ഖത്തറിൽ അട്ടിമറികൾ തുടരുന്നു, കാമറൂണിൻ്റെ കരുത്തിൽ ബ്രസീൽ വീണു

ആഫ്രിക്കൻ കരുത്തിന് മുന്നിൽ ബ്രസീൽ വീണു. ഖത്തർ ലോകകപ്പിൽ അട്ടിമറികള്‍ തുടർ കഥയാവുകയാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പര്‍ താരം വിന്‍സന്റ് അബൗബക്കറാണ് കാമറൂണിനായി വിജയഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിൽ നേടിയ ഹെഡറാണ് ബ്രസീൽ പടയുടെ വല തകർത്തത്.

തോല്‍വി വഴങ്ങിയിട്ടും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീം ബ്രസീലിനെ തളയ്ക്കുന്നത്.

പക്ഷെ ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ അട്ടിമറി വിജയം നേടിയിട്ടും ഈ ലോകകപ്പിനോട് വിടപറയുകയാണ് കാമറൂണ്‍. പ്രീക്വാർട്ടറിലേക്കുള്ള പോയിൻ്റ് ഇല്ലാതെയാണ് ജേതാക്കളായിട്ടും മടക്കം വേണ്ടി വന്നത്.

ബ്രസീലിന് ഇനി ദക്ഷിണ കൊറിയ

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് ദക്ഷിണ കൊറിയയാണ് എതിരാളികള്‍. സ്വിറ്റ്‌സര്‍ലന്‍ഡ് പോര്‍ച്ചുഗലിനെ നേരിടും. സ്വിറ്റ്‌സര്‍ലന്‍ഡിനും ബ്രസീലിനും ആറ് പോയന്റ് വീതമാണെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ ബ്രസീല്‍ ഒന്നാമതെത്തി.

സ്വിറ്റ്‌സർലൻഡിനെതിരായ കളിയിൽനിന്ന്‌ ഒമ്പത്‌ മാറ്റങ്ങളുമായാണ്‌ ടിറ്റെ ബ്രസീലിനെ ഇറക്കിയത്‌. എന്നാൽ യുവനിരയ്‌ക്ക്‌ മികവ്‌ കാട്ടാനായില്ല. ഗബ്രിയേൽ മാർടിനെല്ലി, റോഡ്രിഗോ, ഗബ്രിയേൽ ജെസ്യൂസ്‌, ആന്തണി എന്നിവരെല്ലാം മുന്നേറ്റത്തിൽ പതറി. ഗോളടിക്കാൻ അവസരങ്ങളേറേയുണ്ടായിട്ടും മുതലാക്കാനായില്ല. ക്യാപ്‌റ്റനായി എത്തിയ ഡാനി ആൽവേസ്‌ ബ്രസീൽ കുപ്പായത്തിൽ ലോകകപ്പിനിറങ്ങുന്ന പ്രായമേറിയ താരമായി. 39 വയസും 210 ദിവസവുമാണ്‌ ആൽവേസിന്റെ പ്രായം.

തുലച്ചത് 28 അവസരങ്ങൾ

ആകെ 28 തവണ ഷോട്ട്‌ പായിച്ചിട്ടും ഒരിക്കൽപോലും കാമറൂൺ വല കാണാൻ ബ്രസീലിനായില്ല. പരിക്കുസമയം ജെറൊം ബെകേലിയുടെ പാസ്‌ സ്വീകരിച്ചാണ്‌ വിൻസെന്റ്‌ കുതിച്ചത്‌. രണ്ട്‌ പ്രതിരോധക്കാർക്കിടയിലൂടെ ഹെഡർ. ബ്രസീൽ വിറച്ചു.

കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസിയുടെ തകര്‍പ്പന്‍ സേവുകളും ബ്രസീലിന് വിലങ്ങുതടിയായി. ആദ്യ പകുതിയിൽ ബ്രസീൽ തുടർ ശ്രമങ്ങൾ നടത്തി എങ്കിലും എപ്പാസിക്ക് എല്ലാം ഈസിയായിരുന്നു.

