പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ലോകകപ്പ് ഫുട്ബോൾ ക്വാര്‍ട്ടറില്‍. ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ ക്ഷീണിച്ച് മടങ്ങുന്നത്. മൂന്ന് പൂജ്യത്തിനായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം. 2018 ലും സ്പെയിൻ പ്രീക്വാർട്ടറിൽ മടങ്ങേണ്ടി വന്നിരുന്നു.
സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി ഗോളി യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി. കാര്‍ലോസ് സോളറിന്റെയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെയും കിക്കുകളാണ് ബോനു തടുത്തിട്ടത്. പാബ്ലോ സരാബിയ എടുത്ത കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. അൽഭുതകരമായ ഒരു ഗോൾ നിർഭാഗ്യത്തിൻ്റെ നിമിഷാർദ്ധത്തിൽ നഷ്ടമാവുകയായിരുന്നു.
മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്‌റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു. ബദര്‍ ബെനൗണിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തു.
നിശ്ചിത സമയത്തും അധികസമയത്തും ഗോൾ പിറന്നില്ല. 120 മിനിറ്റിലുടനീളം 13 ഷോട്ടുകളാണ് സ്‌പെയിനിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതില്‍ ലക്ഷ്യം കണ്ടത് ഒന്നുമാത്രം. പതിവുപോലെ പന്തടക്കത്തില്‍ മുന്നില്‍നിന്ന സ്‌പെയിനിന് പക്ഷേ മൊറോക്കന്‍ പ്രതിരോധം ഭേദിക്കാനായില്ല. മൊറോക്കോ ശരിക്കും മതിൽ കെട്ടുകയായിരുന്നു. കളിയുടെ അഴകിനെക്കാൾ കരുത്തിനും ഊർജ്ജത്തിനും മുൻതൂക്കം നൽകി.
പന്തടക്കത്തില്‍ സ്‌പെയിനായിരുന്നു മുന്നില്‍.തുടക്കത്തില്‍ മൊറോക്കന്‍ പ്രതിരോധം ഭേദിച്ച് ഡിയില്‍ പോലും പന്തെത്തിക്കാന്‍ സ്പാനിഷ് ടീമിനായില്ല. സ്‌പെയിനിനെ തനത് പൊസഷന്‍ ഗെയിം കളിക്കാന്‍ വിടാതെ ഫിസിക്കല്‍ ഗെയിം കളിച്ച് പന്ത് റാഞ്ചി അതിവേഗം കൗണ്ടര്‍ അറ്റാക്കിനിറങ്ങുക എന്നതായിരുന്നു മൊറോക്കോയുടെ പദ്ധതി. വലതുവിങ്ങില്‍ അഷ്‌റഫ് ഹക്കീമിയുടെയും ഹക്കീം സിയെച്ചിന്റെയും സാന്നിധ്യം ഇതിന് അവര്‍ക്ക് മുന്‍തൂക്കം നല്‍കി. തന്ത്രം വിജയിക്കയും ചെയ്തു.
മൊറോക്കന്‍ പ്രതിരോധം ഉറച്ച് നിന്നതോടെ മിഡ്ഫീല്‍ഡില്‍ പെഡ്രിക്കും ഗാവിക്കും കളിക്കാനാവശ്യമായ സ്‌പേസ് ലഭിച്ചില്ല. ഇതോടെ മുന്നേറ്റത്തില്‍ ഡാനി ഓല്‍മോയ്ക്കും മാര്‍ക്കോ അസെന്‍സിയോക്കും ഫെരാന്‍ ടോറസിനും പന്ത് ലഭിക്കാതെ വന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ ഇരു ടീമും തുടക്കത്തില്‍ ലഭിച്ച സ്‌പേസ് മുതലെടുത്ത് മികച്ച ആക്രമണങ്ങള്‍ നടത്തി.
അധികസമയത്ത് പൂര്‍ണമായും പന്ത് സ്പാനിഷ് താരങ്ങളുടെ കാലില്‍ തന്നെയായിരുന്നു. ഈ സമയം മികച്ച മുന്നേറ്റങ്ങള്‍ ഒരുക്കാനായെങ്കിലും മൊറോക്കന്‍ പ്രതിരോധം ഭേദിക്കാന്‍ പക്ഷേ അവര്‍ക്കായില്ല.
പോര്‍ച്ചുഗല്‍ – സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരവിജയികളെയാകും മൊറോക്കോ ക്വാര്‍ട്ടറില്‍ നേരിടുക.


