ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (െഎ.ഒ.എ.) പ്രസിഡൻ്റ് സ്ഥാനത്തേക്ക് പി ടി ഉഷയുടെ തെരഞ്ഞെടുപ്പ് ഉറപ്പായി. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഞായറാഴ്ചയായിരുന്നു. മറ്റാരും പത്രിക നൽകിയിട്ടില്ല. ഡിസംബർ പത്തിനാണ് തിരഞ്ഞെടുപ്പ്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകായണ് ഉഷ. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാവുകയാണ് 58-കാരിയായ ഉഷ.
കോഴിക്കോട് പയ്യോളിയിലെ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ നിലവിൽ രാജ്യസഭാംഗമാണ്. കൊയിലാണ്ടി കിനാലൂരിൽ പ്രവർത്തിക്കുന്ന ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൻ്റെ സാരഥിയുമാണ് ഉഷ
പയ്യോളി എക്സ്‌പ്രസ് എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഉഷയ്ക്ക് 1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസ് മത്സരത്തിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് വെങ്കലമെഡൽ നഷ്ടമായത്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒട്ടേറെ മെഡലുകൾ നേടി. 1985-ലും 1986 -ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ അത്‌ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷകപദവി വഹിച്ചിരുന്നു.
മറ്റു വിവിധ സ്ഥാനങ്ങളിലേക്ക് 24 പേർ നാമനിർദേശ പത്രിക നൽകി. വൈസ് പ്രസിഡന്റ് (സ്ത്രീ), ജോയന്റ് സെക്രട്ടറി (സ്ത്രീ) എക്സിക്യുട്ടീവ് കൗൺസിൽ സ്ഥാനങ്ങളിലേക്കും മത്സരമുണ്ടാകും.


