സില്‍വര്‍ലൈന്‍ ഭാവിയിലെ കേരളത്തിന്റെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നും നാലും ലൈനുകള്‍ ഇടുന്നതിനു തടസമാകും. പ്ലാന്‍ അനുസരിച്ച് ഏകദേശം 200 കി.മീ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായിട്ടാണ് സില്‍വര്‍ലൈന്‍ കടന്നു പോവുന്നത്.
ഇതിന് 15 മീറ്ററോളം റെയില്‍വേ ഭൂമി വേണ്ടി വരും. പദ്ധതിക്ക് റെയില്‍വേ ബോര്‍ഡ് തത്വത്തിലുള്ള അംഗീകാരം മാത്രമാണ് നല്‍കിയത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട സാങ്കേതിക വിവരങ്ങള്‍ കെ റെയില്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ എതിർപ്പിനെ തുടർന്ന് സംസ്ഥാന സർക്കാർ നിർത്തി വെച്ചിരിക്കയാണ്. ഇതിനിടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിൻ്റെ തലയിൽ ഇടുകയും ചെയ്തു. കേന്ദ്രം അനുമതി തന്നാൽ നോക്കാം എന്നാണ് അവസാനത്തെ സംസ്ഥാന സർക്കാരിൻ്റെതായി വന്ന വിശദീകരണം.
കേരളത്തിലെ റെയിൽ വേ ലൈനുകൾ ഇനിയും വികസിപ്പിക്കാൻ അസാധ്യമായ നിലയിലാണ്. ഇതിനുള്ള പദ്ധതികളാവട്ടെ ഒന്നും പഠനത്തിൽ പോലും ഇല്ല. ഇതര മേഖലകിൽ എല്ലാം ലോക നിലവാരത്തിലേക്ക് ഉയരുന്ന സംസ്ഥാനം ഉപരിതല സൌകര്യങ്ങളുടെ കാര്യത്തിൽ പതിറ്റാണ്ടുകൾ പിന്നിലാണ്. 25 വർഷം മുൻപ് നടക്കേണ്ടിയിരുന്ന വികസനമാണ് ദേശീയപാതയിൽ നടക്കുന്നത്. ഇതിനിടയിലാണ് കെ റെയിൽ പദ്ധതി ഭരണ പ്രതിപക്ഷ യുദ്ധങ്ങളുടെയും കേന്ദ്ര രാഷ്ട്രീയത്തിൻ്റെയും ഇടയിൽ പെട്ടുപോയത്.


