ഇറാൻ മതകാര്യ പൊലീസിനെ പിൻവലിച്ചു, മഹ്സ അമിനിയുടെ രക്തസാക്ഷിത്വം വിമോചനമായി

ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കീഴടങ്ങി ഇറാൻ ഭരണകൂടം മതകാര്യ പോലീസിനെ പിന്‍വലിച്ചു. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിൻ്റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതിയെ മത പോലീസ് കൊലപ്പെടുത്തിയിരുന്നു. ഇതിന് തുടർച്ചയായി മത പൊലീസിങിന് എതിരെ ആഗോള തലത്തിൽ തന്നെ പ്രതിഷേധം രൂപപ്പെട്ടു. ഇറാനില്‍ പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാനുള്ള മത യാഥാസ്ഥിതിക ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഭരണകൂടം പ്രാകൃത നിയമത്തിൽ നിന്നും പിൻമാറിയത്.

മതകാര്യ പോലീസിനെ പിന്‍വലിച്ചതായി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതകാര്യ പോലീസിന് രാജ്യത്തെ നിയമസംവിധാനത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഹിജാബ് നിമയത്തിൽ മാറ്റം വരുത്തിയിട്ടില്ല.

പ്രക്ഷോഭകരെ ദേശദ്രോഹികളും വിഘടനവാദികളുമാക്കി

2005 ലാണ് ‘Gasht-e Ershad’ എന്ന പേരിലുള്ള മത പൊലീസിങ് സംവിധാനം നടപ്പാക്കിയത്. മതനിയമങ്ങൾ തെറ്റിക്കുന്നവരെ ശിക്ഷിക്കുകയായിരുന്നു സേനയുടെ ഉത്തരവാദിത്വം. 300 ൽ അധികം ആളുകൾ ഇവരാൽ കൊല്ലപ്പെട്ടതായി ഇറാനിയൻ സർക്കാർ തന്നെ പിന്നീട് സമ്മതിച്ചു. വിഘടന വാദികളും ദേശ വിരുദ്ധരുമായ ശക്തികളാണ് പ്രക്ഷോഭത്തിന് പിന്നിൽ എന്നായിരുന്നു ആദ്യ ഘട്ടത്തിൽ ഭരണകൂട വിശദീകരണം. പാശ്ചാത്യ രാജ്യങ്ങളുടെ ചാര പ്രവർത്തനവും ആരോപിച്ചു.

മെഹ്‌സ അമീനിയുടെ മരണത്തിനു ശേഷം ഇറാനില്‍ മതകാര്യ പോലീസിൻ്റെ സാന്നിധ്യം കുറയ്ക്കേണ്ടി വന്നിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം ചോദിച്ചപ്പോഴാണ് മതകാര്യ പോലീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് നിർബന്ധിക്കുന്ന നിയമത്തില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച് കൂടിയാലോചന നടക്കുകയാണെന്ന് അറ്റോർണി ജനറൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക നിയമങ്ങളാണ് ഇറാനില്‍ നിലനില്‍ക്കുന്നത്. 2006-ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ‘അച്ചടക്കത്തിന്റെയും ഹിജാബിന്റെയും സംസ്‌കാരം ഉറപ്പുവരുത്തുന്നതിന്’ ഗാഷ്ദ് ഇ ഇര്‍ഷാദ് എന്ന പേരിലുള്ള മതകാര്യപോലീസിന് രൂപംനല്‍കിയത്. ഇതിനു ശേഷം സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കപ്പെടുകയും നിയമലംഘനം ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നൂറുകണക്കിന് യുവതികൾ തെരുവുകളിൽ പരസ്യമായി ശിരോവസ്ത്രം കത്തിച്ചു കൊണ്ട് പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു.

മഹ്സ അമിനിയുടെ രക്തസാക്ഷിത്വം ലോകം നെഞ്ചിലേറ്റി

സ്വാതന്ത്ര്യത്തിനും ആധുനിക സംസ്കാരത്തിനും പേരു കേട്ട സാംസ്കാരിക പൈതൃകം പാടെ തച്ചുടച്ചാണ് മതയാഥാസ്ഥിതിക നേതൃത്വം അധികാരം ഉറപ്പിച്ചത്. നിരവധി പേർക്ക് മത പൊലീസിനാൽ ജീവൻ നഷ്ടമായ അവസ്ഥയുണ്ടായി.

2022 സെപ്തംബര്‍ 17-ന് ആണ് മഹ്‌സ അമിനി എന്ന 22 വയസ്സുകാരി പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചാണ് മഹ്‌സയെ ടെഹ്‌റാനില്‍നിന്ന് മതകാര്യ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്‌സ മരണപ്പെട്ടു. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് കണ്ടെത്തിയത്. ഇത് നീണ്ട പ്രക്ഷോഭങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ഇടയാക്കി. ലോകത്തിലെ തന്നെ പ്രാകൃത മത നിയമങ്ങൾക്ക് എതിരായ അടുത്ത കാലത്തെ ഏറ്റവും ശക്തമായ ചെറുത്തു നിൽപ്പായി ഇറാനിലെ പ്രക്ഷോഭം വളർന്നു.

മത നിയമത്തിൽ ഞെരിഞ്ഞമർന്ന തലമുറകൾ

ഹിജാബ് നിയമവും സ്ത്രീകൾക്ക് എതിരായ നിയന്ത്രണങ്ങളും ഇറാനിലെ സ്ത്രീജിവിതത്തെ അരികു വൽക്കരിച്ചു. നൂറുകണക്കിന് പ്രൊഫഷണലുകൾ തൊഴിൽ മതിയാക്കി. പലരും വിദേശ രാജ്യങ്ങളിൽ ജോലി തേടി പോയി. ശേഷിച്ചവർ വ്യക്തിത്വം നഷ്ടമായ അവസ്ഥയിൽ ഒടുങ്ങി. ഡോക്ടർ,നഴ്സ്, അധ്യപികമാർ എന്നിങ്ങനെ പൊതു സമൂഹത്തിൽ ഇടപെടുന്നവർ നിസ്സഹായരായി. 1979 മുതൽ തന്നെ ഇിതിനെതിരായ ചെറുത്തു നിൽപ്പുകൾ ആരംഭിച്ചു എങ്കിലും അടിച്ചമർത്തപ്പെട്ടു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...