എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എം.എല്‍.എ.ക്കെതിരായ യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ആവശ്യം തള്ളി. വധശ്രമ ആരോപണങ്ങളിലും മതിയായ തെളിവുകളില്ലെന്ന് വിലയിരുത്തി.
എല്‍ദോസ് കുന്നപ്പിള്ളി 2022 ജൂലായ് മാസത്തില്‍ പീഡിപ്പിച്ചെന്നാണ് പരാതി. ഓഗസ്റ്റ് മാസത്തില്‍ അതേ റിസോര്‍ട്ടിലെത്തി പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ടതായി പറയുന്നുമുണ്ട്. പീഡനത്തിന് ശേഷം പരസ്പരം സമ്മതത്തോടെ ബന്ധപ്പെട്ടു. സാഹചര്യത്തെളിവുകളടക്കം പരിശോധിച്ചാല്‍ വധശ്രമത്തില്‍ മതിയായ തെളിവുകളില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എം.എല്‍.എ.യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ഹര്‍ജികളും കോടതി തള്ളി.