ആദ്യ മിനിറ്റ് തൊട്ട് ബ്രസീല്‍ ആക്രമിച്ച് കളിച്ചു. കാമറൂണും ആക്രമണങ്ങളില്‍ ഒട്ടും പിറകിലല്ലായിരുന്നു. മത്സരം തുടങ്ങി ആദ്യ ഏഴ് മിനിറ്റിനുള്ളില്‍ തന്നെ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ പിറന്നു. ബ്രസീലിന്റെ എഡര്‍ മിലിറ്റാവോയും കാമറൂണിന്റെ നൗഹു ടോളോയും മഞ്ഞക്കാര്‍ഡ് കണ്ടു. 14-ാം മിനിറ്റിലാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ ശ്രമം പിറന്നത്. മാര്‍ട്ടിനെല്ലിയുടെ ഒന്നാന്തരം ഹെഡ്ഡര്‍ കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസി തട്ടിയകറ്റി.

22-ാം മിനിറ്റില്‍ ഫ്രെഡിന് ബോക്‌സിനുള്ളില്‍ വെച്ച് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 28-ാം മിനിറ്റില്‍ ബ്രസീലിന് കാമറൂണ്‍ ബോക്‌സിന് തൊട്ടുപുറത്തുവെച്ച് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത് റോഡ്രിഗോയ്ക്ക് പിഴച്ചു. പന്ത് പ്രതിരോധമതിലില്‍ തട്ടിത്തെറിച്ചു. 32-ാം മിനിറ്റിലും ബ്രസീലിന് സമാനമായ ഫ്രീകിക്ക് ലഭിച്ചു. പക്ഷെ ഡാനി ആല്‍വസിന്റെ ദുര്‍ബലമായ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

38-ാം മിനിറ്റില്‍ യുവതാരം ആന്റണിയുടെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ ഡെവിസ് കൈയ്യിലൊതുക്കി. ബ്രസീല്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും കാമറൂണ്‍ പ്രതിരോധം അതിനെ സമര്‍ത്ഥമായി തന്നെ നേരിട്ടു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ മാര്‍ട്ടിനെല്ലിയുടെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍കീപ്പര്‍ ഡെവിസ് ഒരുവിധം തട്ടിയകറ്റി. പിന്നാലെ കാമറൂണ്‍ വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ തകര്‍പ്പന്‍ സേവിലൂടെ രക്ഷകനായി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും ഒരേ ഊർജ്ജം

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാമറൂണ്‍ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിട്ടു. 50-ാം മിനിറ്റില്‍ സൂപ്പര്‍താരം അബൗബക്കറുടെ ഉഗ്രന്‍ ഷോട്ട് ബ്രസീല്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. താരത്തിൻ്റെ ഷൂട്ടിങ് ശേഷി തന്നെയും ചോദ്യം ചെയ്യുന്ന പിഴവായിരുന്നു.

56-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മാര്‍ട്ടിനെല്ലി ഉഗ്രന്‍ ഷോട്ട് പോസ്റ്റിലേക്കുതിര്‍ത്തെങ്കിലും അവിശ്വസനീയമായി ഡെവിസ് അത് തട്ടിയകറ്റി. പിന്നാലെ മിലിറ്റാവോയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. പിന്നാലെ ആന്റണിയും ഒരു ശ്രമം നടത്തിയെങ്കിലും അതും പാളി. പിന്നാലെ ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 85-ാം മിനിറ്റില്‍ റാഫീന്യയുടെ ക്രോസില്‍ ബ്രൂണോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. 89-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം പെഡ്രോയും പാഴാക്കി.

എന്നാല്‍ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കാമറൂണ്‍ ഗോളടിച്ചു. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സൂപ്പര്‍ താരം വിന്‍സെന്റ് അബൗബക്കറാണ് കാമറൂണിനായി വലകുലുക്കിയത്. എന്‍ഗോം എംബെക്കെല്ലിയുടെ തകര്‍പ്പന്‍ ക്രോസിന് മനോഹരമായി തലവെച്ചുകൊണ്ട് അബൗബക്കര്‍ കാമറൂണിന് ചരിത്ര വിജയം സമ്മാനിച്ചു.

അബൂബക്കർക്ക് ഗോളിനൊപ്പം ചുവപ്പ് കാർഡും കിട്ടി

ജഴ്‌സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച അബൗബക്കര്‍ അതിൻ്റെ പേരിൽ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പുകാര്‍ഡ് വാങ്ങി കളിയിൽ നിന്നും പുറത്താവുകയും ചെയ്തു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...