേധക്കാര്‍ സ്‌റ്റേഷനിലെ ഒരു ഷെഡ് തകര്‍ത്തു. ഒരു ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിച്ച് അതിന്റെ പട്ടിക കൊണ്ട് രണ്ടു പോലീസുകാരുടെ തലയ്ക്ക് അടിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എസിവിയുടെ ക്യാമറാമാന് നേരെയും ആക്രമണമുണ്ടായി. ഇദ്ദേഹത്തെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാര്‍ സ്‌റ്റേഷനുള്ളില്‍ കയറി അക്രമം കാണിച്ചുവെന്നും വയര്‍ലെസ് സെറ്റുകള്‍ അടിച്ചു തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് സ്‌റ്റേഷനില്‍ സമരക്കാരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്.
സ്ഥലത്ത് ഇരുന്നൂറോളം പോലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡി.സി.പി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സന്നാഹം സജ്ജമാക്കിയിട്ടുണ്ട്.
തുറമുഖനിര്‍മാണത്തിന് പാറയുമായെത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്കു കയറ്റിവിടാതെ തടഞ്ഞതിനെത്തുടര്‍ന്നാണ് ശനിയാഴ്ച വിഴിഞ്ഞത്ത് ഇരുവിഭാഗം ജനങ്ങള്‍ ഏറ്റുമുട്ടിയത്. മണിക്കൂറുകള്‍നീണ്ട സംഘര്‍ഷത്തില്‍ തുറമുഖപദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. 21 പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി ചര്‍ച്ചകള്‍ നടത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.


