ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടൽ രീതിക്കെതിരെ പരിഹാസം ഉയർത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മോദിയുടെ മുഖം എത്ര തവണ കാണണമെന്നും രാവണനെപ്പോലെ മോദിയ്ക്ക് നൂറ് തലയുണ്ടോ എന്നും ഖാര്‍ഗെ ചോദിച്ചു. അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
“മോദിജി പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയുടെ കര്‍ത്തവ്യം മറന്ന് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്, എംഎല്‍എ തിരഞ്ഞെടുപ്പ്, എംപി തിരഞ്ഞെടുപ്പ് തുടങ്ങി എല്ലാ പ്രചാരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നു. എല്ലായിടത്തും തന്നെക്കുറിച്ച് മാത്രം സംസാരിക്കുന്നു. ‘മാറ്റാരേയും നിങ്ങള്‍ കാണേണ്ടതില്ല, മോദിയെ മാത്രം നോക്കൂ, വോട്ട് ചെയ്യൂ’-ഇതാണ് അദ്ദേഹത്തിന്റെ നിലപാട്. നിങ്ങളുടെ മുഖം എത്ര തവണയാണ് ഞങ്ങള്‍ കാണേണ്ടത്? നിങ്ങള്‍ക്ക് എത്ര രൂപമാണുള്ളത്? നിങ്ങള്‍ക്ക് രാവണനെപ്പോലെ നൂറ് തലകളുണ്ടോ?” ഖാര്‍ഗെ പറഞ്ഞു.
ഓരോ തിരഞ്ഞെടുപ്പിലും മോദിയുടെ പേര് പറഞ്ഞാണ് സ്ഥാനാര്‍ഥികള്‍ വോട്ട് തേടുന്നതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. “മുനിസിപ്പാലിറ്റിയിലേക്കോ, കോര്‍പറേഷനിലേക്കോ അല്ലെങ്കില്‍ നിയമസഭയിലേക്കോ ആവട്ടെ പ്രധാനമന്ത്രിയുടെ പേര് പറഞ്ഞാണ് വോട്ട് തേടുന്നത്. സ്ഥാനാര്‍ഥിയുടെ പേരിലാണ് വോട്ട് ചോദിക്കേണ്ടത്. മുന്‍സിപ്പാലിറ്റിയില്‍ വന്ന് മോദി പണിയെടുക്കുമോ? നിങ്ങള്‍ക്ക് ആവശ്യം വരുന്ന സാഹചര്യത്തില്‍ മോദി നേരിട്ടെത്തി നിങ്ങളെ സഹായിക്കുമോ?”. ഖാര്‍ഗെ ചോദിച്ചു.