2002- ഗുജറാത്ത് കലാപത്തിലെ ബിൽക്കിസ് ബാനു കുട്ടബലാത്സംഗ കേസിൽ പ്രതികളെ വെറുതെ വിട്ട നടപടിക്ക് എതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തന്നെ ഞെട്ടിച്ച നടപടിയായിരുന്നു പ്രതികളെ മോചിപ്പിക്കാനുള്ള അനുമതി.
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ഗുജറാത്ത് സര്‍ക്കാരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചത്. കേന്ദ്ര സർക്കാർ അനുമതിക്ക് വിധേയമായായിരുന്നി ഇത്. പ്രതികള്‍ക്ക് ജയിലിന് പുറത്ത് വൻ സ്വീകരണവും ലഭിച്ചിരുന്നു. തുടർന്ന് ഇവർ തിരഞ്ഞെടുപ്പ് രംഗത്തും പ്രത്യക്ഷപ്പെട്ടു. ഈ നടപടികള്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ഗുജറാത്തും കേന്ദ്രവും നൽകിയ മോചനാനുമതി
മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 1992- ലെ റെമിഷന്‍ നയം അനുസരിച്ചാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ വിട്ടയച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പ്രതികളെ വിട്ടയക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കിയിരുന്നു.
കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജിയും ബില്‍കിസ് ബാനു നല്‍കിയിട്ടുണ്ട്.
അഡ്വ. ശോഭാ ഗുപ്തയാണ് ബുധനാഴ്ച രാവിലെ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ സമര്‍പ്പിച്ചത്. ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിട്ടുള്ള ജസ്റ്റിസ് അജയ് റസ്‌തോഗിക്ക് ഈ വിഷയം കേള്‍ക്കാനാകുമോ എന്ന് ബില്‍കിസ് ബാനുവിന്റ അഭിഭാഷക സംശയം പ്രകടിപ്പിച്ചു. പ്രതികളെ വിട്ടയക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് വിധിച്ച ബെഞ്ചിലെ ജഡ്ജിയാണ് ജസ്റ്റിസ് അജയ് റസ്‌തോഗി.
ഇന്ന് വൈകുന്നേരം വിഷയം പരിശോധിച്ച ശേഷം ഹര്‍ജി ലിസ്റ്റ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി.
2002 മാര്‍ച്ച് മൂന്നിന് ഗുജറാത്തിലെ ദഹോദ് ജില്ലയിലുണ്ടായ വര്‍ഗീയ ആക്രമണത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ് ബാനു. ഗര്‍ഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അക്രമികളുടെ തേര്‍വാഴ്ചയില്‍ കൊല്ലപ്പെട്ടു. ഇതിൽ മൂന്നു വയസുള്ള അവരുടെ മൂത്ത കുഞ്ഞും ഉൾപ്പെടുന്നു. ഗുജറാത്ത് കലാപത്തിലെ ഏറ്റവും നിഷ്ഠൂരമായ മാനുഷിക ഹത്യകളിൽ ഒന്നായിരുന്നു. കുഞ്ഞിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി എന്നതായിരുന്നു ഇതിൽ ഒരാൾക്ക് എതിരായ കേസ്

കേസ് പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ നിയോഗിച്ച സമിതിയിൽ അംഗമായിരുന്ന ഗോധ്ര എം.എൽ.എ. സി.കെ. റാവുൽജി മാധ്യമങ്ങളോട് പറഞ്ഞത് പ്രതികൾ സംസ്കാരമുള്ള ബ്രാഹ്മണരായതു കൊണ്ടാണ് അവരെ വിട്ടയച്ചത് എന്നാണ്. രണ്ടു ജീവപര്യന്തമാണ് ഇവരെ ശിക്ഷിച്ചപ്പോൾ സുപ്രീം കോടതി വിധിച്ചിരുന്നത്- ഒരെണ്ണം കൂട്ടബലാത്സംഗത്തിനും, ഒരെണ്ണം കൊലപാതകങ്ങൾക്കും. ഈ പ്രതികൾക്ക് നേരത്തെ തന്നെ പല തവണ വളരെ ഉദാരമായി പരോളും അനുവദിക്കപ്പെട്ടിരുന്നു.


