ഹെെദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സീനിയർ പ്രൊഫസർ അറസ്റ്റിൽ. തായ് വിദ്യാർത്ഥിനി ഹിന്ദി വിഭാഗം അധ്യാപകനെതിരെ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. ഗച്ചിബൗളി പൊലീസ് ആണ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് പരാതിക്കിടയാക്കിയ സംഭവം.പ്രൊഫസർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ മർദിച്ചെന്നുമാണ് യുവതിയുടെ പരാതി. ‘കുറെക്കാലമായി പ്രൊഫസർ തന്നെ ലൈംഗികമായി ആക്രമിക്കാറുണ്ടായിരുന്നു എന്നും പരാതിക്കാരി ബോധിപ്പിച്ചു.
പ്രൊഫസറിനെതിരെ സെക്ഷൻ 354 പ്രകാരം കേസെടുത്തിട്ടുണ്ട്.
പരാതി കേൾക്കാൻ കൂട്ടാക്കാതെ സർവ്വകലാശാല
സംഭവം നടന്നതിന് പിന്നാലെ വിദ്യാർത്ഥി യൂണിയൻ നേതാക്കൾ മുഖേന സർവ്വകലാശാല അധികൃതരെ പരാതി അറിയിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രൊഫസർക്കെതിരെ നടപടിയാവശ്യപ്പെട്ട് രാത്രി മുഴുവൻ വിദ്യാർഥികൾ പ്രതിഷേധിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പിറ്റേന്ന് വിദ്യാർത്ഥി സംഘം സ്റ്റേഷനിൽ എത്തി അധ്യാപകനെതിരെ നേരിട്ട് പരാതി നൽകുകയായിരുന്നു.
വിദ്യാർത്ഥികളിലൊരാൾ പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച രാത്രി വിദ്യാർത്ഥികൾ ചേർന്ന് കാമ്പസിൽ ഒരു പാർട്ടി നടത്തിയിരുന്നു, അതിൽ ചില ഫാക്കൽറ്റി അംഗങ്ങളും പങ്കെടുത്തിരുന്നു. ഒത്തുചേരലിനിടെ, പ്രൊഫസർ തായ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ വിദ്യാർത്ഥിനി എതിർത്തതായുമാണ് വിവരം.


