അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചു ലഭിച്ച ഹിമാചൽ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരം ഏറ്റുമുട്ടലിലേക്ക്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിലേക്ക് കേന്ദ്ര നിരീക്ഷകനായി അയച്ച ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിൻ്റെ വാഹനവ്യൂഹമാണ് പ്രതിഭാ അനുകൂലികള്‍ തടഞ്ഞത്.
എംപിയായ പ്രതിഭാ സിങ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. പാര്‍ട്ടി അധ്യക്ഷയായ അവര്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങിന്റെ ഭാര്യയാണ്. അവരെ മുഖ്യമന്ത്രിയാക്കണം എന്നാണ് ആവശ്യം.
68 അംഗ ഹിമാചല്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരം നേടിയത്. 25 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.
പ്രതിഭാ സിങിനെ കൂടാത് ഹിമാചല്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷന്‍ സുഖ്വിന്ദര് സുഖു, മുന്‍പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയും കസേര ലക്ഷ്യമിട്ട് മുന്നിലുണ്ട്.


