പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍നിന്ന് കോഴിക്കോട് കോര്‍പ്പറേഷന്റെ ഫണ്ട് തട്ടിയെടുത്തത് സാങ്കേതികസംവിധാനത്തിൽ തകരാർ വരുത്തിയ ശേഷം. പണമിടപാട് വിവരം ആരും അറിയാത്ത രീതിയില്‍ സുരക്ഷാ സംവിധാനങ്ങളെ മാറ്റി മറിച്ചു. ആർക്കും ഇടപാട് സംബന്ധിച്ച സന്ദേശങ്ങൾ പോകാതെയാണ് പണം മാറ്റിയത്.
ബാങ്കില്‍ പണമിടപാടിന് മെയക്കർ ചെക്കര്‍ സംവിധാനമുണ്ട്. പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നല്‍കിയാല്‍ ഒരുദ്യോഗസ്ഥന്‍ പരിശോധിക്കും. തുടർന്ന് ഓഫീസര്‍ അതുറപ്പാക്കിയ ശേഷമാണ് ഇടപാട് നടക്കുക. ഈ സംവിധാനം പ്രവർത്തിച്ചിട്ടില്ല എന്നാണ് സംശയിക്കുന്നത്. ഇത് എന്ത് കൊണ്ട് എന്ന് ബാങ്ക് വിശദീകരിക്കേണ്ടി വരും. സന്ദേശ സംവിധാനവും പ്രവർത്തിച്ചില്ല. ഇടപാടിന്റെ വിശദാംശങ്ങള്‍ പണംപോയവര്‍ക്കോ അധികൃതര്‍ക്കോ അറിയാന്‍ കഴിയാഞ്ഞത് അതിനാലാണെന്നാണ് കരുതുന്നത്.
കോര്‍പ്പറേഷന്‍ ഫണ്ടിന് പുറമേ മറ്റൊരു അക്കൗണ്ടില്‍നിന്ന് 18 ലക്ഷവും നഷ്ടമായതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടാതെ വേറെയും ലക്ഷങ്ങള്‍ ചില അക്കൗണ്ടുകളില്‍ നിന്ന് പോയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കാര്‍ഷികലോണുമായി ബന്ധപ്പെട്ടതാണ് 18 ലക്ഷത്തിന്റെ പരാതി. ചില അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ച പണം തിരിച്ചിട്ടതായും സൂചനയുണ്ട്. കോര്‍പ്പറേഷന്റെ 15.24 കോടിയാണ് നഷ്ടപ്പെട്ടത്.
കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍നിന്ന് പണം പോയപ്പോഴൊന്നും എസ്.എം.എസ്. വന്നില്ലെന്ന് തട്ടിപ്പിന് ഇരയായവർ വ്യക്തമാക്കിയിരുന്നു. കൂടാതെ ഫണ്ട് മറ്റിയതിന്റെ സ്റ്റേറ്റ്മെന്റിലും ‘ട്രാന്‍സ്ഫര്‍’ എന്ന് മാത്രമാണുണ്ടായിരുന്നത്. ആര്‍ക്ക് പണമിടുന്നുവെന്നതിന്റെ വിവരണം നല്‍കാത്തതിനാല്‍ വിശദാംശവും ലഭ്യമായില്ല.
ബാങ്കില്‍ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍പോലും സംശയത്തിൻ്റെ നിഴലിലാണ്. ചെന്നൈയില്‍നിന്നുള്ള ഓഡിറ്റിങ് പൂര്‍ത്തിയായിട്ടുണ്ട് തിരിമറിയുടെ വ്യാപ്തി പുറത്തുവിട്ടിട്ടില്ല. ഇതെല്ലാം ഒരാൾ ഒറ്റയ്ക്ക് ചെയ്തു എന്ന മുൻവിധിയിലാണ് ഇപ്പോൾ അന്വേഷണങ്ങൾ. എന്നാൽ ഇത് എങ്ങിനെ സാധ്യമായി എന്ന് ബാങ്ക് വിശദീകരിക്കേണ്ടി വരും.
ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാങ്കില്‍നിന്നുള്ള റിപ്പോര്‍ട്ടിനനുസരിച്ചാണ് തുടരന്വേഷണമുണ്ടാവുക.
ജാമ്യ ഹർജിയിലെ വാക്കുകൾ ചൂണ്ടുന്നത് കൂട്ടായ തട്ടിപ്പിലേക്ക്
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍നിന്ന് കോര്‍പ്പറേഷന്റെ ഫണ്ട് തട്ടിയെടുത്ത കേസില്‍ മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
തന്റെ വിരലടയാളവും പാസ്വേഡും ബാങ്കിലെ ചിലര്‍ ഉപയോഗിക്കുകയായിരുന്നെന്ന് ജാമ്യഹര്‍ജിയില്‍ റിജില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ കോര്‍പ്പറേഷന് പണം തിരികെ നല്‍കിയത് ആരാണെന്ന് അന്വേഷിച്ചാല്‍ തട്ടിപ്പുനടത്തിയവരെ കണ്ടെത്താനാകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.


